സൂറത്തുല്‍ അസ്ര്‍, ഹ്യസ്വതയുടെ ഗാംഭീര്യം
മനുഷ്യ ജീവിതത്തിന്റെ സമ്പൂര്‍ണ്ണ മാര്‍ഗരേഖയായാണ് വിശുദ്ധ ഖുര്‍ആനിനെ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ നാനാ തലങ്ങളെയും സമൂലമായി സ്പര്‍ശിക്കുന്ന ഒരു സമഗ്ര ഭരണഘടന തന്നെയാണത് എന്നതാണ് വസ്തുത . ജീവിതത്തിന്റെ ഏതു ഘട്ടത്തിലും മനുഷ്യന് അഭിമുഖീകരിക്കേണ്ടിവരാവുന്ന വൈവിധ്യമാര്‍ന്ന സമസ്യകള്‍ക്ക് വിജയകരമായി പൂരണം നല്‍കാനും, വളര്‍ച്ചയുടെയും വികാസത്തിന്റെയും ഏതു പടവുകള്‍ കയറുമ്പോഴും മനുഷ്യന്റെ ചോദ്യങ്ങള്‍ക്ക് യുക്തി ഭദ്രമായ ഉത്തരം നല്‍കുവാനും വിശുദ്ധ ഖുര്‍ആനിനു മാത്രമെ സാധിച്ചിട്ടുള്ളൂവെന്നത് ലോകത്തിനു മുന്നിലെ ഒരനുഭവ സാക്ഷ്യവുമാണ്.
വിശുദ്ധ ഖുര്‍ആന്‍ നിരന്തരം പാരായണം ചെയ്യുവാനും അതിലുപരി അതിന്റെ അന്തസ്സത്ത വേണ്ടവിധം ജീവിതത്തില്‍ പകര്‍ത്തുവാനും അല്ലാഹു മനുഷ്യനെ നിരന്തരം പ്രേരിപ്പിച്ചതായി കാണാം. വലുപ്പചെറുപ്പ ഭേദമന്യെ ഈ ഗ്രന്ഥത്തിലെ ഓരോ സൂക്തങ്ങളും പരശ്ശതം ആശയങ്ങളുള്‍ക്കൊള്ളുന്നതും, അവയില്‍ പലതും കേവല മനുഷ്യന്റെ യുക്തി ചിന്തകളുടെ പരിധികള്‍ക്കപ്പുറം നില്‍ക്കുന്നതുമാണ്. ഇത്തരത്തില്‍ മനുഷ്യ ജീവിതത്തിന്റെ നാനാ തലങ്ങളെ സ്പര്‍ശിക്കുന്ന അതിഗഹനമായ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന ഒരധ്യായമാണ് സൂറത്തുല്‍ അസ്ര്‍ . കേവലം മൂന്നു സൂക്തങ്ങള്‍ മാത്രമുള്‍ക്കൊള്ളുന്ന ഈ അധ്യായം ആശയസമ്പന്നതയിലും, അര്‍ത്ഥ പൂര്‍ണ്ണതയിലും വിസ്മയാവഹമായ ഒരുസ്ഥാനമാണര്‍ഹിക്കുന്നത്. ഒരാള്‍ ഈ അധ്യായത്തിന്റെ ആശയസമ്പന്നത അര്‍ഹമായ വിധമുള്‍ക്കൊള്ളുന്നുവെങ്കില്‍ അവന്റെ ജീവിതത്തെ ധര്‍മനിഷ്ഠമാക്കാന്‍ അതു തന്നെ ധാരാളമാണെന്നു പോലും പണ്ഢിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാനായ പ്രവാചകര്‍ (സ) യുടെ ഉത്തമാനുയായികളായ സ്വഹാബികള്‍ അവരുടെ സംഗമ വിരഹ വേളകളിലൊക്കെയും ഈ സൂറത്ത് പതിവായി പാരായണം ചെയ്യാറുണ്ടായിരുന്നുവെന്നും ചരിത്രത്തില്‍ കാണാം. കാലമെന്ന അവര്‍ണ്ണനീയ പ്രതിഭാസത്തിന്റെ പേരില്‍ സത്യം ചെയ്തുകൊണ്ടാണ് ഈ അധ്യായം അല്ലാഹു ആരംഭിച്ചിരിക്കുന്നത്. സമയത്തിന്റെ അമൂല്യതയെയും, മനുഷ്യന്‍ അതിനു കല്‍പിച്ചിരിക്കേണ്ട വിലയെയുമാണ് ഈ തുടക്കം സൂചിപ്പിക്കുന്നത് എന്നാണു പണ്ഢിത മതം. സമയം മനുഷ്യന് അല്ലാഹു കനിഞ്ഞു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണെന്നും അതിലൊരു നിമിഷം പോലും പാഴാക്കുന്നവന്‍ നാളെ അല്ലാഹുവിന് മുന്നില്‍ മറുപടി നല്‍കേണ്ടി വരുമെന്നുമുള്ള സന്ദേശമാണ് ഈ സത്യം ചെയ്യലിലൂടെ അല്ലാഹു നല്‍കുന്നത്. ജീവിതത്തിന്റെ നിമി.