മനുഷ്യജീവിതത്തിന്റെ ആത്യന്തിക വിജയത്തിന് ഏറ്റവും അടിസ്ഥാന പരമായ മാര്‍ഗം ജീവിത നിമിഷങ്ങളെ നന്‍മകള്‍ കൊണ്ട് സമ്പന്നമാക്കുകയെന്നതാണ്. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു തന്നെ ഈ സന്ദേശം അസന്നിഗ്ദമായി വിളംബരം ചെയ്തിട്ടുണ്ട്. സൂറതുല്‍ ഹജ്ജില്‍ അല്ലാഹു കല്‍പിക്കുന്നത് ഇപ്രകാരമാണ്. 'അല്ലയോ ജനങ്ങളെ, ജീവിത വിജയം കൈവരിക്കുന്നതിന് നിങ്ങള്‍ നന്‍മകള്‍ പ്രവര്‍ത്തിക്കുക'.
മനുഷ്യ വിമോചനത്തിന് വഴി തെളിക്കുന്നതിനായി അല്ലാഹു നിയോഗിച്ച പ്രവാചകരുടെ നിയോഗിത ലക്ഷ്യമായും ഇക്കാര്യത്തെ അല്ലാഹു പരിചയപ്പെടുത്തുന്നുണ്ട്. സൂറത്തുല്‍ അന്‍ബിയാഇല്‍ അല്ലാഹു പ്രവാചകന്‍മാരെ പരിചയപ്പെടുത്തുന്നതിപ്രകാരമാണ്. 'നമ്മുടെ കല്‍പനകള്‍ പിന്‍തുടരുന്ന ഒരു വിഭാഗമായി അവരെ നാം നിയോഗിച്ചു, നിസ്‌കാരം, നോമ്പ് , നിര്‍ബന്ധ ദാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും മറ്റു നന്‍മയുടെ വഴികളെക്കുറിച്ചും നാം അവര്‍ക്ക് ദിവ്യ ബോധനം നല്‍കുകയും ചെയ്തു. ഇത്തരം കല്‍പനകള്‍ പരിപൂര്‍ണ്ണമായി അംഗീകരിച്ച് അവര്‍ സദ്‌വ്യത്തരായി ജീവിച്ചു'.
നന്‍മയുടെ മാര്‍ഗങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നതിലും, അവ ജീവിതത്തില്‍ പകര്‍ത്തുന്നതിലും പരസ്പരം മല്‍സരിക്കണമെന്നു വരെ ആഹ്വാനം ചെയ്ത മതമാണിസ്ലാം. പ്രവാചകരുടെയും ഉന്നത ശീര്‍ഷരായ അവിടുത്തെ അനുയായികളുടെയും ജീവിതത്തിലുടനീളം നന്‍മയിലൂന്നിയ ഈ മാല്‍സര്യം എപ്പോഴും പ്രകടമാവുകയും ചെയ്തിരുന്നു. ഇസ്ലാമിന്റെ ഒന്നാം ഖലീഫ അബൂബക്കര്‍ സ്വിദ്ധീഖ് (റ) ന്റെ ജീവിതം ഇത്തരത്തിലുള്ള മാല്‍സര്യത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു. നന്‍മയുടെ ലഭ്യമായ മുഴുവന്‍ വഴികളും തേടിപ്പിടിക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും അവര്‍ കാണിച്ച അത്യുല്‍സാഹം അസൂയാവഹം തന്നെയായിരുന്നു. ഒരിക്കല്‍ പ്രവാചകര്‍ (സ) തന്റെ ചുറ്റുമുണ്ടായിരുന്ന അനുയായികളോടായി ചോദിച്ചു 'നിങ്ങളില്‍ ഇന്നു നോമ്പനുഷ്ടിച്ചവരാരുണ്ട്? ഉടന്‍ അബൂബക്കര്‍ (റ) പ്രതിവചിച്ചു ഞാന്‍ നോമ്പുകാരനാണ് നബിയേ, പ്രവാചകര്‍ വീണ്ടും ചോദിച്ചു നിങ്ങളില്‍ ഇന്ന് ആരുടെയെങ്കിലും മരണാനന്തര കര്‍മത്തില്‍ സംബന്ധിച്ചവരായി ആരുണ്ട്? അതിനും അബൂബക്കര്‍ (റ) വിന്റെ മറുപടി ഞാന്‍ സംബന്ധിച്ചു നബിയേ എന്നായിരുന്നു, ഇന്ന് വിശന്നവന് ഭക്ഷണം നല്‍കുവാനും, രോഗിയെ സന്ദര്‍ശിക്കുവാനും അവസരം ലഭിച്ചവര്‍ ആരുണ്ട്? എന്ന തുടര്‍ ചോദ്യങ്ങള്‍ക്കും അബൂബക്കര്‍ (റ) ന്റെ മറുപടി ഇപ്രകാരം തന്നെയായിരുന്നു. ഉടന്‍ പ്രവാചകര്‍ (സ) ഇപ്രകാരം പ്രതിവചിച്ചു ഇത്രയും കാര്യങ്ങള്‍ ഒരാളില്‍ ഒരുമിച്ചു കൂടിയാല്‍ അവന്‍ സ്വര്‍ഗാവകാശിയാവുക തന്നെ ചെയ്യും'.
നന്‍മയുടെ വഴിയില്‍ മുന്നേറുകയും ആരോഗ്യകരമായി മാല്‍സര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ പൊരുത്തമാണ് പ്രതിഫലമായിക്കിട്ടുകയെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും പ്രവാചകരും അവിടുത്തെ അനുയായികളും കാണിച്ച മാത്യകകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഇസ്ലാമിന്റെ വികാസത്തിനും വ്യാപനത്തിനുമായി തങ്ങളുടെ സമ്പത്തും ശരീരവും ദാനമായി നല്‍കുന്നതില്‍പോലും അവര്‍ പരസ്പരം മല്‍സരബുദ്ധി കാണിക്കുമായിരുന്നു. ഒരിക്കല്‍ പ്രവാചകര്‍ (സ) ഇസ്ലാമിനുവേണ്ടി സാമ്പത്തിക സഹായം നല്‍കാന്‍ അനുചരന്‍മാരോട് ആവശ്യപ്പെട്ടപ്പോള്‍ , അബൂബക്കര്‍ (റ) വും ഉമര്‍ (റ) വും തമ്മില്‍ ഇക്കാര്യത്തില്‍ നടത്തിയ മല്‍സരം ചരിത്രത്തിലിടം നേടിയിട്ടുണ്ട്. സാധാരണ ഘട്ടത്തില്‍ തന്നെ മുന്‍കടക്കാറുള്ള അബൂബക്കര്‍ (റ) നേക്കാള്‍ ഇത്തവണ മുന്‍പന്തിയിലെത്തണമെന്ന വിചാരവുമായി ഉമര്‍ (റ) തന്റെ സമ്പാദ്യത്തിന്റെ നേര്‍പകുതിയുമായാണ് നബിയുടെ മുന്നിലെത്തിയത്. നിന്റെ കുടുംബത്തിനായി നീ എന്താണ് ബാക്കിവെച്ചതെന്ന തിരുനബിയുടെ ചോദ്യത്തിന് ഇത്രയും തന്നെ സമ്പാദ്യം ഞാനവര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട് എന്നദ്ദേഹം മറുപടി പറഞ്ഞു. എന്നാല്‍ തന്റെ മുഴുവന്‍ സമ്പാദ്യവുമായി പ്രവാചകര്‍ക്കു മുന്നിലെത്തിയ അബൂബക്കര്‍ (റ) പ്രവാചകന്റെ ചോദ്യത്തിനു മറുപടി നല്‍കിയത് എന്റെ കുടുംബത്തിനായി അല്ലാഹുവിനെയും റസൂലിനെയും ഞാന്‍ കരുതിവെച്ചിട്ടുണ്ട് എന്നായിരുന്നു.
