ആശ്വാസത്തണലായി പാണക്കാട് പള്ളി
ജുമാ നമസ്‌കാരത്തിനുള്ള ബാങ്കൊലി കേട്ട് പാണക്കാട് മസ്ജിദിലെത്തുമ്പോള്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ മഖ്ബറയ്ക്കരികില്‍ ഉമ്മയുടെയും ഭാര്യയുടെയും ഇടയില്‍ മുട്ടുകുത്തിനിന്ന് നിസാര്‍ കരയുകയായിരുന്നു. രണ്ടു കാലുകളും തളര്‍ന്ന് നടക്കാന്‍ ശേഷിയില്ലാതെ മുട്ടിലിഴയുന്ന നിസാറിന്റെ കൈപിടിച്ച് ഉമ്മ പാത്തു മഖ്ബറയിലേക്ക് നോക്കി എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു. നമസ്‌കാരത്തിനും സിയാറത്തിനുമായി പിന്നെയും ഒരുപാട് പേര്‍ പാണക്കാട്ടെ പള്ളിയിലേക്ക് വന്നുകൊണ്ടിരുന്നു. പ്രാര്‍ഥനകള്‍ക്ക് അല്ലാഹുവില്‍നിന്ന് വളരെപ്പെട്ടെന്ന് ഉത്തരംകിട്ടുന്ന റംസാനില്‍ പാണക്കാട്ടെ പള്ളി വിശ്വാസികള്‍ക്കുമുന്നില്‍ ആശ്വാസത്തണല്‍ വിരിക്കുകയാണ്.
മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന ബൈത്തുറഹ്മ പദ്ധതിയില്‍ വീട് കിട്ടിയ ആളാണ് തിരുവാലി സ്വദേശിയായ നിസാര്‍. ''കഴിഞ്ഞ ശനിയാഴ്ചയാണ് വീടിന്റെ താക്കോല്‍ദാനം നടന്നത്. വീട് കിട്ടിയെങ്കിലും കിണര്‍ നിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ നടത്തി ഞാന്‍ വലിയ കടത്തിലാണ്. വികലാംഗനായ എനിക്കും എന്റെ കുടുംബത്തിനും ജീവിക്കാന്‍ മാര്‍ഗങ്ങളില്ല. പരിശുദ്ധ റംസാനില്‍ പാണക്കാട്ടെ പള്ളിയില്‍ ഞാനെത്തിയത് പ്രാര്‍ഥനകള്‍ക്ക് ഫലമുണ്ടാകുമെന്ന വിശ്വാസത്തിലാണ്... '' നിറഞ്ഞ കണ്ണുകളോടെ നിസാര്‍ പറയുമ്പോള്‍ ഭാര്യ ആയിഷയും മൂന്നരവയസ്സുകാരന്‍ മകന്‍ അക്മലും തൊട്ടടുത്തുണ്ടായിരുന്നു.
വിശ്വാസികളുടെ തിരക്കേറുന്ന സമയമാണിത്. പൂക്കോയ തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി തങ്ങളുടെയുമൊക്കെ ഖബറിടങ്ങള്‍ ഇവിടെയുണ്ട്. പള്ളിയില്‍ നോമ്പ് തുറക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ നോമ്പുതുറയാണ് ഇപ്പോള്‍ നടക്കാറുള്ളത്. നാട്ടുകാര്‍ കൊണ്ടുവരുന്ന വിഭവങ്ങളാണ് നോമ്പുതുറക്കാന്‍ കൊടുക്കുന്നത്- പള്ളി കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായ സയ്യിദ് ഉമര്‍ പൂക്കോയ തങ്ങള്‍ പറഞ്ഞു.
200 വര്‍ഷം പഴക്കമുള്ള പാണക്കാട് പള്ളി യെമനിലെ ഹളര്‍ മൗത്തില്‍ നിന്നെത്തിയ സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളാണ് സ്ഥാപിച്ചത്. പഴയപുരക്കല്‍ തറവാട്ടില്‍ താമസിച്ചിരുന്ന ആറ്റക്കോയ തങ്ങള്‍ തറവാടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പള്ളിയില്‍ തുടക്കം മുതല്‍ ജുമാ നമസ്‌കാരമുണ്ടായിരുന്നു. പഴയ പ്രതാപത്തിന്റെ അവശിഷ്ടംപോലെ തറവാടിന്റെ പടിപ്പുര ഇപ്പോഴും പള്ളിയുടെ മുന്നിലുണ്ട്. ''കടലുണ്ടിപ്പുഴയുടെ തീരത്ത് ചരിത്രം തുടിച്ചുനില്‍ക്കുന്ന പള്ളിയാണിത്. മുളയില്‍ കെട്ടിയിറക്കിയ ബക്കറ്റ് ഉപയോഗിച്ച് പുഴയില്‍നിന്ന് ഹൗളിലേക്ക് വെള്ളമെത്തിക്കുന്ന ഇവിടത്തെ രീതി വളരെ കൗതുകകരമായിരുന്നു. ആറ്റക്കോയ തങ്ങളുടെ മൂന്നാം തലമുറയില്‍പ്പെട്ട തങ്ങള്‍ മാസ്റ്ററും കുടുംബവുമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ശിഹാബുദ്ദീന്‍ ഖബീലയില്‍പ്പെട്ടവരാണ് തുടക്കംമുതല്‍ പാണക്കാട് പള്ളിയില്‍ ഖത്തീബുമാരായി നിന്നത്. ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും ഹമീദലി ശിഹാബ് തങ്ങള്‍ സെക്രട്ടറിയുമായുള്ള സമിതിയാണ് ഇപ്പോള്‍ പള്ളിയുടെ കാര്യങ്ങള്‍ നോക്കുന്നത്''- ഇമാം അബ്ദുള്‍ ജബ്ബാര്‍ ഫൈസി പള്ളിയുടെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അസര്‍ നമസ്‌കാരത്തിനുള്ള ബാങ്കൊലി മുഴങ്ങിത്തുടങ്ങിയിരുന്നു.




