Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്രസ അധ്യാപക ക്ഷേമനിധി ഭേദഗതി സര്‍ക്കാര്‍ വീണ്ടും കബളിപ്പിക്കുന്നു
കോഴിക്കോട്: മദ്രസ അധ്യാപക ക്ഷേമനിധിയെ അധ്യാപകരും മാനേജ്മെന്റ് കമ്മിറ്റികളും പൂര്‍ണ്ണമായും കയ്യൊഴിഞ്ഞത് മനസ്സിലായ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവുമായി രംഗത്തിറങ്ങി.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെ ഓഫീസില്‍ നിന്ന് നല്‍കിയ ഉത്തരവില്‍ പറയുന്നത് ക്ഷേമനിധി അംഗത്വത്തിനു അപേക്ഷിക്കുന്ന മദ്രസ അധ്യാപകര്‍ക്ക് ജോലി ചെയ്യുന്ന മദ്രസകളുടെ മാനേജ്മെന്റ് ഭാരവാഹികള്‍ അപേക്ഷാ ഫോറത്തില്‍ ശിപാര്‍ശ ചെയ്യണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്ത് വ്യവസ്ഥകള്‍ ലളിതമാക്കിയിട്ടുണ്ടെന്നാണ്.
         ഒന്നര ലക്ഷത്തോളം മദ്രസാധ്യാപകരില്‍ അഞ്ഞൂറിലധികം പേരാണ് ആറ് മാസം മുമ്പ് തുടങ്ങിയ ക്ഷേമനിധിയില്‍ അംഗത്വത്തിനു അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കുന്നവര്‍ക്ക് രണ്ട് രൂപക്ക് റേഷന്‍ അരി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യാമോഹിപ്പിച്ച് അംഗത്വം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചിട്ടും വിജയം കണ്ടില്ല. റേഷന്‍ അരി സൗജന്യമായി നല്‍കിയാലും പലിശാധിഷ്ഠിത പെന്‍ഷന്‍ വേണ്ടെന്നാണ് മദ്രസാധ്യാപകര്‍ ഒറ്റക്കെട്ടായി തീരുമാനിച്ചത്. ബാങ്ക് മുഖേനയാണ് ക്ഷേമനിധി നടത്തിപ്പെന്ന് വ്യക്തമായതോടെയാണ് അധ്യാപകര്‍ സഹകരിക്കാത്തതെന്ന് മനസ്സിലാക്കാന്‍ ഇതുവരെ സര്‍ക്കാറിനു സാധിച്ചിട്ടില്ല.ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി എം. മെഹബൂബ് പ്രസിഡണ്ടായ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിനു ക്ഷേമനിധിയുടെ ആദ്യ ഗഡുവായി പത്ത് കോടി രൂപ സര്‍ക്കാര്‍ നല്‍കുകയായിരുന്നു. 22 ക്ഷേമനിധികള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. മദ്രസാധ്യാപക ക്ഷേമനിധി മാത്രം ബാങ്കുമായി സഹകരിപ്പിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ട്. ജീവിതത്തിലൊരിക്കല്‍ പോലും പലിശയുമായി ബന്ധപ്പെടരുതെന്നു പഠിപ്പിക്കുന്ന മദ്രസാധ്യാപകരെ പെന്‍ഷനിലൂടെ പലിശയുമായി ബന്ധപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് മുസ്ലിം സംഘടനകള്‍ ആരോപിക്കുന്നത്.
         ജനുവരി ആറിനു കോഴിക്കോട്ട് മദ്രസാധ്യാപക ക്ഷേമനിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലിം സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുത്ത സി.പി.എം. അനുകൂല പ്രതിനിധികളടക്കം പലിശമുക്തമാക്കിയാലേ ക്ഷേമനിധിയുമായി സഹകരിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു. മറുപടി പറഞ്ഞ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പലിശമുക്തമാക്കാമെന്നു ഉറപ്പുനല്‍കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ പാലോളിയും എളമരം കരീമും ക്ഷേമനിധി പലിശമുക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ഏഴാം തീയതിയിലെ മുഴുവന്‍ പത്രങ്ങളും ക്ഷേമനിധി പലിശമുക്തമാക്കുമെന്ന് തലവാചകം നല്‍കുകയും ചെയ്തിരുന്നു.
          ക്ഷേമനിധി പലിശമുക്തമാക്കണമെന്ന് ഒമ്പതിനായിരത്തില്‍പരം മദ്രസകള്‍ നടത്തുന്ന സമസ്ത പദ്ധതി പ്രഖ്യാപന സമയത്ത് തന്നെ വ്യക്തമാക്കിയതാണ്. മുസ്ലിം സംഘടനാ ഭാരവാഹി യോഗത്തിലേക്ക് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രതിനിധിയെ ക്ഷണിക്കാന്‍ പോലും സി.പി.എം. മന്ത്രിമാര്‍ താല്‍പര്യം കാണിച്ചില്ല.52008 ജി.ഒ.എം.എസ്/04/08 പൊതു ഭരണവകുപ്പ് ഉത്തരവ് പ്രകാരം പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇപ്രകാരമാണ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച മദ്രസാധ്യാപക ക്ഷേമനിധി നിലവില്‍ വന്നത്. സമസ്തയുടെ കീഴില്‍ കേരളത്തില്‍ മാത്രം 62916 മദ്രസാധ്യാപകരുണ്ട്. ഗള്‍ഫു നാടുകളിലും മറ്റു സംസ്ഥാനങ്ങളിലുമായി വേറെയും അധ്യാപകര്‍ ജോലി ചെയ്യുന്നു. കേരളത്തിലെ അധ്യാപകര്‍ക്ക് മാത്രമാണ് ക്ഷേമനിധി പ്രഖ്യാപിച്ചത്.