ഇസ്‌റാഅ് മിഅ്‌റാജ്
സ്ഥാന വിളംബരത്തിന്റെ മഹാപ്രയാണം
അനുഗ്രഹീത റജബ് മാസത്തിന്റെ പുണ്യം നിറഞ്ഞ ദിനരാത്രങ്ങളിലൂടെയാണ് മുസ്ലിം ലോകം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത് . യുദ്ധം നിശിദ്ധമാക്കപ്പെട്ട മാസങ്ങളിലൊന്ന് എന്നതിലുപരി അന്ത്യ പ്രവാചകര്‍ അല്ലാഹുവിന്റെ മാസമെന്നു പരിചയപ്പെടുത്തിയതും ഇതേ മാസത്തെയായിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ റജബ് മാസം ഏറ്റവും കൂടുതല്‍ സ്മരിക്കപ്പെടുന്നത് അന്ത്യ പ്രവാചകരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായൊരു ചരിത്ര സംഭവത്തിന്റെ പിറവിയിലൂടെയാണ്. ഇസ്‌റാഅ് മിഅ്‌റാജ് എന്ന പേരിലാണ് ഇസ്ലാം ഈ ചരിത്ര സംഭവത്തെ പരിചയപ്പെടുത്തുന്നത്.സത്യ പ്രബോധന മാര്‍ഗത്തില്‍ പ്രവാചകര്‍ ഏറ്റവുമധികം പ്രയാസങ്ങളനുഭവിക്കുകയും, പ്രതീക്ഷയുടെ കിരണങ്ങളൊക്കെയും കൈവിട്ടു പോകുന്നുവെന്ന നിരാശാബോധം പ്രവാചകരെ പിടികൂടുകയും ചെയ്ത ഒരു വേളയില്‍ ആ ഹ്യദയത്തിലെ മുറിപ്പാടുകളുണക്കുവാനും സാന്ത്വനത്തിന്റെ തലോടല്‍ നല്‍കുവാനുമാണ് ഈയൊരു യാത്ര അല്ലാഹു സംവിധാനിച്ചത് . .മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസിലേക്കും, അവിടുന്ന് ഏഴാകാശങ്ങളിലേക്കും, തുടര്‍ന്ന് അല്ലാഹു ഉദ്ദേശിച്ച മറ്റു സ്ഥാനങ്ങളിലേക്കും ഒരൊറ്റ രാത്രിയുടെ യാമങ്ങള്‍ക്കിടയില്‍ തന്റെ അന്ത്യ പ്രവാചകനെക്കൊണ്ട് അല്ലാഹു നടത്തിച്ച പ്രയാണമാണ് ഇസ്‌റാഉം മിഅ്‌റാജും. ഇതില്‍ മക്കയില്‍ നിന്ന് ബൈതുല്‍ മുഖദ്ദസ് വരെയുള്ള യാത്ര ഇസ്‌റാഅ് എന്നും തുടര്‍ന്നുള്ള പ്രയാണം മിഅ്‌റാജ് എന്നും അറിയപ്പെടുന്നു.
ഇതിലെ ആദ്യഘട്ടം വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ പ്രഖ്യാപനം വഴിയും രണ്ടാം ഘട്ടം സ്വീകാര്യയോഗ്യമായ നിരവധി പ്രവാചക വചനങ്ങള്‍ വഴിയും സ്ഥിരപ്പെട്ടതാകയാല്‍ ഒരു സത്യ വിശ്വാസി ഒരിക്കലും ഇവയുടെ സാധ്യതയില്‍ സംശയാലുവായിക്കൂടാ.
