Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ്ഹൗസിന്റെ കവാടം ഒരുമാസത്തിനകം പൂര്‍ത്തിയാകും 
കൊണ്ടോട്ടി: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസിന് മുന്നില്‍ നിര്‍മിക്കുന്ന കവാടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. അടുത്ത ഹജ്ജ് തീര്‍ഥാടനം തുടങ്ങുംമുമ്പെ ഒരുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധപ്പെട്ടവര്‍. ഹജ്ജ്ഹൗസിന്റെ പ്രൗഢിക്കിണങ്ങുംവിധം ഇന്‍ഡോ-സാരസന്‍ ശില്പ കലാചാരുതയോടെയാണ് കവാടം നിര്‍മിക്കുന്നത്. തൂണുകള്‍ക്കിടയിലെ വന്‍ ഗോളവും മിനാരങ്ങളും കവാടത്തിന് ഗാംഭീര്യമേകും. കവാടത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും സെക്യൂരിറ്റി മുറിയുണ്ട്. ഒരാഴ്ചയ്ക്കകം കവാടം സ്ഥാപിക്കാനും സെക്യൂരിറ്റി മുറികളുടെ പണി പൂര്‍ത്തീകരിക്കാനുമാണ് ലക്ഷ്യം.
 തീര്‍ഥാടനകാലത്ത് ഹജ്ജ് ഹൗസിലേക്കുള്ള വാഹനക്കുരുക്ക് ഒഴിവാക്കാനും പദ്ധതിയുണ്ട്. കവാടത്തില്‍ രണ്ട് ഗേറ്റുകള്‍ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കും. ഹജ്ജ്കമ്മിറ്റി ഓഫീസിന് മുന്നിലുള്ള മണ്‍തിട്ട നീക്കി സൗകര്യം വര്‍ധിപ്പിക്കും. ഹജ്ജ് ഹൗസിന്റെയും ഓഫീസിന്റെയും പരിസരത്ത് ഇന്റര്‍ലോക്ക് പതിക്കാനും പദ്ധതിയുണ്ട്. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കവാടത്തിന് സമീപം റോഡരികില്‍ മതിലിനോട് ചേര്‍ന്ന് നിലം ക്രമീകരിച്ച് പുല്ല് പിടിപ്പിക്കും. മുന്‍ സംസ്ഥാന സര്‍ക്കാരാണ് ഹജ്ജ് ഹൗസ് കവാടനിര്‍മാണത്തിന് മുന്‍കൈ എടുത്തത്. 20 ലക്ഷംരൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പണിപൂര്‍ത്തിയാകുമ്പോള്‍ 25 ലക്ഷംരൂപ ചെലവാകുമെന്നാണ് സൂചന.