വിശ്വാസ്യത : വിജയത്തിലേക്കുള്ള വഴി
മനുഷ്യ കുലത്തെ സമൂഹജീവിയായി സ്യഷ്ടിച്ച അല്ലാഹു ഈ ജീവിതത്തിന്റെ വിജയത്തിനും പ്രായോഗികതക്കും അനിവാര്യമായ പല സ്വഭാവ വിശേഷങ്ങളെയുമുള്‍ക്കൊള്ളാന്‍ മനുഷ്യ സമൂഹത്തെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സ്വഭാവ വിശേഷങ്ങളുടെ അദ്ധ്യാപനവും , പരിപാലനവുമാണ് പ്രവാചക നിയോഗങ്ങള്‍ക്കു പിന്നില്‍ പോലും അല്ലാഹു ലക്ഷീകരിച്ചിരിക്കുന്നത് എന്നു കാണാം. അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി ( സ) തങ്ങളുടെ ഒരു തിരുവചനം ഇപ്രകാരമാണ് 'ീര്‍ച്ചയായും ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഉത്തമമായ സ്വഭാവവിശേഷണങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ്'
സാമൂഹ്യ ജീവിതത്തിന്റെ അടിത്തറക്കു ഭദ്രത നല്‍കുന്ന ഇത്തരം സ്വഭാവഗുണങ്ങളില്‍ സുപ്രധാന സ്ഥാനമര്‍ഹിക്കുന്ന ഒന്നാണ് വിശ്വാസ്യത. പരസ്പരമുള്ള ഇടപാടുകളിലും , വാഗ്ദാന പാലനങ്ങളിലുമെല്ലാം സുതാര്യതയും, സംശുദ്ധിയും കാത്തു സൂക്ഷിക്കുവാനും അതു വഴി തന്റെ സഹജീവികളുടെ ബഹുമാനവും, അംഗീകാരവും നേടിയെടുക്കുവാനും ഈ ശീലം മനുഷ്യനെ പ്രാപ്തമാക്കുന്നു. ജീവിത വ്യതമായി മനുഷ്യന്‍ സ്വീകരിക്കേണ്ട ഈ സ്വഭാവഗുണം വിവിധ മേഖലകളുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നതാണ് എന്നു കാണാം. ഇദം പ്രഥമമായി തന്റെ സ്യഷ്ടാവായ അല്ലാഹുവിനോട് തന്നെയാണ് സ്യഷ്ടിയായ മനുഷ്യന്‍ വിശ്വാസ്യത പുലര്‍ത്തേണ്ടത്. അല്ലാഹുവിനോടുള്ള ആരാധനാകര്‍മ്മങ്ങളില്‍ നിഷ്‌കളങ്കത പുലര്‍ത്തിയും, അവനോടുള്ള വിധേയത്വത്തില്‍ സത്യ സന്ധതകൈമുതലാക്കിയും ,നിഷിദ്ധ കാര്യങ്ങളില്‍ നിന്ന് കണിശമായി അകലം പാലിച്ചും ഈ വിശ്വാസ്യത മനുഷ്യന്‍ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. 