ഓരോ പ്രവാചകര്‍ക്കും തങ്ങളുടെ ദൗത്യ നിര്‍വ്വഹണത്തിന് സഹായകമാവും വിധത്തില്‍, അമാനുഷിക സിദ്ധികള്‍ കൊണ്ട് പിന്‍ബലമേകിയ അല്ലാഹു, തന്റെ അന്ത്യ പ്രവാചകനു നല്‍കി അമാനുഷിക അംഗീകാരങ്ങളില്‍ ഒന്നായിരുന്നു ഇത്. മനുഷ്യ കുലത്തിന് ഒട്ടനവധി പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ഈ യാത്രയുടനീളം ഈ പ്രവാചകന് അല്ലാഹു നല്‍കിയ അനിതരസാധാരണമായ അംഗീകരാങ്ങളുടെയും, സ്ഥാനമാനങ്ങളുടെയും ഒരു പരസ്യ പ്രഖ്യാപനം തന്നെയായിരുന്നു. ലോകത്ത് കഴിഞ്ഞു പോയവരും ഇനി ലോകാവസാനം വരെ വരാനിരിക്കുന്നവരുമായ മുഴുവന്‍ സ്യഷ്ടികളുടെയും നായകത്വം തന്റെ ചുമലിലാണെന്ന ബോധം ആ പ്രവാചകര്‍ക്കു പകര്‍ന്നു നല്‍കുവാനും ഈ യാത്രയെ അല്ലാഹു ഹേതുവാക്കി. മക്കയില്‍ നിന്ന് ജിബ്‌രീല്‍ (അ) നൊപ്പം ബുറാഖ് എന്ന അല്‍ഭുത വാഹനപ്പുറത്തേറി ബൈതുല്‍ മുഖദ്ദസിലെത്തിച്ചേര്‍ന്ന പ്രവാചകര്‍ക്ക് അവിടെ ലഭിച്ചത് ഐതിഹാസികമായൊരു സ്വീകരണമായിരുന്നു. ലോകത്തന്നോളം കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകരും ഒരുമിച്ച് കൂടിയ ഊശ്മള സ്വീകരണ ശേഷം, അവരുടെ ഇമാമായി പ്രവാചകര്‍ (സ) നിസ്‌കരിക്കുകയും, കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഏഴാകാശങ്ങളിലേക്കും, അല്ലാഹു ഉദ്ദേശിച്ച , ഉന്നത സ്ഥാനങ്ങളിലേക്കും, അല്ലാഹു തന്റെ ഇഷ്ട ദാസനെ ആനയിച്ചുകൊണ്ടു പോയി.
മുന്‍കാല പ്രവാചകരുമായി സംവദിച്ചും സദുപദേശങ്ങള്‍ പരസ്പരം കൈമാറിയുമുള്ള ആ യാത്രക്കിടയില്‍ തന്റെ സമൂഹത്തിന് പാഠമാക്കേണ്ട പല കാഴ്ചകളും പ്രവാചകന് അല്ലാഹു കാണിച്ചു കൊടുത്തു. വ്യഭിചാരികളും പലിശ ഭോജികളും, പരദൂഷണക്കാരുമെല്ലാം അനുഭവിക്കേണ്ടി വരുന്ന ഭയാനകമായ ശിക്ഷാമുറകളും,സദ്‌വ്യത്തരായ വിശ്വാസികളെ കാത്തിരിക്കുന്ന അവര്‍ണ്ണനീയ അനുഭൂതികളുമെല്ലാം ആ യാത്രയില്‍ പ്രവാചകനു മുന്നില്‍ ദ്യശ്യ വല്‍കരിക്കപ്പെട്ടു. അവയുടെയൊക്കെ ഗൗരവം വേണ്ട വിധം ഉള്‍ക്കൊള്ളുവാനും ആ സന്ദേശങ്ങള്‍ തന്റെ സമൂഹത്തിന് കൈമാറുവാനുമുള്ള ഒരു മുന്നൊരുക്കമായിരുന്നു അത്. മിഅ്‌റാജ് വേളയില്‍ ചെ മ്പിനാലുള്ള നഖങ്ങള്‍ കൊണ്ട് സ്വന്തം മുഖവും നെഞ്ചും മാന്തിപ്പിളര്‍ത്തു കൊണ്ടിരുന്ന ഒരു വിഭാഗത്തിനടുത്ത് കൂടെ ഞാന്‍ നടന്നു പോയി ഭയാനകമായ അവസ്ഥയിലുള്ള ഈ വിഭാഗമാരാണ് എന്ന ചോദ്യത്തിന് ഇവര്‍ ജനങ്ങളുടെ അഭിമാനങ്ങള്‍ തകര്‍ത്തവരും അവരെക്കുറിച്ച് പരദൂഷണങ്ങള്‍ പറഞ്ഞിരുന്നവരുമാണ് എന്ന് ജിബ്‌രീല്‍ (അ) മറുപടി നല്‍കുകയും ചെയ്തു എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
