ജാമിഅ നൂരിയ്യ സമ്മേളനത്തിന് ഒരുക്കങ്ങളായി
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ് ദാന സമ്മേളനം 14, 15, 16 തിയതികളില്‍ നടക്കും. വിദേശ രാജ്യങ്ങളില്‍നിന്നുള്ള മത പണ്ഡിതരും ഭരണകര്‍ത്താക്കളും പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പണ്ഡിത സംഗമം ഇന്ന് രാവിലെ 11ന് നടക്കും. ഈജിപ്റ്റിലെ ഗ്രാന്റ് മുഫ്തി അലി ജുമുഅ സംബന്ധിക്കും. ജാമിഅ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിക്കും.
ഇന്ത്യയിലെ ഈജിപ്റ്റ് അംബാസഡര്‍ ഡോ. ഖാലിദ് അല്‍ ബക്്ലിയും വിശിഷ്ടാതിഥിയായി എത്തും. സമ്മേളനത്തില്‍ സംബന്ധിക്കാനായി എത്തിയ ഇരുവരേയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജാമിഅ നൂരിയ്യ അറബി കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ. ആലിക്കുട്ടി മുസ്്ല്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 3.45ന് സിയാറത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. 6.30ന് ആദര്‍ശ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. പ്രാര്‍ത്ഥനാ സമ്മേളനത്തിന് സമസ്ത വൈസ് പ്രസിഡന്റ് സി.കോയക്കുട്ടി മുസ്ലിയാര്‍ ആനക്കര നേതൃത്വം നല്‍കും. ശനിയാഴ്ച മഹല്ല് പ്രതിനിധി സംഗമം, വിദ്യാഭ്യാസ സമ്മേളനം, അറബി കോണ്‍ഫറന്‍സ്, പ്രാസ്ഥാനിക സമ്മേളനം തുടങ്ങിയവ നടക്കും. ഞായറാഴ്ച മാധ്യമ സെമിനാര്‍ , ഒസ്ഫോജ്ന കണ്‍വെന്‍ഷന്‍, ഉലമ കോണ്‍ഫറന്‍സ്, കന്നഡ വിദ്യാര്‍ത്ഥി സംഗമം എന്നിവ നടക്കും.
ഞായറാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസല്യാര്‍ സനദ് ദാന പ്രസംഗം നടത്തും. പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസല്യാര്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.