ഷങ്ങളോരോന്നും തിരിച്ചെടുക്കാനാവാത്ത വിധം തന്നില്‍ നിന്നകന്നു പോവുകയാണെന്ന ഉദാത്ത ബോധത്തോടെ, ലഭ്യമായ ഓരോ നിമിഷവും നന്‍മനിറഞ്ഞ വഴിയിലൂടെ ചിലവഴിക്കുന്നവരാരോ അവര്‍ വിജയികളും ഈ ബോധം കൈമോശം വരുത്തി അലക്ഷ്യരായി ജീവിക്കുന്നവര്‍ പരാജിതരുമായിത്തീരുമെന്നും ഈ വാക്യത്തിന്റെ ആന്തരാര്‍ത്ഥങ്ങളില്‍ ചിലതായി ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. ജീവിതത്തില്‍ താന്‍ ചെയ്തുകൂട്ടുന്ന നന്‍മ തിന്‍മകളിലോരോന്നും, അവയെത്രമാത്രം നിസ്സാരമായിരുന്നാല്‍ പോലും തന്റെ ആത്യന്തികമായ വിജയപരാജയങ്ങളില്‍ സ്വാധീനം ചെലുത്തുക തന്നെ ചെയ്യുമെന്ന ചിന്തയാണ് സദാ മനുഷ്യന്റെ കൂടെയുണ്ടാവേണ്ടത്.
ലോകത്താകമാനമുള്ള മനുഷ്യര്‍ പ്രാഥമികമായ ഒരു വര്‍ഗീകരണത്തില്‍, കേവലം രണ്ടു വിഭാഗമാണെന്ന് ഈ അധ്യായത്തിലെ തുടര്‍ സൂക്തങ്ങള്‍ സൂചിപ്പിക്കുന്നു ഒരു വിഭാഗം ആത്യന്തികമായ ജീവിത വിജയം നേടുന്നവരും മറുവിഭാഗം പരാജയത്തിന്റെ കൈപുനീര്‍ കുടിക്കേണ്ടി വരുന്നവരുമായിരിക്കുമെന്നതാണ് ആ വരികളുടെ രത്‌നച്ചുരുക്കം. തന്റെ സ്യഷ്ടാവായ അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുകയും, ആ വിശ്വാസത്തിലധിഷ്ഠിതമായി തന്റെ ജീവിതത്തിന് താളക്രമം നിശ്ചയിക്കുകയും ചെയ്യുന്നവര്‍ വിജയികളും ഈ വിശ്വാസം കൈമോശം വരുത്തി സ്വജീവിതം ലക്ഷ്യബോധമില്ലാതെ ജീവിച്ചു തീര്‍ക്കുന്നവര്‍ പരാജിതരും ആയിത്തീരുക തന്നെ ചെയ്യുമെന്നതാണ് ചെറിയ വാക്കുകളിലൂടെ ഈ അധ്യായം പറഞ്ഞു വെക്കുന്നത്. തന്റെ സ്യഷ്ടാവായ അല്ലാഹുവിനെ രക്ഷിതാവായും, ആ രക്ഷിതാവിനാല്‍ നിര്‍ദ്ദിഷ്ടമായ ജീവിത വ്യവസ്ഥിതിയായ ഇസ്ലാമിനെ തന്റെ ജീവിത മാര്‍ഗരേഖയായും, ഈ സന്ദേശങ്ങളൊക്കെയും തന്നിലേക്കു പകര്‍ന്നു നല്‍കപ്പെടാന്‍ ഹേതുവായ പ്രവാചകര്‍ മുഹമ്മദ് (സ) തങ്ങളെ തന്റെ പ്രവാചകനായും സര്‍വ്വാത്മനാ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമെ ഈ വിശ്വാസത്തിന്റെ മാധുര്യം ഹ്യദയസ്പര്‍ശിയാവൂ. വിവരണാതീതമായ ഈ മാധുര്യം ഏറ്റവും നിസ്സാരമായൊരളവില്‍ പോലും ഹ്യദയത്തിലേറ്റുന്നവന്റെ ശരീരാവയങ്ങളോരോന്നും നന്‍മയുടെ മാര്‍ഗത്തില്‍ മാത്രമെ ചലനാത്മകമാവൂ. തന്റെ ഉച്ഛ്വാസ നിശ്വാസങ്ങളും, മാനസിക വിചാരങ്ങള്‍ പോലും തന്റെ രക്ഷിതാവിന്റെ പ്രീതി നേടാനുള്ള ഉപാധിയാക്കാന്‍ ഈ മാധുര്യം ഹ്യദയത്തിലേറ്റിയവനു മാത്രമെ സാധിക്കൂ.
