'ഇഫ്‌ളു' സര്‍വകലാശാലയ്ക്ക് സ്വാഗതം
മലപ്പുറം അന്താരാഷ്ട്ര വിദ്യാഭ്യാസ ഭൂപടത്തിലേക്ക്
മലപ്പുറം: ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാലയുടെ ഓഫ് കാമ്പസ് മലപ്പുറം പാണക്കാടുള്ള ഇന്‍കെലിന്റെ നൂറേക്കര്‍ സ്ഥലത്ത് യാഥാര്‍ഥ്യമാകുന്നതോടെ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം രാജ്യാന്തര ശ്രദ്ധനേടുമെന്ന് പ്രതീക്ഷ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും ഗവേഷകരും മലപ്പുറത്തെ കാമ്പസില്‍ പഠനത്തിനും മറ്റുമായി എത്തും. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കോ ജില്ലയില്‍ നിന്നുള്ളവര്‍ക്കോ പ്രവേശനത്തിന് പ്രത്യേക വെയിറ്റേജ് നല്‍കുന്നില്ലെങ്കില്‍പോലും വിദേശ ഭാഷകളുമായി ബന്ധപ്പെട്ട പഠനത്തിന് ഇവിടുത്തുകാര്‍ക്കും അവസരമൊരുങ്ങും. ആഗോള പ്രവേശന പരീക്ഷയിലൂടെയായിരിക്കും പ്രവേശനം. ഇത്തരത്തില്‍ ലോകോത്തര നിലവാരമുളള വിദ്യാഭ്യാസ സ്ഥാപനം യാഥാര്‍ഥ്യമാകുകവഴി രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും ഗവേഷണത്തിനും പുതിയ അവസരമാവുകയും ചെയ്യും. ഹൈദരാബാദിലെ 'ഇഫ്‌ളു' സര്‍വകലാശാല ആസ്ഥാനത്തുള്ള കോഴ്‌സുകള്‍ അഞ്ചുവര്‍ഷത്തിനകം മലപ്പുറം ഓഫ് കാമ്പസിലും എത്തുമെന്നാണ് പ്രതീക്ഷ. തുടക്കത്തില്‍ ഏതാനും ഭാഷകളില്‍ പഠന-ഗവേഷണ സൗകര്യത്തോടെ 2013ലെ അധ്യയനവര്‍ഷത്തില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കാനും തീരുമാനമുണ്ട്. താത്കാലിക കെട്ടിടത്തിലാകും ആദ്യം പ്രവര്‍ത്തിക്കുക. തുടര്‍ന്ന് അഞ്ചുവര്‍ഷംകൊണ്ട് ഹൈദരാബാദിലെ സര്‍വകലാശാല ആസ്ഥാനത്തുള്ളത്രയും കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം. സ്ഥലം കൈമാറ്റത്തില്‍ റവന്യു വകുപ്പില്‍നിന്നുളള അനുമതിയും മറ്റും കിട്ടിയാല്‍ മറ്റ് കാര്യങ്ങള്‍ കഴിയുന്നത്ര വേഗം പൂര്‍ത്തിയാക്കും.




