Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
'ഈജിപ്ത് മുഫ്തിയുടെ സന്ദര്‍ശനം കാന്തപുരം മുടക്കി'
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയയില്‍ ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി നിശ്ചയിച്ച സന്ദര്‍ശനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ബോധപൂര്‍വം മുടക്കിയതാണെന്ന് സമസ്ത മുശാവറ അംഗവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ആരോപിച്ചു.ജാമിഅ നൂരിയയുടെ സനദ്ദാന സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.മര്‍കസ് സമ്മേളനം കണക്കിലെടുത്ത് ജാമിഅ സനദ്ദാന സമ്മേളനം ഒരാഴ്ചത്തേക്ക് നീട്ടിവെച്ചിട്ടും ഈ രീതിയിലാണ് കാന്തപുരം പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
         ഗ്രാന്‍ഡ് മുഫ്തി ജാമിഅ സന്ദര്‍ശിക്കുമെന്ന് ഈജിപ്ത് അംബാസഡറുടെ ഓഫിസ് അറിയിച്ചതിനെത്തുടര്‍ന്ന് താന്‍ ഖത്തര്‍ സന്ദര്‍ശനം ഒഴിവാക്കി മടങ്ങിയതാണ്. തിരിച്ച് വരുംവഴി കോഴിക്കോട് വിമാനത്താവളത്തില്‍ ഗ്രാന്‍ഡ് മുഫ്തിയേയും അംബാസഡറെയും കണ്ടിരുന്നു. ഇരുവരും സന്ദര്‍ശനം സ്ഥിരീകരിച്ചപ്പോള്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടെയുണ്ടായിരുന്നു. വരാമെന്നു പറഞ്ഞ ഞായറാഴ്ച ജാമിഅയില്‍ ഫൈസി സംഗമം നടക്കുന്ന കാര്യം അറിയിച്ചപ്പോള്‍ അടുത്ത ദിവസം വരാമെന്ന് അറിയിച്ചു. പിന്നീട് വിവരമൊന്നും കിട്ടാതെ വന്നപ്പോഴാണ് അങ്ങോട്ട് അന്വേഷിച്ചത്. മര്‍കസ് പരിപാടി കഴിഞ്ഞ് വരുമ്പോഴേക്കും വിമാനത്തിന് സമയമാകുമെന്നും ജാമിഅയില്‍ എത്തില്ലെന്നുമാണ് വിവരം കിട്ടിയത്. ബോധപൂര്‍വമുള്ള നീക്കമാണ് ഇതിന് പിന്നില്‍.
       മര്‍കസ് സമ്മേളനത്തില്‍ മുസ്‌ലിംലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ. അഹമ്മദും പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കരുത് എന്നൊരു വ്യവസ്ഥയാണ് മുശാവറ മുന്നോട്ട് വെച്ചതെന്നും മറ്റ് ലീഗ് നേതാക്കള്‍ പങ്കെടുക്കുന്നതിനെ വിലക്കിയിട്ടില്ലെന്നും ആലിക്കുട്ടി മുസ്‌ലിയാരും ഹൈദരലി ശിഹാബ് തങ്ങളും പറഞ്ഞു. സുന്നി വിഭാഗങ്ങളുടെ ലയനം ചര്‍ച്ച ചെയ്യാന്‍ സ്ഥിരം വേദിയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയാറാണെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.