അറിവിന്റെ പൊന്‍വെളിച്ചം വിതറി ജാമിഅ:
ഫെസാബാദ്: മതപഠന സമ്പ്രദായം പരിഷ്കരിക്കുന്നതിന്റെ പേരില്‍ പരമ്പരാഗതമായ വിജ്ഞാ ന സമ്പാദനരീതി തകരാന്‍ അനുവദിക്കരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉലമാ കോണ്‍ഫ്രന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ അനന്തരാവകാശികളായ പണ്ഡിതസമൂഹം ഇസ്ലാമിക വിജ്ഞാനത്തെ എത്ര ത്യാഗം സഹിക്കേണ്ടി വന്നാലും തലമുറകളിലേക്ക് കൈമാറുന്ന കാര്യത്തില്‍ ബദ്ധശ്രദ്ധരാകണം. മഹാന്‍മാരായ പൂര്‍വിക പണ്ഡിതരുടെ നിഴല്‍പാടുകള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നതെന്നും അവര്‍ കാണിച്ച പാത നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടുപോകാന്‍ പുതിയ തലമുറ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൗതികമായ താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമായി ആത്മീയ ജ്ഞാനത്തെ ഉപയുക്തമാക്കരുതെന്ന് അദ്ദേഹം ഉണര്‍ത്തി. പഴയകാലത്തെ ജ്ഞാനസമ്പാദനം കടുത്ത വിശപ്പും ദാരിദ്യ്രവും സഹിച്ചുകൊണ്ടായിരുന്നു. അറിവിനെ കൂടുതല്‍ സമ്പന്നമാക്കിയത് ദൈന്യത നിറഞ്ഞ അന്നത്തെ അനുഭവങ്ങളായിരുന്നുവെന്നും സമസ്ത പ്രസിഡണ്ട് യുവപണ്ഡിതരെ ഓര്‍മപ്പെടുത്തി.
പണ്ഡിതര്‍ക്കും സാമാന്യജനങ്ങള്‍ക്കും ആശാകേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വം നല്‍കിയ പ്രവര്‍ത്തനങ്ങളാണ് കേരളീയ പണ്ഡിതരെ പ്രവാചകപാതയില്‍ തന്നെ അണിനിരത്തിയതെന്നും അദ്ദേഹം പറഞ്ഞു.ഉലമാ സമ്മേളനത്തില്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് കോളജ് പ്രിന്‍സിപ്പല്‍ ഉസ്മാന്‍ മുഹ്യുദ്ദീന്‍ ഹസ്രത്ത്, വൈസ് പ്രിന്‍സിപ്പല്‍ മൗലാനാ സഈദലി ഹസ്രത്ത്, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രസംഗിച്ചു.എം.ടി. അബ്ദുല്ല മുസ്ലിയാര്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, എം.എം. മുഹ്യുദ്ദീന്‍ മുസ്ലിയാര്‍ ആലുവ, ഇ.കെ. മുഹമ്മദ് മുസ്ലിയാര്‍, മാണിയൂര്‍ അഹമ്മദ് മൗലവി പങ്കെടുത്തു. സി.കെ. അബ്ദുറഹിമാന്‍ ഫൈസി അരിപ്ര സ്വാഗതവും അന്‍വര്‍ സാദത്ത് പൊഴുതന നന്ദിയും പറഞ്ഞു.
ഫൈസാബാദ്: കര്‍ണാടകയില്‍ അഹ്ലുസ്സുന്നത് വല്‍ ജമാഅത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായി വരികയാണെന്നും മത പഠനത്തിന് ജാമിഅഃയോട് അഫിലിയേറ്റ് ചെയ്തുകൊണ്ടുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണെന്നും പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രസ്താവിച്ചു. ജാമിഅഃ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കന്നട വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഗമത്തില്‍ ദക്ഷിണ കന്നട ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കന്നട വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ "അല്‍ മിസ്ബാഹ്' മാഗസിന്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രകാശനം ചെയ്തു. സി.കെ. ഇബ്രാഹീം ഏറ്റുവാങ്ങി. ശൈഖ് മുഹമ്മദ് ഫൈസി ഇര്‍ഫാനി അല്‍ അസ്ഹരി, യു.ടി. ഖാദര്‍, ഉസ്മാന്‍ ഫൈസി, അബ്ദുള്ള ഫൈസി, ശരീഫ് ഫൈസി സലീം ഇര്‍ഫാനി, അന്‍സാറുദ്ദീന്‍ ഇര്‍ഫാനി എന്നിവര്‍ പ്രസംഗിച്ചു. അബ്ബാസ് കാക്കൂര്‍ സ്വാഗതം പറഞ്ഞു.




