Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രാര്‍ത്ഥന , വിശ്വാസിയുടെ ആയുധം

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ കിരണങ്ങള്‍ ഒരിക്കലും അസ്തമിക്കുന്നില്ല.. കാരണം ശുഭാപ്തി വിശ്വാസത്തോടെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രതീക്ഷാ നിര്‍ഭരമായ പ്രാര്‍ത്ഥനയും കൂടി ചേര്‍ ന്നതാണ് ഇസ്ലാം പഠിപ്പിച്ച ജീവിത വഴി . പ്രാര്‍ത്ഥനയെ ഏറെ പ്രോല്‍സാഹിപ്പിക്കുകയും തന്റെ പ്രശ്‌നങ്ങള്‍ രക്ഷിതാവിനു മുന്നില്‍ സമര്‍പിച്ച് പരിഹാരം തേടാന്‍ കല്‍പിക്കുകയും ചെയ്ത മതമാണിസ്ലാം. എന്നോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കുത്തരം നല്‍കുമെന്ന് ഖുര്‍ആനില്‍ ഒന്നിലേറെയിടങ്ങളില്‍ അല്ലാഹു പ്രഖ്യാപിക്കുന്നതായി കാണാം.,
തന്റെ ബലഹീനതകള്‍ തുറന്നു സമ്മതിച്ചും തന്റെ സ്യഷ്ടാവായ അല്ലാഹുവിന്റെ പ്രാപ്തിയില്‍ വിശ്വാസമര്‍പിച്ചും, മനുഷ്യന്‍ തന്റെ സ്യഷ്ടാവിനോട് നടത്തുന്ന സഹായാര്‍ത്ഥനയെന്ന നിലയില്‍ പ്രാര്‍ത്ഥനയെ ഒരു ഉല്‍ക്യഷ്ട കര്‍മ്മമായാണ് ഇസ്ലാം കാണുന്നത്. ആരാധനയെന്നാല്‍ പ്രാര്‍ത്ഥന തന്നെയാണെന്നും, അല്ലാഹുവിന്റെ സമക്ഷം പ്രാര്‍ത്ഥനയെക്കാള്‍ പുണ്യകരമായ മറ്റു സല്‍കര്‍മ്മങ്ങള്‍ വേറെയില്ലെന്നുമൊക്കെ സൂചിപ്പിക്കുന്ന നിരവധി ഹദീസുകളും നമുക്ക് കാണാനാവും.
അതുകൊണ്ട് തന്നെ ചില മര്യാദകളും ചിട്ടകളുമൊക്കെ പാലിച്ചുകൊണ്ടാവണം മനുഷ്യന്‍ തന്റെ റബ്ബിനോട് പ്രാര്‍ത്ഥിക്കേണ്ടതെന്നും ഇസ്ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രാര്‍ത്ഥന ഈ നിബന്ധനകള്‍ക്കു വിധേയമായി നിര്‍വഹിക്കപ്പെടുമ്പോള്‍ കൂടുതല്‍ പ്രതിഫലാര്‍ഹവും, ഫലപ്രാപ്തിക്ക് കൂടുതല്‍ സാധ്യതയുള്ളതുമായി മാറുന്നു. ഇത്തരം നിബന്ധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യന്‍ സദാ ദൈവബോധമുള്ളവനായിരിക്കുക എന്നതാണ്. ക്ഷാമ വേളകളില്‍ മാത്രം ദൈവ ബോധമുണ്ടാവുകയും, ക്ഷേമവേളകളില്‍ അഹങ്കാരിയായി മാറുകയും ചെയ്യുന്ന പ്രക്യതം പ്രാര്‍ത്ഥനകളുടെ ഫലപ്രാപ്തിക്ക് തടസം സ്യഷ്ടിക്കും. പ്രവാചകര്‍ (,സ) പറഞ്ഞു തന്റെ പ്രയാസവേളകളിലെ പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കണമെന്ന് ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ തന്റെ ക്ഷേമ ഘട്ടത്തില്‍ അവന്‍ അല്ലാഹുവിനോട് കൂടുതല്‍ പ്രാര്‍ത്ഥിച്ചു കൊള്ളട്ടേ .
തന്റെ രക്ഷിതാവായ അല്ലാഹുവിന്റെ കഴിവിനെക്കുറിച്ചുള്ള അപാരമായ വിശ്വാസം, പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. തന്റെ പ്രയാസങ്ങള്‍ എത്രമാത്രം ഗുരുതരമാണെങ്കിലും അവയുടെ പരിഹാരം തന്റെ രക്ഷിതാവിന്റെ കഴിവിനു മുന്നില്‍ കേവലം നിസ്സാരമാണെന്ന ദ്യഢവിശ്വാസം അവന്റെ പ്രാര്‍ത്ഥനയെ കൂടുതല്‍ ആത്മാര്‍ത്ഥതയുള്ളതാക്കും, പ്രവാചകര്‍ (സ) പറഞ്ഞു 'ആര്‍ക്കെങ്കിലും ദാരിദ്യം പിടിപെടുകയും അവന്‍ തന്റെ ആവലാതി ആത്മാര്‍ത്ഥതയോടെ അല്ലാഹുവിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്റെ ദാരിദ്യം തീര്‍ത്തു കൊടുക്കുക തന്നെ ചെയ്യും'.
