നബിദിന റാലിയിലെ പട്ടാളവേഷം: സംയുക്ത മുസ്‌ലിം ജമാഅത്ത് ഖേദം പ്രകടിപ്പിച്ചു
കാസര്‍കോട്: നബിദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ടെ ചില പ്രാദേശിക ജമാഅത്തുകള്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെതിന് സമാനമായ വേഷവിധാനം അണിഞ്ഞ സംഭവത്തില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖേദം പ്രകടിപ്പിച്ചു. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്തും മറ്റ് ഭാരവാഹികളും ഖേദപ്രകടനം നടത്തിയത്. നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ട് സംഭവിച്ച യുവാക്കളുടെ അത്യാവേശം മാത്രമായിരുന്നു ഇതെന്നും അല്ലാതെ രാഷ്ട്രത്തെ ഒരുതരത്തിലും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇവര്‍ വിശദീകരിച്ചു.
സമാധാനാന്തരീക്ഷമുള്ള സംവിധാനത്തെ തകര്‍ക്കാനും വിവാദമുണ്ടാക്കാനുമുള്ള ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ നീക്കം ദുരൂഹമാണെന്നും ജമാഅത്ത് ഭാരവാഹികളുടെ പേരില്‍ നുണക്കഥകള്‍ തട്ടിവിടുന്ന സുരേന്ദ്രന്‍ നിയമനടപടികള്‍ ക്ഷണിച്ചു വരുത്തുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
പാര്‍ട്ടിയുടെ പിന്‍ബലം പോലുമില്ലാതെയാണ് കെ.സുരേന്ദ്രന്‍ പ്രസ്താവനകള്‍ ഇറക്കുന്നതെന്നും ഏത് വിഷയത്തിലും ജമാഅത്തിന് തുറന്ന സമീപനമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പോലീസിന്റെ അന്വേഷണം കൃത്യമായി നടക്കട്ടെയെന്നും അന്വേഷണത്തിന് പൂര്‍ണ്ണ സഹകരണം ഉണ്ടാവുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ സി.മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി, ബഷീര്‍ ആറങ്ങാടി, അബ്ദുള്‍ റഹ്മാന്‍ പെരുമ്പട്ട എന്നിവര്‍ പങ്കെടുത്തു.




