അലിഗഢ്; ഇന്ന് സ്വപ്നസാഫല്യം
പെരിന്തല്‍മണ്ണ: വിദ്യാഭ്യാസരംഗത്ത് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കാന്‍ ജില്ല സ്വപ്നം കണ്ട അലിഗഢ് സര്‍വകലാശാല മലപ്പുറം പ്രത്യേകകേന്ദ്രം ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. ചേലാമലയിലെ കാമ്പസില്‍ ഒരുക്കിയ സര്‍ സയ്യിദ് നഗറില്‍ രാവിലെ 10.30 ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും.പട്ടികാട് ജമിഅ: നൂരിയ സമ്മേളനത്തില്‍ വെച്ചായിരുന്നു ഇതിന്റെ പ്രഖ്യാപനം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഭരണകാര്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. പ്രത്യേകകേന്ദ്രത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വൈദ്യുതപദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദും നിര്‍വഹിക്കും. മന്ത്രിമാരായ എ.പി.അനില്‍കുമാര്‍, പി.കെ.അബ്ദുറബ്ബ്, എം.പി. മാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, മുന്‍മന്ത്രി എം.എ. ബേബി, അലിഗഢ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി.കെ. അബ്ദുള്‍അസീസ്, മഞ്ഞളാംകുഴി അലി എം.എല്‍.എ, സുഹറ മമ്പാട് തുടങ്ങിയവര്‍ പങ്കെടുക്കും.





