Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

തഖ്‌വ കൊണ്ട് പാഥേയമൊരുക്കുക
ദൈവ ഭക്തികൊണ്ട് ജീവിതത്തിന് വെളിച്ചം പകരണമെന്നത് മനുഷ്യ കുലത്തിനാകമാനം അല്ലാഹു നല്‍കിയ സാരോപദേശമാണ്. ഇഹലോകത്തെ ജീവിതം നശ്വരവും, അനന്തവിശാലമായ പാരത്രിക ജീവിതത്തിലേക്കുള്ള വിഭവ സമാഹരണത്തിന്റെ ഇടവേള മാത്രവുമാണെന്നു പഠിപ്പിച്ച ഇസ്ലാം , ഭൗതിക ലോകത്ത് നിന്നും പാരത്രിക ലോകത്തിലേക്കായി സംഭരിക്കാവുന്ന ഏറ്റവും അമൂല്യ വിഭവമായാണ് ദൈവഭക്തിയെ പരിചയപ്പെടുത്തിയത്. ഉപരിപ്‌ളവകമായ പ്രകടനങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ നാനാ തുറകളെയും സ്വാധീനിക്കുന്ന ഒരു സമഗ്ര സന്ദേശമാണ് ഭക്തി കൊണ്ട് വിവക്ഷിക്കപ്പെടുന്നത് .
സ്യഷ്ടാവായ അല്ലാഹുവിന്റെ കല്‍പനകളാകമാനം അംഗീകരിക്കുകയും, അല്ലാഹു വിരോധിച്ച കാര്യങ്ങളില്‍ നിന്ന് സമ്പൂര്‍ണ്ണമായി അകന്നു നില്‍ക്കുകയും ചെയ്യുകയെന്നതാണ് ഇസ്ലാമിക ദൈവഭക്തിയുടെ ഏറ്റവും ലളിതമായ വ്യാഖ്യാനം. ഈയടിസ്ഥാനത്തില്‍, വിശ്വാസത്തിന്റെ ഉന്നത ശ്രേണിയിലിടമുള്ളതും, നന്‍മകളുടെ മുഴുവന്‍ വശങ്ങളെയുമുള്‍ക്കൊള്ളുന്നതുമാണിത്. 
തന്റെ സ്യഷ്ടാവും, പരിപാലകനുമായ അല്ലാഹുവിന് അപ്രിയകരമായോ, അവന്റെ കോപത്തിനിടയാക്കും വിധത്തിലുള്ളതോ ആയ യാതൊരു പ്രവര്‍ത്തനവും തന്നില്‍ നിന്ന് സംഭവിച്ചു കൂടെന്ന മാനസിക വികാരം മനുഷ്യനില്‍ സ്യഷ്ടിക്കപ്പെടുകയാണ് ദൈവ ഭക്തിയിലൂടെ സംഭവിക്കുന്നത്. ഈ മാനസികവികാരത്തിന്റെ സ്യഷ്ടിപ്പ് മേല്‍ സൂചിപ്പിച്ച സമ്പൂര്‍ണ്ണ വിധേയത്വത്തിലൂടെ മാത്രമെ സാധ്യമാവൂ. ദൈവ ഭക്തിയെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ മഹാനായ ഉമറുബിന്‍ അബ്ദുല്‍ അസീസ് (റ) പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു. 'ധിക്കാരം ഒട്ടുമില്ലാത്ത വിധം അല്ലാഹുവിനോട് വിധേയത്വം പുലര്‍ത്തുകയും, ഒരിക്കലും വിസ്മരിക്കാത്ത വിധം അല്ലാഹുവിനെ സ്മരിച്ചു കൊണ്ടിരിക്കുകയും, നന്ദികേടിന് ഒട്ടും ഇടം നല്‍കാത്ത വിധം അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുക' . 
ദൈവ ഭക്തിയെന്ന ഈ സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെ വഴിയിലേക്ക് മനുഷ്യനെ നയിക്കുന്ന ഏറ്റവും സുപ്രധാന ഘടകം ,അല്ലാഹുവിന്റെ നിരീക്ഷണം സദാ തന്നെ വലയം ചെയ്തു നില്‍ക്കുന്നുവെന്ന ബോധം തന്നെയാണ്. തന്റെ രഹസ്യവും, പരസ്യവും, അല്ലാഹുവിന്റെ നിതാന്ത നിരീക്ഷണിത്തിലാണ് എന്ന ബോധം മനുഷ്യനിലുണ്ടാവുമ്പോള്‍ നന്‍മയുടെ വഴികളിലുറച്ചു നില്‍ക്കുവാനും, തിന്‍മയുടെ ഏത് സാഹചര്യങ്ങളില്‍ നിന്നും അകലം പാലിക്കാനുമുള്ള ഒരു ജാഗ്രത അവന്‍ കാണിക്കുക തന്നെ ചെയ്യും. 
ജീവിതത്തില്‍ സൂക്ഷ്മത കൈമുതലാക്കുകയും, സംശയകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുകയെന്നത്, ദൈവ ഭക്തിയുടെ മറ്റൊരു പ്രധാന പ്രേരകമാണ്. പ്രവാചകര്‍ (സ) പറഞ്ഞു 'അപകടകരമായ തെറ്റുകളില്‍ പെട്ടുപോകുന്നതില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന്റെ ഭാഗമായി സംശയകരമായ കാര്യങ്ങളെക്കൂടി വര്‍ജ്ജിക്കുന്നതു വരെ ഒരാള്‍ക്കും യഥാര്‍ത്ഥ ദൈവ ഭക്തി അവകാശപ്പെടാനാവില്ല'. 
