ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; ജനറല്‍ കാറ്റഗറിക്കാര്‍ക്ക് സാധ്യതമങ്ങി
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജ് കര്‍മ്മത്തിനു പോകുന്നവരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്നു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മൂന്നുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ ഉള്‍പ്പെടുന്ന ബി. കാറ്റഗറിയിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഈ കാറ്റഗറിയില്‍ തന്നെ 1620 പേര്‍ ശേഷിക്കുന്നതിനാല്‍ കൂടുതല്‍ ഹജ്ജ് ക്വാട്ട ലഭിച്ചാലും ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഈ വര്‍ഷം അവസരം ലഭിക്കാനുള്ള സാധ്യതമങ്ങി. ഇവരെ നറുക്കെടുപ്പിലൂടെ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
മൊത്തം 49429 പേരാണ് ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ചത്. ഇതില്‍ 70 വയസ്സിനുമുകളിലുള്ളവര്‍ക്കും അവരുടെ ഒരു സഹായിക്കും മൂന്ന് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ച് അവസരം ലഭിക്കാത്തവര്‍ക്കും തിരഞ്ഞെടുപ്പില്ലാതെ അവസരം നല്‍കുമെന്നാണ് ഹജ്ജ് കമ്മിറ്റി അറിയിച്ചിരുന്നത്. 70 വയസ്സു കഴിഞ്ഞവരുടെ 'എ' കാറ്റഗറിയില്‍ 3120 അപേക്ഷയും 4-ാം വര്‍ഷ അപേക്ഷകരുടെ 'ബി' കാറ്റഗറിയില്‍ 4987 അപേക്ഷകരുമാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പില്ലാത്ത സീറ്റ് നല്‍കേണ്ട 8107 അപേക്ഷകരുണ്ടായിരുന്നു. സംസ്ഥാനത്തിന് ആകെ ലഭിച്ചത് 6487 ഹജ്ജ് സീറ്റുകളാണ്. 70 വയസ്സുകഴിഞ്ഞ 3120 പേര്‍ക്കും അവസരം നല്‍കി. 'ബി' കാറ്റഗറിയില്‍പ്പെട്ട 3367 പേരെ തെരഞ്ഞെടുക്കാനാണ് നറുക്കെടുത്തത്. ഈ കാറ്റഗറിയില്‍ മാത്രം 1620 പേര്‍ വെയിറ്റിങ് ലിസ്റ്റിലുണ്ട്. ഇതു കൂടാതെ ജനറല്‍ കാറ്റഗറിയില്‍ അപേക്ഷിച്ച 41296 പേരും വെയ്റ്റിങ് ലിസ്റ്റില്‍ തന്നെയാണ്. ഇനി ക്വാട്ട കൂടുതല്‍ ലഭിച്ചാല്‍ തന്നെ അത് 'ബി' കാറ്റഗറിയില്‍പ്പെടുന്ന വെയ്റ്റിങ് ലിസ്റ്റുകാര്‍ക്ക് നല്‍കിയശേഷമേ ജനറല്‍ കാറ്റഗറിയെ പരിഗണിക്കൂ. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍, ഹജ്ജ് റിസര്‍വ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.