'ീര്‍ച്ചയായും നിങ്ങളുടെ ആജന്മ ശത്രുവായ പിശാചിനെ ആരാധിക്കരുതെന്ന എന്റെ ഉടമ്പടിയെ നിങ്ങള്‍ പാലിക്കുകയും , നേരായ മാര്‍ഗം പിന്തുടര്‍ന്ന് എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുകയും'വേണമെന്നാണ് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മനുഷ്യനെ ഉല്‍ബോധിപ്പിക്കുന്നത്. ജനങ്ങള്‍ പരസ്പരമുള്ള പരസ്പരം ബാധ്യതകളിലും നിയമാനുസ്യതമായ കരാറുകളിലും ഇതേ വിശ്വാസ്യതയുടെ നിലപാടു തന്നെ കാത്തു സൂക്ഷിക്കണമെന്നും അല്ലാഹു കല്‍പിച്ചിട്ടുണ്ട്. കച്ചവടപരമായും മറ്റും ജനങ്ങള്‍ക്കിടയില്‍ പരസ്പരം നിലനില്‍ക്കേണ്ട സുതാര്യതയും വിശ്വസ്തതയും വളരെ പ്രാധാന്യ പൂര്‍വ്വമാണ് ഇസ്ലാം നോക്കിക്കാണുന്നത്. ശുഐബ് നബി (അ) തന്റെ സമൂഹത്തോട് സംവദിക്കുന്നതായി അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഉദ്ധരിച്ച ചില വാക്യങ്ങള്‍ ഇപ്രകാരമാണ്. 'ിങ്ങള്‍ അളവുതൂക്കങ്ങളില്‍ കണിശത പുലര്‍ത്തുകയും, ജനങ്ങളെ വഞ്ചിക്കാതിരിക്കുകയും ചെയ്യുക അളവുതൂക്ക സംബന്ധമായ ഇടപാടുകള്‍ക്ക് ക്യത്യമായ മാനദണ്ഢങ്ങള്‍ മാത്രം ഉപയോഗിക്കുകയും, ഭൂമിയില്‍ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നതില്‍ നിന്ന് നിങ്ങള്‍ അകന്നു നില്‍ക്കുകയും ചെയ്യുക'
വിശ്വാസ്യത കൈമുതലാക്കാന്‍ നിരന്തരം ഉല്‍ബോധിപ്പിച്ചതോടൊപ്പം, വിശ്വാസ്യത കൈമുതലാക്കി ലോകചരിത്രത്തില്‍ തങ്ങളുടെ ഇടം രേഖപ്പെടുത്തിയ പല ഉന്നത വ്യക്തിത്വങ്ങളുടെയും ചരിത്രം പ്രതിപാദിക്കുക കൂടി ചെയ്തിട്ടുണ്ട് വിശുദ്ധ ഖുര്‍ആന്‍. തന്റെ സ്യഷ്ടാവായ അല്ലാഹുവിനോട് അപാരമായ വിധേയത്വവും വിശ്വസ്തയും പ്രകടിപ്പിക്കുകയും അങ്ങനെ അല്ലാഹുവിന്റെ ഏതൊരു കല്‍പനയേയും അക്ഷരം പ്രതി അനുസരിച്ചും, അല്ലാഹു വിരോധിച്ച കാര്യങ്ങളില്‍ നിന്ന് പരിപൂര്‍ണ്ണമായി അകലം പാലിച്ചും ലോകത്തിന് അതുല്യമായ മാത്യക സ്യഷ്ടിക്കുകയും ചെയ്ത ഇബ്രാഹീം നബി (അ) ന്റെയും, ജനങ്ങളുമായും അല്ലാഹുവുമായുമുള്ള മുഴുവന്‍ ഇടപാടുകളിലും നൂറുശതമാനം സത്യ സന്ധത പുലര്‍ത്തിയ ഇസ്മായീല്‍ നബി (അ) ന്റെയുമൊക്കെ ചരിത്രാഖ്യാനത്തിന് ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യം ഈ വിഷയവുമായി തന്നെയാണ് ബന്ധപ്പെട്ടു കിടക്കുന്നത് എന്നു കാണാം.
അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ) ജീവിതത്തിലും, വിജയകരമായ അവിടുത്തെ ദൗത്യ പൂര്‍ത്തീകരണത്തിലും ഈ സ്വഭാവഗുണം ചെലുത്തിയ സ്വാധീനം അപാരമായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. തന്നെ കച്ചവട ദൗത്യമേല്‍പിച്ച സമയം മുതല്‍ ബീവി ഖദീജ (റ) യോട് അവിടുന്ന് പുലര്‍ത്തിയ വിശ്വാസ്യതയും, തുടര്‍ന്ന് കുടുംബജീവിതത്തില്‍ തന്റെ ഇണയായി വന്ന ആ മഹതിയോട് അവരുടെ മരണശേഷം പോലും അവിടുന്ന് നില നിര്‍ത്തിയ സ്‌നേഹ നിര്‍ഭരമായ
അനുഭാവവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. ഖദീജാ ബീവിയുടെ വഫാത്തിനും വര്‍ഷങ്ങള്‍ കഴിഞ്ഞും അവരുടെ കീര്‍ത്തനങ്ങള്‍ പറഞ്ഞും അവരുടെ കൂട്ടുകാരികള്‍ക്ക് സമ്മാനങ്ങള്‍ കൊടുത്തയച്ചും, ആ ബന്ധത്തിന്റെ ഊഷ്മളത പ്രവാചകര്‍ കാത്തു സൂക്ഷിച്ചു. ആഇശാ ബീവി (റ) ഉദ്ധരിക്കുന്ന ഒരു സംഭവം ഇപ്രകാരം വായിക്കാം 'ഒരിക്കല്‍ നബിയുടെ സദസ്സിലേക്ക് പ്രായം ചെന്ന് അവശയായ ഒരു സ്ത്രീ കടന്നുവന്നു. പ്രവാചകര്‍ (സ) അവരെ കാര്യമായി പരിഗണിക്കുകയും ദീര്‍ഘമായി കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. അവര്‍ യാത്രയായപ്പോള്‍ പ്രവാചകരോട് ഞാന്‍ ചോദിച്ചു അല്ലാഹുവിന്റെ പ്രവാചകരേ ഇത്രയും പ്രായമായ ഒരു സ്ത്രീയോട് അങ്ങ് അസാധാരണമായ ഈ പരിഗണന കാണിക്കാന്‍ കാരണമെന്താണ്? ഉടനെ പ്രവാചകര്‍ (സ) പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു അല്ലയോ ആഇശാ ഖദീജാബീവിയുടെ ജീവിത കാലത്ത് എന്റെയടുക്കല്‍ വരാറുണ്ടായിരുന്നവരാണ് ആ സ്ത്രീ അതുകൊണ്ട് ആ ബന്ധത്തിന്റെ ഓര്‍മ പുലര്‍ത്തുന്ന കാര്യങ്ങള്‍ നിലനിര്‍ത്തുന്നത് വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടാണ് ഞാന്‍ അവരെ ഇത്രയും പരിഗണിച്ചത്'
തന്റെ ഗുരുനാഥരെ ബഹുമാനിച്ചും , അവരോട് സ്‌നേഹം പുലര്‍ത്തിയും, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചും, അവരുമായുള്ള വിശ്വാസ്യതയും നാം പുലര്‍ത്തണം .തന്റെ ഗുരുവര്യരായ ഇമാം ശാഫിഈ (റ) വിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും, പാപമോചനം തേടുകയും ചെയ്യാതെ മുപ്പതു വര്‍ഷത്തോളം ഒരൊറ്റ രാത്രിയും തനിക്കു കഴിഞ്ഞു പോയിട്ടില്ലെന്ന് ഇമാം അഹ്മദ് (റ) പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
