നാടെങ്ങും നബിദിനം ആഘോഷിച്ചു
കണ്ണൂര്‍: ദീനുല്‍ ഇസ്‌ലാം സഭയുടെ നബിദിനറാലി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ സി.സമീര്‍ അധ്യക്ഷത വഹിച്ചു. ടി.എ.തങ്ങള്‍, കെ.മൂസക്കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാര്‍ഥികളുടെ ഘോഷയാത്ര, മറ്റ് കലാപരിപാടികള്‍, റിലീഫ് സംരംഭങ്ങളുടെ മഹല്ലുകള്‍ കേന്ദ്രീകരിച്ചുള്ള അന്നദാനം മുതലായവ സംഘടിപ്പിച്ചു.
ചാലാട് ഇന്‍ഫത്തുല്‍ ഇസ്‌ലാം സഭയുടെ നബിദിനാഘോഷത്തില്‍ മഹല്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് വി.ഹാഷിം ഹാജി പതാക ഉയര്‍ത്തി. വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത ഘോഷയാത്ര, പൊതുസമ്മേളനം എന്നിവ നടന്നു. വി.കെ.സഹീദ് അധ്യക്ഷത വഹിച്ചു. കെ.എം.നസീര്‍ സ്വാഗതം പറഞ്ഞു.
കുഞ്ഞിപ്പള്ളി ദാറുല്‍ ഉലൂം മദ്രസ നബിദിന ഘോഷയാത്ര നടത്തി. മഹല്ല് ട്രഷറര്‍ സി.ബി.ഹാഷി പതാക ഉയര്‍ത്തി. താണ മുനീറുല്‍ ഇസ്‌ലാം മദ്രസ മൗലൂദ് കമ്മിറ്റിയുടെ ആഘോഷം ജുമാ മസ്ജിദ് ഇമാം കുഞ്ഞിമുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എം.കെ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സദര്‍ അലവി മൗലവി,എം.ഷഫീഖ്, അബ്ദുള്‍ഖാദര്‍ മൗലവി, വി.മുനീര്‍ ശരീഫ് മൗലവി, പി.നസീര്‍ എന്നിവര്‍ സംസാരിച്ചു.
സിറ്റി ജുമാമസ്ജിദില്‍ നടന്ന മൗലൂദ് മജ്‌ലിസില്‍ സജിത് ബാ അലവി ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. മദ്രസകള്‍ക്കുള്ള സമ്മാനദാനം സിറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അനില്‍കുമാര്‍ നിര്‍വഹിച്ചു.
ഉരുവച്ചാല്‍: നീര്‍വേലിയില്‍ നടന്ന നബിദിന റാലിക്ക് പി.കെ.കുഞ്ഞാലിഹാജി, ഇബ്രാഹിം സഅദി എന്നിവര്‍ നേതൃത്വം നല്‍കി. ശിവപുരം മൊട്ടമ്മലില്‍ നബിദിന റാലിക്ക് പി.കെ.അഷ്‌റഫ് കാസിം ബാഖവി നേതൃത്വം നല്‍കി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാസിം ബാഖവി, അഹമ്മദ് കബീര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കയനിപ്പള്ളിയില്‍ നടന്ന നബിദിന റാലിക്ക് ഖാസി എ.പി.മുഹമ്മൂദ് ഹാജി നേതൃത്വം നല്‍കി.
തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാര്‍ക്കറ്റ് നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യായിരത്തോളം പേര്‍ക്ക് നെയ്‌ച്ചോറും ഇറച്ചിയും വിതരണം ചെയ്തു.
നെല്ലിപ്പറമ്പ് മുഈനുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൗലീദ് പാരായണം, മദ്രസ വിദ്യാര്‍ഥികളുടെ ഇശല്‍വിരുന്ന് എന്നിവയുണ്ടായി.
ബദരിയ്യാനഗറില്‍ മൗലീദ് പാരായണം, പതാക ഉയര്‍ത്തല്‍, ഘോഷയാത്ര എന്നിവ നടത്തി.
ചെനയന്നൂര്‍ മഹല്ല് കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫും സംയുക്തമായി ബുര്‍ദ മജിലിസ്, മൗലീദ് പാരായണം, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.
പെരുവണ സുന്നി മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മൗലീദ് പാരായണം, ഘോഷയാത്ര, മദ്ഹുര്‍റസൂല്‍ പാരായണം, അന്നദാനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവയുണ്ടായി.
നടുവില്‍: തഹ്‌സീനുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ഥികള്‍ നബിദിനം ആഘോഷിച്ചു. ആഘോഷങ്ങള്‍ക്ക് മഹല്ല് കമ്മിറ്റി നേതൃത്വം നല്‍കി. ഘോഷയാത്ര, വിദ്യാര്‍ഥികളുടെ ദഫ്‌മേളം ഉണ്ടായി. പൊതുസമ്മേളനം ഖത്വീബ് ഷൗക്കത്ത് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.നൂറുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സി.എച്ച്.അബ്ദുല്ല, ഇമാം റഷീദ് ദാരിമി, കെ.പി.ഹംസക്കുട്ടി, മുഹമ്മദ്കുഞ്ഞി ഹാജി എന്നിവര്‍ സംസാരിച്ചു. കെ.പി.സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു.
അഴീക്കോട്: വന്‍കുളത്തുവയല്‍ മഅദിനുല്‍ ഉലും മദ്രസാ കമ്മിറ്റി, അഴീക്കോട് ജമാഅത്തുല്‍ ഇസ്‌ലാം ജുമാമസ്ജിദ് മഹല്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. കുട്ടികളുടെ ഘോഷയാത്ര, മൗലീദ് പാരായണം, അന്നദാനം എന്നിവയുണ്ടായി.




