ആരോഗ്യം അമൂല്യമായ അനുഗ്രഹം
സ്യഷ്ടാവായ അല്ലാഹു മനുഷ്യന് കനിഞ്ഞേകിയ അനുഗ്രഹങ്ങള്‍ വിവരണാതീതമാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ നിങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അത് സാധ്യമാവില്ലെന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ അല്ലാഹു മനുഷ്യനില്‍ ചൊരിഞ്ഞ അനുഗ്രഹങ്ങളില്‍ ഏറ്റവും അപാരമായതാണ് അവന്റെ ആരോഗ്യം. മാനസികവും, ശാരീരികവും, കുടുംബപരവുമാ.യി രോഗങ്ങളില്‍ നിന്നും , മറ്റു പരീക്ഷണങ്ങളില്‍ നിന്നും സുരക്ഷിതമായിരിക്കുന്ന അവസ്ഥയാണ് ആരോഗ്യമെന്നത് കൊണ്ട് ലളിതമായി വിവക്ഷിക്കപ്പെടുന്നത്. ഭൗതിക ജീവിതത്തിലെ സന്തോഷത്തിന്റെയും വിജയത്തിന്റെയും അടിത്തറ ഉപര്യുക്ത അനുഗ്രഹത്തിലാണ് കുടി കൊള്ളുന്നത്. പ്രവാചകന്‍ (സ) പറഞ്ഞു നിങ്ങളിലാരെങ്കിലും, ശാരീരികാരോഗ്യത്തോടെയും, കുടുംബപരമായ സുരക്ഷിതത്വത്തോടെയും, ഒരു ദിവസത്തേക്കാവശ്യമായ ഭക്ഷ്യ വിശാലതയോടെയും നേരം പുലരുന്നുവെങ്കില്‍ ദുന്‍യാവ് പൂര്‍ണ്ണമായും നല്‍കപ്പെട്ടവനു തുല്യമാണവന്‍ . ഈ അനുഗ്രഹം നല്‍കപ്പെട്ടവന്‍ അന്ത്യ നാളില്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് ഇതേ അനുഗ്രഹത്തെക്കുറിച്ചായിരിക്കുമെന്നും പ്രവാചകര്‍ (സ) പഠിപ്പിച്ചു. അപാരമായ ഈ ദൈവീകാനുഗ്രഹത്തിന്റെ പ്രാധാന്യം വേണ്ട വിധം ഉള്‍ക്കൊണ്ടിരുന്നതിനാല്‍ തന്നെ പ്രവാചകരുടെ ദൈനം ദിന പ്രാര്‍ത്ഥനകളിലൊക്കെയും ആരോഗ്യത്തിനായുള്ള തേട്ടങ്ങള്‍ നിറഞ്ഞു നിന്നിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. മാത്രമല്ല തന്റെ അനുയായികളോടും ഇത്തരം കാര്യങ്ങള്‍ പ്രാര്‍ത്ഥനകളില്‍ നിരന്തരം ഉള്‍പെടുത്താന്‍ അവിടുന്ന് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിന്റെ സന്ദേശമുള്‍ക്കൊണ്ട് പുതുവിശ്വാസികളായി തന്റെ മുന്നില്‍ വരുന്നവരോട് നിസ്‌കാരത്തെക്കുറിച്ചു പറഞ്ഞശേഷം പ്രവാചകര്‍ ആദ്യമായി പഠിപ്പിച്ചിരുന്ന പ്രാര്‍ത്ഥനാ വാക്യവും ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ആരോഗ്യമെന്ന അനുഗ്രഹത്തിന്റെ മൂല്യം അങ്ങേയറ്റം ഉള്‍ക്കൊള്ളുന്നതിനാല്‍ തന്നെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ നിരവധി ശീലങ്ങളെക്കുറിച്ച് ഇസ്ലാം മനുഷ്യനെ ബോധവല്‍കരിച്ചു. സദാ ശരീര ശുദ്ധി കാത്തു സൂക്ഷിക്കുവാനും, ആരോഗ്യകരമായ ജീവിതത്തിന് ഹാനികരമാവുന്ന കാര്യങ്ങളില്‍ നിന്നകന്നു നില്‍ക്കാനും ഇസ്ലാം മനുഷ്യനെ പഠിപ്പിച്ചു. രോഗം വരാതെ സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തതു പോലെ തന്നെ രോഗം വന്നാല്‍ ആവശ്യമായ ചികില്‍സകള്‍ തേടുവാനും ഇസ്ലാം പ്രേരിപ്പിച്ചിട്ടുണ്ട്. വാര്‍ദ്ധക്യമല്ലാത്ത മുഴുവന്‍ രോഗങ്ങള്‍ക്കും അല്ലാഹു ചികില്‍സ നിശ്ചയിച്ചിട്ടുണ്ടെന്നും അതിനാല്‍ രോഗവേളകളില്‍ നിങ്ങള്‍ ചികില്‍സ തേടണമെന്നും പ്രവാചകര്‍ (സ) പഠിപ്പിച്ചിട്ടുണ്ട്.