തന്റെ സുഹ്യത്തുക്കളോടും, സഹജീവികളോടും, അവരുടെ സദ്പ്രവര്‍ത്തനത്തിന് നന്ദി രേഖപ്പെടുത്തിയും, രഹസ്യം സൂക്ഷിച്ചും, സ്‌നേഹത്തില്‍ നിഷ്‌കളങ്കത പുലര്‍ത്തിയും നാം വിശ്വാസ്യത പുലര്‍ത്തണം. ഒരിക്കല്‍ ഇബ്‌നു ഉമര്‍ (റ) വിന് മുന്നിലൂടെ ഒരു അഅ്‌റാബി കടന്നു പോയി ഉടന്‍ ഇബ്‌നു ഉമര്‍ (റ) അദ്ദേഹത്തോട് പേരു വിവരങ്ങള്‍ അന്വേഷിക്കുകയും, തുടര്‍ന്ന് താന്‍ സഞ്ചരിച്ചിരുന്ന വാഹനവും, തന്റെ തലപ്പാവും അഅ്‌റാബിക്ക് സമ്മാനിക്കുകയും, അത് രണ്ടും ഉപയോഗിക്കാന്‍ അഅ്‌റാബിയോട് അപേക്ഷിക്കുകയും ചെയ്തു. സംഭവത്തിന് ദ്യസാക്ഷികളായ ചിലര്‍ ഇബ്‌നുഉമര്‍ (റ) വിനോട് കാര്യമന്വേഷിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു. 'ഒരു മനുഷ്യന് ചെയ്യാനാവുന്ന നന്‍മകളില്‍ ഏറ്റവും പ്രതിഫലാര്‍ഹമായത്, തന്റെ പിതാവിന്റെ കാലശേഷം അവരുടെ സ്‌നേഹിതരുമായി ബന്ധം നിലനിര്‍ത്തലാണ് എന്ന് പ്രവാചകര്‍ (സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഈ അഅ്‌റാബിയുടെ പിതാവ് എന്റെ പിതാവിന്റെ കൂട്ടുകാരനായിരുന്നത് കൊണ്ട് ആ പ്രവാചക വചനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഞാനിപ്രകാരം ചെയ്തത്' .
നന്മ ചെയ്തവന് പ്രത്യുപകാരം ചെയ്യുന്നതും, അവനോട് നന്ദി രേഖപ്പെടുത്തുന്നതും ഏറ്റവും പരമപ്രധാനമായ ഒരു ബാധ്യതയാണ്. പ്രവാചകര്‍(സ) പറഞ്ഞു 'നിങ്ങളില്‍ ആര്‍ക്കെങ്കിലും വല്ല ഔദാര്യങ്ങളും നല്‍കപ്പെട്ടാല്‍, അതിന് പ്രത്യുപകാരമായി വല്ലതും തിരിച്ചു നല്‍കാന്‍ സാധിക്കുമെങ്കില്‍ അവന്‍ അപ്രകാരം ചെയ്യട്ടെ അല്ലാത്ത പക്ഷം അവന്‍ നന്ദിവാക്കു പറയുകയെങ്കിലും ചെയ്യട്ടെ കാരണം തനിക്കു ലഭിച്ച അനുഗ്രഹത്തിനെ മറച്ചുപിടിക്കുന്നവന്‍ നന്ദി കേടു കാണിച്ചവനാണ്' .ഈയടിസ്ഥാനത്തില്‍ നാം അനുഭവിക്കുന്ന സുഖ സൗകര്യങ്ങളില്‍ നമ്മുടെ സ്യഷ്ടാവായ അല്ലാഹുവിനോടും, നമ്മുടെ കൈകാര്യ കര്‍ത്താക്കളായ ഭരണാധികാരികളോടും നാം നന്ദിയുള്ളവരാവുകയും, അവരുടെ ക്ഷേമത്തിനായി നാം പ്രാര്‍ത്ഥിക്കുകയും വേണം. ഉത്തരം ലഭിക്കുമെന്ന ഉറപ്പ് ഏതെങ്കിലുമൊരു പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ എനിക്കു നല്‍കപ്പെട്ടാല്‍ ആ പ്രാര്‍ത്ഥന നാടിന്റെ ഭരണകര്‍ത്താവിന്റെ നന്‍മക്കായി ഞാന്‍ വിനിയോഗിക്കുമായിരുന്നുവെന്ന ഹസനുല്‍ ബസ്വരീ (റ) വിന്റെ വചനം ഈ സന്ദേശമാണുള്‍ക്കൊള്ളുന്നത്.




