എല്ലാവഴികളും കൂരിയാട്ടേക്ക്;
സമസ്ത സമ്മേളനത്തില്‍ ജനസാഗരം
തിരൂരങ്ങാടി: കൂരിയാട് സമസ്ത സമ്മേളന നഗരിയിലേക്ക് ജനപ്രവാഹം. സമസ്തയുടെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരും അതിന്റെ പ്രചാരകരുമായ ലക്ഷങ്ങളാണ് മഹാസമ്മേളനത്തിലേക്ക് എത്തിയത്.
ശനിയാഴ്ച വൈകീട്ട് തുടങ്ങിയ ജനപ്രവാഹം ഞായറാഴ്ച രാത്രിയിലെ സമാപനസമ്മേളനം വരെ തുടര്‍ന്നു. മദ്രസകള്‍ അറബികോളേജുകള്‍, മഹല്ല് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കേരളത്തിന് അകത്തും പുറത്തും നിന്നുമായി ആബാലവൃദ്ധം ജനങ്ങള്‍ കൂരിയാട്ടെ വരയ്ക്കല്‍ മുല്ലക്കോയതങ്ങള്‍ നഗരിയിലേക്ക് എത്തിയത്.
ഇവിടെയെത്തിയ വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും സൗകര്യം നല്‍കാന്‍ പോലീസും വളണ്ടിയര്‍മാരും ഏറെ ബുദ്ധിമുട്ടി. സമ്മേളനപ്പന്തലിന് മുന്നിലെ സദസ്സ് നേരത്തേതന്നെ നിറഞ്ഞതോടെ സമീപത്തെ ദേശീയപാതയിലും കൂരിയാട് പാലത്തിന് മുകളിലും ആളുകള്‍ തിങ്ങിനിറഞ്ഞു.




