അസദിനെ വധിക്കണമെന്ന് അല്‍അസ്ഹര്‍ പണ്ഡിതരുടെ ഫത് വ
കെയ്‌റോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ചെറുക്കാനെന്ന പേരില്‍ 8000ത്തിലേറെ പൗരന്മാരെ കൊന്നൊടുക്കുകയും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത സിറിയന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദിനെ വധിക്കണമെന്നാവശ്യപ്പെട്ട് ഈജിപ്ത് അല്‍അസ്ഹര്‍ പണ്ഡിതര്‍ ഫത് വ പുറപ്പെടുവിച്ചു. 'സ്വന്തം ജനതക്കെതിരെ ബുള്ളറ്റ് തൊടുത്ത ബശ്ശാറുല്‍ അസദ് അഭിശപ്തനും യുദ്ധക്കുറ്റവാളിയുമാണ്. കൊലയാളിയായ അയാള്‍ ശിക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു'- ഈജിപത് മുന്‍ മുഫ്തി നസ് ര്‍ ഫരീദ് വാസില്‍ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വാസിലിനു പുറമെ അല്‍അസ്ഹര്‍ ഫത് വ കമ്മിറ്റി മെമ്പര്‍ ഡോ. ഹാശിം ഇസ് ലാം, അല്‍അസ്ഹര്‍ സ്‌കോളേര്‍ ഫ്രണ്ട് മുന്‍ അധ്യക്ഷന്‍ ശൈഖ് അബദുല് മുന്‍ഇം അല്‍ ബാരി തുടങ്ങിയവരും അസദിനെതിരെ രംഗത്ത് വന്നു. 'അസദ് മേഖലയില്‍ തുടരുന്ന അക്രമം തികച്ചും ഇസ് ലാമിക വിരുദ്ധമാണെന്നും സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗമല്ല അക്രമമെന്നും ശൈഖ് മുന്‍ഇം പറഞ്ഞു.' മതപരവും മാനുഷികമായ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്നതാണ് അസദിന്റെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രക്ഷോഭകരുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 2000ത്തിലേറെ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.