ഇത്തരത്തില്‍ ഒരാളുടെ ഹ്യദയത്തില്‍ ദൈവഭക്തി സ്ഥിര പ്രതിഷ്ഠമാവുമ്പോള്‍, അവന്റെ വാക്കുകളിലും, പ്രവര്‍ത്തികളിലും അതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമായിത്തുടങ്ങും. മാത്രമല്ല , അപ്രതീക്ഷിതവും, അല്‍ഭുതകരവുമായ വഴികള്‍ അല്ലാഹു അവന് തുറന്നു കൊടുക്കുകയും ചെയ്യും. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇപ്രകാരം പറയുന്നു 'ദൈവഭക്തിയിലധിഷ്ഠിതമായി ജീവിതം നയിക്കുന്നവര്‍ക്ക് അവരുടെ കാര്യങ്ങളില്‍ അല്ലാഹു വിശാലത നല്‍കുക തന്നെചെയ്യും'. 
മാത്രമല്ല ദൈവ ഭക്തിയില്‍ അധിഷ്ഠിതമായി ജീവിക്കുന്നവര്‍ക്ക് അവര്‍ പോലും പ്രതീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളിലൂടെ അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിയുമെന്നും അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്. 
അപകടങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ കാവലുണ്ടാവുകയും ,തെറ്റു കുറ്റങ്ങളില്‍ നിന്ന് സുരക്ഷ നല്‍കപ്പെടുകയും ചെയ്യുമെന്നതും ദൈവഭക്തിയുടെ അനന്തരഫലങ്ങളില്‍ പെട്ടതാണ്.  ഭക്തിയോടെ ജീവിതം നയിക്കുന്നവരെ അല്ലാഹു രക്ഷപ്പെടുത്തുകയും, അനിഷ്ടകകരവും, ദുഖകരമോ ആയ സാഹചര്യങ്ങള്‍ക്കിട വരാത്ത വിധം സുരക്ഷിതരാക്കി നിലനിര്‍ത്തുകയും ചെയ്യുമെന്നും വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്. 
തഖ്‌വയുടെ അനന്തര ഫലങ്ങളില്‍ ഏറ്റവും സുപ്രധാനമായത് , അല്ലാഹുവിന്റെ പ്രീതിക്ക് അടിമയെ അത് അര്‍ഹനാക്കി മാറ്റുന്നു എന്നതു തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി ഏതെങ്കിലും അടിമക്ക് സ്വായത്തമാക്കാനായാല്‍, തുടര്‍ന്ന് ഭൗതിക ലോകത്തും പാരത്രിക ലോകത്തുമുള്ള മുഴുവന്‍ പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാഹു അവന്റെ കൂടെയുണ്ടാവുകയും, അവകളെല്ലാം നിഷ്പ്രയാസം തരണം ചെയ്യാന്‍ അവന് സാധിക്കുകയും ചെയ്യും.  വൈയക്തികമായ മേന്‍മകളെക്കാളും, നേട്ടങ്ങളെക്കാളും സാമൂഹിക രംഗത്തും ചലനം സ്യഷ്ടിക്കാന്‍ ദൈവഭക്തി കൈമുതലാക്കിയ ഒരു സമൂഹത്തിന് സാധിക്കും. ഒരു തൊഴിലാളിയെ തന്റെ തൊഴിലില്‍ ആത്മാര്‍ത്ഥയും, തൊഴിലുടമയോട് കൂറുമുള്ളവനുമാക്കി മാറ്റാനും, മാതാപിതാക്കളെ തങ്ങളുടെ സന്തതികളുടെ സ്വഭാവ സംസ്‌കരണ കാര്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കുവാനും, ഒരു കച്ചവടക്കാരനെ തന്റെ ഇടപാടുകളില്‍ നീതിബോധമുള്ളവനാക്കി നിലനിര്‍ത്തുവാനും, ദൈവ ഭക്തി നിമിത്തമായി മാറുന്നു, ഇങ്ങനെ സമൂഹത്തില്‍ ദുരവ്യാപകമായ പ്രതിഫലനങ്ങള്‍ ഇതു കാരണമായി സംജാതമാവുന്നു. 
ജീവിതത്തിന്റെ ഏതു മേഘലകളിലും മിതത്വം ശീലമാക്കണമെന്നുപദേശിക്കുകയും., അമിത വ്യയം പൈശാചിക പ്രേരണയുടെ സ്യഷ്ടിയാണെന്ന് പഠിപ്പിക്കുകയും ചെയ്ത മതമാണിസ്ലാം. ഭക്ഷണ, വസ്ത്ര കാര്യങ്ങളിലെന്ന പോലെ ഏതൊരു പൊതു സ്വത്തിന്റെ ഉപഭോഗത്തിലും ഈ മിതത്വം കര്‍ശനമായി പാലിക്കണമെന്ന് ഇസ്ലാം ശക്തമായി നിശ്കര്‍ഷിക്കുന്നു. പ്രവാചക ജീവിതം ഈ മിത വ്യയത്തിന്റെ ഒരു മകുടോദാഹരണം തന്നെയായിരുന്നു. അവിടുത്തെ സന്തത സഹചാരിയായിരുന്ന അനസ് (റ) അവിടുത്തെ  വ്യയ ശീലങ്ങളെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്. അവിടുന്ന് ഒരു മുദ്ദ് വെള്ളം കൊണ്ട് വുളു ചെയ്യുകയും, ഒരു സ്വാഅ് കൊണ്ട് കുളിക്കുകയും ചെയ്യുമായിരുന്നു. ഇത്തരത്തിലുള്ള മിതവ്യയ ശീലങ്ങളുടെ സന്ദേശ പ്രചരണാര്‍ത്ഥം ആഗോളതലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഭൗമമണിക്കുര്‍ ആചരണത്തില്‍  നാമും പങ്കാളികളാവുക