ഏഴാനാകാശത്തിന്റെയും വിശാലതകള്‍ക്കപ്പുറം മലക്കുകള്‍ക്കു പോലും പ്രവേശനം വിലക്കപ്പെട്ട അത്യുന്നത സോപാനങ്ങളിലാക്കാണ് തുടര്‍ന്ന് പ്രവാചകര്‍ ആനയിക്കപ്പെട്ടത്. തന്റെ രക്ഷിതാവായ അല്ലാഹുവുമായി അവിടുന്ന് അഭിമുഖ സംഭാഷണം നടത്തുകയും തന്റെ സമൂഹത്തിന് അല്ലാഹു നല്‍കിയ സമ്മാനം സസന്തോഷം അവിടുന്ന് സ്വീകരിക്കുകയും ചെയ്തു.
സംഭവബഹുലമായ ഈ യാത്രക്കുശേഷം രാത്രി വെളുക്കുംമുമ്പേ മക്കയില്‍ തിരിച്ചെത്തിയ പ്രവാചകന് ഈ സംഭവം പുറത്തു പറഞ്ഞതിന്റെ പേരില്‍ അതിക്രൂരമായ പരിഹാസവും അവഹേളനങ്ങളുമാണ് നേരിടേണ്ടി വന്നത്.
പരീക്ഷണാര്‍ത്ഥം, ബൈതുല്‍ മുഖദ്ദസിലെ വിവിധ കാര്യങ്ങളെക്കുറിച്ച് ശത്രുക്കള്‍ നടത്തിയ ചോദ്യം ചെയ്യലിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അല്ലാഹുവിന്റെ സഹായം പുണ്യ പ്രവാചകന് തുണയായി. അവരുടെ ചോദ്യങ്ങളോരോന്നിനും വ്യക്തവും ക്യത്യവുമായി അവിടുന്ന് മറുപടി നല്‍കി. വിശ്വാസം ഹ്യദയത്തിലുറച്ചവരുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ അളവുകോലാവാനും ഈ സംഭവത്തിന് സാധിച്ചു. പരിഹാസ പൂര്‍വ്വം അബൂബക്കര്‍ (റ) വിന്റെ മുന്നിലെത്തി മുഹമ്മദിന്റെ ഈ യാത്രയെക്കുറിച്ച് നീ എന്തു പറയുന്നു എന്നു ചോദിച്ചവരോട് അദ്ദേഹം പ്രതികരിച്ചതിപ്രകാരമായിരുന്നു .എന്റെ പ്രവാചകന്‍ അങ്ങനെ പറഞ്ഞുവെങ്കില്‍ തീര്‍ച്ചയായും ഞാനത് പൂര്‍ണ്ണമായും വിശ്വസിക്കുന്നു എന്നായിരുന്നു. ദൈനം ദിനം ആകാശലോകത്ത് നിന്ന് ദിവ്യസന്ദേശങ്ങള്‍ സ്വീകരിക്കുന്ന എന്റെ നായകന്‍ ഇത്തരമൊരു യാത്ര നടത്തിയെങ്കില്‍ എനിക്കതില്‍ അസ്വീകാര്യമായി ഒന്നുമില്ലെന്നും അബൂബക്കര്‍ (റ) കൂട്ടിച്ചര്‍ത്തു.
ഇസ്ലാമിക ചരിത്ര സംഭവങ്ങള്‍ വേണ്ട വിധമുള്‍ക്കൊള്ളുവാനും അവയില്‍ നിന്ന് ഗുണപാഠങ്ങളുള്‍ക്കൊണ്ട് ജീവിക്കുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടേ ആമീന്‍