പ്രാര്‍ത്ഥനാ വേളയില്‍ മനുഷ്യന്‍ പുലര്‍ത്തേണ്ട മനസ്സാന്നിധ്യം ഫലപ്രാപ്തിയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്. അശ്രദ്ധമായ മനസ്സില്‍ നിന്നുണ്ടാകുന്ന പ്രാര്‍ത്ഥനകള്‍ അല്ലാഹു സ്വീകരിക്കില്ലെന്ന് പ്രവാചകര്‍ (സ) പഠിപ്പിച്ചതായി കാണാം.
അല്ലാഹുവിന്റെ അപദാനങ്ങള്‍ വാഴ്ത്തിയും , അവന്റെ അനുഗ്രഹങ്ങള്‍ സ്മരിച്ചും ,പ്രവാചകര്‍ക്കുമേല്‍ സ്വലാത്തുകള്‍ ചൊല്ലിയും തുടക്കം കുറിക്കപ്പെടുന്ന പ്രാര്‍ത്ഥനകള്‍ ഫല പ്രാപ്തിയിലേക്ക് കൂടുതല്‍ അടുത്തു നില്‍ക്കുന്നതാണെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ഉമര്‍ (റ) പറഞ്ഞതായി ഇപ്രകാരം കാണാം 'മനുഷ്യന്റെ പ്രാര്‍ത്ഥനകള്‍ ആകാശ ഭൂമികള്‍ക്കിടയില്‍ തടഞ്ഞു വെക്കപ്പെടുന്നതാണ്. പ്രവാചകര്‍ക്കു മേല്‍ സ്വലാത്ത് ചൊല്ലപ്പെടും വരെ അവയില്‍ നിന്ന് ഒന്നും ഫലപ്രാപ്തിയിലേക്ക് ഉയര്‍ത്തപ്പെടുകയില്ല'. .
തന്റെ ജീവിത വ്യവഹാരങ്ങള്‍ അല്ലാഹു ഇഷ്ടപ്പെടുന്നതും തനിക്ക് മതപരമായി അനുവദിക്കപ്പെട്ടതുമായ രൂപത്തിലാക്കുകയെന്നത് മറ്റൊരു പ്രധാന ഘടകമാണ്, വിശിഷ്യാ തന്റെ ഭക്ഷണ, വസ്ത്രാദി കാര്യങ്ങളൊക്കെയും അനുവദനീയമായ മാര്‍ഗ്ഗത്തില്‍ സമ്പാദിക്കപ്പെട്ടതാവാന്‍ മനുഷ്യന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭൗതികതയില്‍ നിന്നകന്ന് ജഢ കുത്തിയ മുടിയും, പൊടിപിടിച്ച ശരീരവുമായി അലയുകയും, തന്റെ ആവലാതികള്‍ റബ്ബിലേക്കുയര്‍ത്തുകയും ചെയ്യുകയും, എന്നാല്‍ തന്റെ ഭക്ഷണത്തിലും, വസ്ത്രത്തിലുമെല്ലാം ഹറാമിന്റെ അംശം കലര്‍ന്നു പോയതിനാല്‍ ഫലം തടയപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യന്റെ അവസ്ഥ ഇക്കാര്യം വിവരിക്കാന്‍ പ്രവാചകര്‍ (സ) ചിത്രീകരിച്ചതായി കാണാം.
തന്റെ സഹോദരന്റെ അസാനിധ്യത്തില്‍ ഒരാള്‍ അവനുവേണ്ടി നടത്തുന്ന പ്രാര്‍ത്ഥന ഫല ലബ്ധിക്ക് ഏറെ സാധ്യതയുള്ളതാണെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. മുസ്ലിങ്ങള്‍ തമ്മിലുള്ള നിഷ്‌കളങ്ക സ്‌നേഹത്തിന്റെ അടയാളമെന്ന നിലയില്‍ ഇത്തരം പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കുക തന്നെ ചെയ്യും. പ്രവാചകര്‍ (സ) പറഞ്ഞു 'ഒരു മുസ്ലിം തന്റെ സഹോദരന്റെ അസാനിധ്യത്തില്‍ അവനു വേണ്ടി നടത്തുന്ന പ്രാര്‍ത്ഥന തീര്‍ച്ചയായും സ്വീകരിക്കപ്പെടുന്നതാണ്, മാത്രമല്ല ഇത്തരത്തില്‍ പ്രാര്‍ത്ഥന നടത്തുന്നവനു സമീപം ഒരു മലക്ക് വന്നു നില്‍ക്കുകയും അവന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയുകയും നിനക്കും അതുപ്രകാരം സംഭവിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യും.