മുജാഹിദ് പ്രസ്ഥാനം സത്യപാതയിലേക്ക്
തിരിച്ചുവരണം: എസ്.കെ.എസ്.എസ്.എഫ് കൗണ്‍സില്‍ ക്യാമ്പ്
വളവന്നൂര്‍: ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയായ ഏകദൈവ വിശ്വാസത്തിന് വ്യത്യസ്തമായ വ്യാഖ്യാനം നല്‍കി പാരമ്പര്യ മുസ്‌ലിംകളെ ബഹുദൈവ വിശ്വാസികളായി ചിത്രീകരിക്കുകയും ഇപ്പോള്‍ മുന്‍കാല പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളിലേക്ക് തിരിച്ചെത്തുകയും ചെയ്ത കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം പിരിച്ചുവിട്ട് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കാന്‍ തന്റേടം കാണിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ആവശ്യപ്പെട്ടു. ശുദ്ധമായ തൗഹീദ് പ്രചരിപ്പിക്കാനെന്ന പേരില്‍ മതത്തിന്റെ പേരില്‍ രംഗത്തുവന്ന മുജാഹിദ് പ്രസ്ഥാനം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിക്കളഞ്ഞ് സ്വയം ഗവേഷകരായി ആശയകുഴപ്പം സൃഷ്ടിച്ച് കടുത്ത പ്രതിസന്ധിയിലേക്ക് എത്തിച്ചേര്‍ന്നത് അവര്‍ക്ക് സംഭവിച്ച മാര്‍ഗഭ്രംശനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
വര്‍ത്തമാനകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ക്രൂരതകളിലും അക്രമപ്രവര്‍ത്തനങ്ങളിലും കൗണ്‍സില്‍ ആശങ്ക അറിയിച്ചു.
രണ്ട് ദിവസങ്ങളിലായി വളവന്നൂര്‍ ബാഫഖി കാമ്പസില്‍ നടന്നുവന്ന ക്യാമ്പില്‍ ഇന്ന് നടന്ന പ്രഭാത ചിന്താ സെഷനില്‍ സാലിംഫൈസി കൊളത്തൂര്‍ ക്ലാസെടുത്തു. 'സംഘടന സംവേദനം' സെഷനില്‍ എം.പി. മുസ്തഫല്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി വിഷയങ്ങള്‍ അവതരിപ്പിച്ചു. സംഘടനാ ചര്‍ച്ചകള്‍ക്കും റിപ്പോര്‍ട്ടിംഗിനും ശേഷം നടന്ന പ്ലീനറി സെഷനില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, അയ്യൂബ് കൂളിമാട്, അബ്ദുറഹീം ചുഴലി നേതൃത്വം നല്‍കി. കൗണ്‍സില്‍ ക്യാമ്പില്‍ രൂപം നല്‍കിയ അടുത്ത ആറ് മാസത്തേക്കുള്ള സംഘടനാ കര്‍മ്മ പദ്ധതിയും സില്‍വര്‍ ജൂബിലി പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ പദ്ധതികളും ജില്ലാ കൗണ്‍സില്‍ ക്യാമ്പുകളില്‍ തുടര്‍ന്ന് അവതരിപ്പിക്കപ്പെടും.
ഉച്ചക്ക് ശേഷം നടന്ന സമാപന സെഷന്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി, സിദ്ദീഖ് ഫൈസി വെണ്‍മല പ്രസംഗിച്ചു.





