പ്ലസ്‌വണ്‍ ഏകജാലകം: രണ്ടാം അലോട്ട്‌മെന്റ് നാളെ (26)
മലപ്പുറം: പ്ലസ്‌വണ്‍ ക്ലാസുകള്‍ 28ന് ആരംഭിക്കാനിരിക്കെ ജില്ലയില്‍ ആദ്യ അലോട്ട്‌മെന്റിലൂടെ പ്രവേശനം നേടിയത് 28,879 പേര്‍ മാത്രം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മാത്രം ജില്ലയില്‍ നിന്ന് 68,000-ത്തിലധികം പേര്‍ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്. അതോടൊപ്പം സി.ബി.എസ്.ഇ തുടങ്ങിയ സിലബസിലൂടെ പഠിച്ചവര്‍ വേറെയുമുണ്ട്. ഇവരുടെയെല്ലാം എണ്ണംവെച്ച് താരതമ്യം ചെയ്യുമ്പോള്‍ ജില്ലയ്ക്ക് ഏകജാലകം വഴി അനുവദിച്ചിരിക്കുന്ന സീറ്റുകളും പരിമിതമാണ്.
34,273 സീറ്റുകള്‍ മാത്രമാണ് ഏകജാലകം വഴി ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ 69,940 പേര്‍ ഏകജാലകം വഴി പ്രവേശനം നേടാന്‍ അപേക്ഷിച്ചിട്ടുമുണ്ട്. അപേക്ഷകരില്‍തന്നെ മൂന്നിലൊരു ഭാഗം പേര്‍ക്ക് ഏകജാലകം വഴി പ്രവേശനം കിട്ടാനും സാധ്യതയില്ല.
ഇവരില്‍ ഒരുവിഭാഗത്തിന് അണ്‍എയ്ഡഡ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട വഴിയും പ്രവേശനം നേടേണ്ടിവരും.
ബാക്കി വരുന്നവര്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതിനിടെ ജില്ലയില്‍ രണ്ടാം അലോട്ട്‌മെന്റുകൂടി പൂര്‍ത്തിയായാല്‍ മാത്രമേ എത്രപേര്‍ ഏകജാലകം വഴി പ്രവേശനം നേടിയെന്ന കണക്കുകള്‍ വ്യക്തമാകൂ.
ആദ്യ അലോട്ട്‌മെന്റില്‍ താത്കാലികമായി പ്രവേശനം നേടിയ എത്രപേര്‍ സ്ഥിരം പ്രവേശനം നേടുമെന്നറിഞ്ഞേ പുതുതായി എത്രപേര്‍ക്കുകൂടി പ്രവേശനം കിട്ടുമെന്ന് പറയാന്‍ കഴിയൂ. അതിനിടെ രണ്ടാം അലോട്ട്‌മെന്റ് തീരുന്നതിന്റെ പിറ്റേന്ന് ക്ലാസുകള്‍ ആരംഭിക്കും.
ക്ലാസ് തുടങ്ങിയാലും പ്രവേശന നടപടികള്‍ തുടരാനാണ് സാധ്യത. ഒന്നും രണ്ടും അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും 'സേ' പരീക്ഷ വഴി ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്കുമായി സപ്ലിമെന്ററി അലോട്ട്‌മെന്റ് പിന്നീട് നടക്കും.
മുഖ്യ അലോട്ട്‌മെന്റ് പ്രക്രിയ അവസാനിച്ചിട്ടും കൂടുതല്‍ ഇഷ്ടപ്പെട്ട സ്‌കൂളും കോമ്പിനേഷനും ലഭിക്കാത്തവര്‍ക്ക് ആദ്യം സ്‌കൂള്‍ മാറ്റത്തിനും പിന്നീട് ആവശ്യമെങ്കില്‍ അവിടെത്തന്നെ കോമ്പിനേഷന്‍ മാറ്റത്തിനും അപേക്ഷിക്കാം. ഒഴിവുള്ള പക്ഷം മെറിറ്റ് അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ലഭിക്കാന്‍ സാധ്യതയുമുണ്ട്.