ഈ സന്ദേശമുള്‍ക്കൊണ്ട് സ്വജീവിതം ധര്‍മമ നിഷ്ടമാക്കിയ ഒരാള്‍ക്കും തന്റെ മറ്റൊരു മുസ്ലിം സഹോദരന്‍ നാശത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നത് നിസ്സംഗനായി നോക്കിനില്‍ക്കാനാവില്ല. പ്രത്യുത തനിക്കു പകര്‍ന്നു കിട്ടിയ ഈമാനികമായ ദിവ്യപ്രകാശം തന്റെ സഹോദരനിലേക്കു കൂടി പ്രസരിപ്പിക്കുവാനും അതുവഴി അവന്റെ ജീവിതം കൂടി ധര്‍മ്മത്തിന്റെ വഴിയിലേക്കു തെളിയിക്കുവാനും അവന്‍ സദാ ജാഗരൂകനായിരിക്കും. അങ്ങനെയായിരിക്കണമെന്ന സന്ദേശമാണ് ഈ അധ്യായത്തില്‍ അല്ലാഹു തുടര്‍ന്ന് സൂചിപ്പിക്കുന്നത്. നന്‍മയുടെ വെളിച്ചം സ്വാംശീകരിച്ചവന്‍ ,സദുപദേശങ്ങളിലൂടെയും, പരസ്പര സഹകരണത്തിലൂടെയും തന്റെയീ ഉള്‍വെളിച്ചം തന്റെ സഹജീവികളിലേക്ക് സദാ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നവനാകണമെന്നതാണ് ഈ വരികള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ ഹ്യസ്വമായ തന്റെ ജീവിതത്തില്‍ സ്വയം ചെയ്യുന്ന സുക്യതങ്ങളുടെ പ്രതിഫലത്തോടൊപ്പം , താന്‍ കാണിച്ച വഴി പിന്തുടര്‍ന്ന് തന്റെ സഹജീവികള്‍ ചെയ്യുന്ന സുക്യതങ്ങളുടെ കൂടി പ്രതിഫലത്തില്‍ കൂടി പങ്കുകാരനാവാന്‍ സാധിക്കുന്നുവെന്ന അസുലഭ ഭാഗ്യവും അവനു സ്വന്തമാകുന്നു. നന്‍മയിലേക്ക് മറ്റൊരുത്തനെ പ്രേരിപ്പിക്കുന്നവന്‍, തന്നാല്‍ പ്രേരിതനായി നന്മ ചെയ്യുന്നവന്റേതിനു തുല്യമായി പ്രതിഫലാര്‍ഹനായിരിക്കുമെന്ന നബി വചനം ഇവിടെയാണ് ചേര്‍ത്തുവായിക്കപ്പെടേണ്ടത്. ഈ വിശേഷണങ്ങളോടു കൂടിയ ഒരു ജീവിത രീതിയുടെ സംസ്ഥാപനം ഒരിക്കലും അയത്‌ന ലളിതമായിരിക്കില്ലെന്നും അതിനാല്‍ ഇതിന്റെ പ്രയോഗവല്‍കരണ വേളയില്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന സങ്കീര്‍ണ്ണതകളില്‍ ക്ഷമയോടെ പിടിച്ചു നില്‍ ക്കേണ്ടത് പരമപ്രധാനമാണ് എന്ന സന്ദേശത്തോടെയാണ് ഈ അധ്യായം ഉപസംഹരിക്കപ്പെടുന്നത്. ഒരു മനുഷ്യന് ദൈവദത്തമായി നല്‍കപ്പെടാവുന്ന ദാനങ്ങളില്‍ ഏറ്റവും സുപ്രധാനമായത് ക്ഷമയെന്ന ദാനമാണെന്നതാണ് ഇതു സംബന്ധമായ പ്രവാചകാധ്യാപനം
ഇത്തരത്തില്‍ ഹ്യസ്വമായ വരികളിലൂടെ അതീവ ഗഹനമായ ആശയങ്ങളുടെ മഹാപ്രവാഹം തീര്‍ത്ത ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ . ഖുര്‍ആനികാധ്യാപനങ്ങളെ ജീവിത മാര്‍ഗരേഖയാക്കി മുന്നോട്ടു പോവാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടേ ആമീന്‍