സ്വഹാബികള്‍ ഉദാത്ത മാത്യകകള്‍
ഇസ്ലാമിക വിശ്വാസമുള്‍ക്കൊണ്ട് ജീവിത വേളയിലൊരിക്കലെങ്കിലും അന്ത്യ പ്രവാചകരോടോപ്പം ഒരുമിക്കാന്‍ ഭാഗ്യം ലഭിച്ചവരെയാണ് സ്വഹാബികള്‍ എന്ന് വിളിക്കുന്നത്. സ്യഷ്ടികളിലേറ്റവും ഉത്തമ സ്വഭാവവിശേഷണങ്ങള്‍ക്കുടമയായ പ്രവാചകനുമായി ഇടപഴകുവാനും ആ പ്രകാശഗോപുരത്തില്‍ നിന്ന് നേരിട്ട് വെളിച്ചമുള്‍ക്കൊള്ളുവാനും അവസരം ലഭിച്ചവരെന്ന നിലയില്‍ ചരിത്രത്തില്‍ അവരുടെ സ്ഥാനം അങ്ങേയറ്റം പവിത്രമാണ്. വിശുദ്ധ ഖുര്‍ആനില്‍ തന്നെ വിവിധ ഇടങ്ങളില്‍ ഈ സമൂഹത്തിന്റെ പവിത്രതയും, സ്ഥാനവും വിവരിക്കുന്ന നിരവധി സന്ദേശങ്ങളുണ്ട്. മാത്രമല്ല, പ്രവാചക വചനങ്ങലളും, അസുലഭ ഭാഗ്യത്തിനുടമകളായ ഈ സമൂഹത്തിന്റെ പവിത്രത അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. മനുഷ്യരില്‍ ഏറ്റവും ഉത്തമര്‍ എന്റെ സമകാലികരും, ശേഷം അവരുടെ പിന്‍മുറക്കാരും, തുടര്‍ന്ന് അവരുടെ പിന്‍മുറക്കാരുമാണെന്ന് ഹദീസില്‍ കാണാം. എന്റെ സ്വഹാബികളില്‍ ആരെയും നിങ്ങള്‍ അധിക്ഷേപിക്കരുതെന്നും നിങ്ങളിലൊരാള്‍ പര്‍വ്വത സമാനമായ സ്വര്‍ണ്ണം ദാനം ചെയ്താല്‍ പോലും എന്റെ സ്വഹാബിമാരിലൊരാള്‍ നടത്തിയ ചെറു ത്യാഗത്തിന്റെയും ദാനത്തിന്റെയും പകുതി പോലുമാവില്ലെന്നും മറ്റൊരു പ്രവാചക വചനം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു.
