കാന്തപുരം വിഭാഗം വിവരമില്ലാത്തവര്‍- ടി കെ ഹംസ
കോഴിക്കോട്: കാന്തപുരം വിഭാഗം വിവരമില്ലാത്ത ജനക്കൂട്ടമാണെന്ന് സി പി എം സംസ്ഥാനകമ്മിറ്റിയംഗം ടി കെ ഹംസ. മുടി വിവാദത്തിലെ രാഷ്ട്രീയമെന്ന ടി കെ ഹംസ 'ദേശാഭിമാനി'യിലെഴുതിയ ലേഖനത്തെതുടര്‍ന്ന് എസ് കെ എസ് എസ് എഫ് ദൈ്വവാരികയായ 'സത്യധാര'യുടെ ഏറ്റവും പുതിയ ലക്കത്തിന് നല്കിയ അഭിമുഖത്തിലാണ് ടി കെ ഹംസ ഇടതുപക്ഷസഹയാത്രികരായി അറിയപ്പെടുന്ന കാന്തപുരം വിഭാഗത്തിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കാന്തപുരം വിഭാഗത്തെക്കുറിച്ചുള്ള താങ്കളുടെ തുറന്ന അഭിപ്രായം ആവശ്യപ്പെടുന്നതിന് ടി കെ ഹംസ മറുപടി നല്കുന്നു: ''ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാം. ഇവര്‍ ഒരിക്കലും നേരെയാവില്ല. ഹാദാഖൗമുന്‍ ജാഹിലൂന്‍ (വിവരമില്ലാത്ത ജനക്കൂട്ടം)''.
പിണറായിക്ക് ശേഷം തിരുകേശ പള്ളിയുമായി കാന്തപുരം നടക്കുന്നതിനെതിരെ മതപരമായ വീക്ഷണത്തില്‍ തന്നെ ധാരാളം പറയാനുണ്ട്. ഇപ്പോള്‍ പറയുന്നില്ല. താന്‍ ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഒപ്പം നിന്നിട്ടില്ല, ഇനി നില്‍ക്കുകയുമില്ലെന്നുള്ള കാന്തപുരത്തിന്റെ പ്രസ്താവന കളവാണ്. 'അരിവാള്‍ സുന്നി' എന്നല്ലേ അദ്ദേഹത്തിന്റെ പേര്? അതെങ്ങനെ കിട്ടിയതാ....... വെറുതെ കിട്ടുമോ. ലോകം മുഴുവന്‍ അങ്ങനെയല്ലേ വിളിച്ചത്? - ഹംസ തുടര്‍ന്നു ചോദിക്കുന്നു.