നന്‍മയുടെ മാര്‍ഗങ്ങളെ കേവലം കര്‍മ്മങ്ങളില്‍ ഒതുക്കിനിര്‍ത്തുന്നതിനു പകരം നന്‍മയുടെ വഴികളെ ഏറ്റവും വിശാലമായി പരിചയപ്പെടുത്തുകയാണ് ഇസ്ലാം ചെയ്തത് . നിത്യ ജീവിതത്തിലെ തന്റെ ഓരോ ചലനങ്ങളും നന്‍മയുടെ ഭാഗമാക്കി മാറ്റാന്‍ ഒരു മുസ്ലിമിന് നിഷ്പ്രയാസം സാധിക്കും. സാമ്പത്തികമായി പിന്നാക്കമായ ഞങ്ങള്‍ക്ക് ദാനധര്‍മ്മങ്ങളുടെ പ്രതിഫലം നേടാന്‍ എങ്ങനെസാധിക്കുമെന്ന് വ്യാകുലപ്പെട്ട അനുയായികളോട് പ്രവാചകര്‍(സ) നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. അവിടുന്ന് ഇപ്രകാരം പറഞ്ഞു 'നിങ്ങള്‍ ചൊല്ലുന്ന ഓരോ തഹ്‌ലീലും, തക്ബീറും, തസ്ബീഹുമൊക്കെയും നിങ്ങള്‍ക്ക് ദാനധര്‍മ്മങ്ങളുടെ പ്രതിഫലം നേടിത്തരുന്നതാണ്. മാത്രമല്ല, ജനങ്ങള്‍ നടക്കുന്ന വഴിയില്‍ നിന്ന് ബുദ്ധിമുട്ടുകളെ തടയുന്നതും, മറ്റൊരു സഹോദരന് ഉപകാരപ്പെടും വിധം നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും നിങ്ങള്‍ക്ക് ദാനധര്‍മ്മത്തിനു തുല്യമായ പ്രതിഫലം തന്നെ നല്‍കപ്പെടുന്നതാണ'്.' ഇത്തരത്തില്‍ നന്‍മയുടെ വഴികള്‍ നിര്‍ണയിക്കുന്നതില്‍ അതുല്യമായ ഉദാരത പുലര്‍ത്തുകയും ആ വഴികളിലേക്ക് മനുഷ്യനെ നിരന്തരം പ്രേരിപ്പിക്കുകയുമാണ് ഇസ്ലാം ചെയ്തത്. പരസ്പരം നന്‍മകൊണ്ട് കല്‍പിക്കുകയും തിന്‍മയെത്തൊട്ട് വിരോധിക്കുകയും ചെയ്യുന്നതും അത്ര പോലും സാധ്യമല്ലാത്തവന്‍ സ്വശരീരത്തെ തിന്‍മകളില്‍ നിന്ന് അകറ്റി നിര്‍ത്തുകയെങ്കിലും ചെയ്യുന്നതും ദാനധര്‍മത്തിനു തുല്യമായി പ്രതിഫലാര്‍ഹമാണെന്നതാണ് ഇതു സംബന്ധിയായ ഇസ്ലാമിക പ്രഖ്യാപനം . നന്‍മയുടെ ഈ വിശാല വഴികളിലൂടെ സഞ്ചരിക്കുന്നവന്‍ ചെയ്യുന്ന നന്‍മകള്‍ എത്ര നിസ്സാരമായിരുന്നാല്‍ പോലും അതിന്റെ പ്രതിഫലം അവനു ലഭിക്കുക തന്നെ ചെയ്യുമെന്നും ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്.
നന്‍മകള്‍കൊണ്ട് ജീവിതം സമ്പന്നമാക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടേ ആമീന്‍