സ്വഹാബികളിലോരോരുത്തരും ഇത്തരം അസാമാന്യ വിശേഷണങ്ങള്‍ക്കും , സ്ഥാനമാനങ്ങള്‍ക്കും സര്‍വ്വഥാ അര്‍ഹരും യോഗ്യരുമാണ്. പ്രവാചകരുടെ സന്തതസഹചാരിയും, ബന്ധുവും, ദിവ്യ സന്ദേശങ്ങളുടെ എഴുത്തുകാരനുമായിരുന്ന മുആവിയ (റ) ഇത്തരം സവിശേഷ മഹത്വങ്ങളുടെ മൂര്‍ത്ത രൂപമായിരുന്നു. അല്ലാഹുവിന്റെ പ്രീതിക്കും , ശാന്തി സ്പര്‍ശത്തിനും ഭാഗ്യം ലഭിച്ചവരായി വാഴ്ത്തപ്പെട്ട ഹൂനൈന്‍ യുദ്ധ സംഘത്തിലെ അംഗമായിരുന്നു മഹാനവര്‍കള്‍. മാ്രതമല്ല അല്ലാഹുവിന്റെ അപാരമായ പാരത്രിക സൗഖ്യം വാഗ്ദാനം ചെയ്യപ്പെട്ടവരുടെ ശ്യംഖലയിലും മുആവിയ (റ) തന്റെ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
സന്‍മാര്‍ഗ ലബ്ധിയും, ജ്ഞാനവും, ആളുകളെ നന്‍മയിലേക്ക് വഴി നടത്താനാവശ്യമായ മാര്‍ഗ്ഗ ദര്‍ശന ശേഷിയും നല്‍കപ്പെടാനുള്ള നബിയുടെ സവിശേഷ പ്രാര്‍ത്ഥനക്കും മുആവിയ (റ) അര്‍ഹനായതായി ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലാമിക ചരിത്രത്തിലാദ്യമായി നാവികയുദ്ധത്തിന് നേത്യത്വം നല്‍കുകയും അതുവഴി സ്വര്‍ഗാവകാശം ഉറപ്പിക്കുകയും ചെയ്തവരുടെ സംഘത്തിലും അദ്ദേഹത്തിന് സ്ഥാനമുണ്ടായിരുന്നു.
തനിക്കു ലഭിക്കുന്ന ദൈവിക സന്ദേശങ്ങളുടെ എഴുത്തുകാരനായി മുആവിയ (റ) നെ പ്രവാചകര്‍ നിശ്ചയിച്ചത് അദ്ദേഹത്തിന്റെ വിശ്വാസ്യതക്കും, കാര്യപ്രാപ്തിക്കും, ലഭിച്ച വലിയ അംഗീകാരം തന്നെയായിരുന്നു.
ക്ഷമാശീലത്തിലും, വിശാല മനസ്‌കതയിലും പകരക്കാരനില്ലാത്തവിധം അതുല്യനായിരുന്നു അദ്ദേഹം. സാഹിത്യ സമ്പന്നതയിലും, വിഷയാവതരണ വൈദഗ്ദ്യത്തിലും അദ്ദേഹത്തെ വെല്ലാന്‍ അധികമാരും ഉണ്ടായിരുന്നില്ല. യുക്തി ചിന്തയിലും ,വിഷയ ഭദ്രതയിലും ഊന്നിയ അദ്ദേഹത്തിന്റെ പല ഉദ്ധരണികളും, സാഹിത്യ സ്‌നേഹികള്‍ക്ക് മുതല്‍ക്കൂട്ടായിരുന്നു.
വിജയം മുഖമുദ്രയാക്കിയിരുന്ന മുആവിയ (റ) ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിപുലീകരണ പാഥയില്‍ നടത്തിയ പല ചരിത്ര ദൗത്യങ്ങളും, ചരിത്രത്തിന്റെ താളുകള്‍ക്ക് അന്നു വരേയും അന്യമായിരുന്നു. അസാമാന്യമായ നേത്യപാടവവും, ധിഷണാ ശേഷിയും കൈമുതലാക്കി അദ്ദേഹം നടത്തിയ നീക്കങ്ങള്‍ അല്‍ഭുതാവഹമായ വിജയങ്ങളാണ് ഇസ്ലാമിനു സമ്മാനിച്ചത്.




