നന്മയുടെ നിലാവ് നിറയട്ടെ
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
പ്രാര്‍ഥന നിറഞ്ഞ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പറുദീസയുടെ റയ്യാന്‍ കവാടങ്ങള്‍ തുറന്ന് റംസാനെത്തി. ഉപേക്ഷയുടെ, വെടിയലിന്റെ പുതിയ ശീലവും സംസ്‌കാരവുമാണ് വിശുദ്ധ റംസാന്റെ നേട്ടം. അന്നം, പാനം, ഭോഗം എന്നീ ജന്മതൃഷ്ണകള്‍ ബോധപൂര്‍വം വേണ്ടെന്നുവെക്കാനുള്ള ത്യാഗമാണ് നോമ്പിന്റെ അകക്കരുത്ത്.
വിശപ്പാണ് ലോകത്തെ ഏറ്റവുംവലിയ അനുഭവം. അത് നിവര്‍ത്താനുള്ള പ്രദക്ഷിണം തന്നെയാണ് നമ്മുടെ ജീവിതം . സൃഷ്ടിക്കും സ്രഷ്ടാവിനും ഇടയിലുള്ള പാലംപണിയാന്‍ അല്ലാഹു വിശപ്പ് തിരഞ്ഞെടുത്തതും അതുകൊണ്ടു തന്നെയായിരിക്കണം. നോമ്പ് എനിക്കുള്ളതാകുന്നു. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത് എന്നാണ് ദൈവവചനം. ഒരുപിടി വിശപ്പുകളെ അടക്കിനിര്‍ത്തുമ്പോഴാണ് നോമ്പ് അല്ലാഹുവിനുള്ളതാകുന്നത്. കണ്ണ്, കാത് തുടങ്ങിയ അവയവങ്ങള്‍ക്ക് പുറമെ നമ്മുടെ ചിന്തകള്‍ക്ക് വരെ നോമ്പുണ്ട്.
ഭോഗതൃഷ്ണകളെ വേണ്ടെന്നുവെക്കലാണ് നോമ്പ്. മറ്റ് ആരാധനാരീതികള്‍ പോലെ കര്‍മങ്ങളുടെ പരിധിയിലല്ല അത് വരുന്നത്. അനുഷ്ഠിക്കുന്നത് പോലെ ത്യജിക്കുന്നതും ആരാധനയാണ് ഇസ്‌ലാമില്‍. നിസ്‌കാരം അനുഷ്ഠാനമെങ്കില്‍ നോമ്പ് ത്യാഗമാണ്. ആവശ്യങ്ങളുടെ ആസക്തിയെ നോമ്പ് അടക്കിനിര്‍ത്തുന്നു.
ഖുര്‍ആന്‍ അവതരിച്ചതിന്റെ വാര്‍ഷികമാണ് റംസാന്‍. ജനങ്ങള്‍ക്ക് സല്‍സരണി കാണിച്ച് ഖുര്‍ആന്‍ ഇറങ്ങിയ മാസം എന്ന് വിശേഷിപ്പിച്ചാണ് റംസാനെ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തുന്നത് പോലും.
സാമൂഹിക സമത്വത്തിന്റെ, അല്ലാഹു പ്രഖ്യാപിച്ച പ്രത്യയശാസ്ത്രമാണ് നോമ്പ്. അടിമകള്‍ ദൈവസാമീപ്യം മാത്രം കാംക്ഷിച്ച് അല്ലാഹുവുമായി റംസാനില്‍ സന്ധിയിലാകുന്നു. സാമൂഹികമായ എല്ലാ അന്തരങ്ങള്‍ക്കുമതീതമായി പകല്‍ മുഴുവന്‍ ഭോഗദാഹങ്ങള്‍ അടക്കിവെച്ച് അടിമകള്‍ വിശപ്പില്‍ പ്രാര്‍ഥനയിലിരിക്കുന്നതാണ് നോമ്പിന്റെ സാമൂഹികത. സാമൂഹിക അസന്തുലിതാവസ്ഥ അതിഭീകരമായി വളര്‍ന്ന ആധുനിക ചുറ്റുപാടുകളില്‍ വിശപ്പിന്റെ നോവുകള്‍ എത്ര ഭയാനകമാണ് എന്ന് നോമ്പ് നമ്മെ ഓര്‍മപ്പെടുത്തുന്നു. പ്രകടനപരതയുടെ അരങ്ങ് മാത്രമായി ചുരുങ്ങിയ കാലത്ത് അതിവിശിഷ്ടമാണ് നോമ്പുനല്‍കുന്ന ആത്മീയാനുഭവം. ആരെങ്കിലും ചീത്തപറയാനോ തര്‍ക്കിക്കാനോ വന്നാല്‍ താന്‍ നോമ്പുകാരനാണ് എന്നു പറയണം എന്നാണ് തിരുനബിയുടെ അധ്യാപനം. സ്വന്തം ശരീരത്തിന്റെ തെറ്റുകുറ്റങ്ങള്‍ കാണിക്കണേ എന്നായിരിക്കണം നോമ്പുകാലത്ത് നമ്മുടെ പ്രാര്‍ഥന.
അനുഗ്രഹം, പാപമോചനം, നരകമോക്ഷം എന്നിങ്ങനെ നോമ്പുകാലത്തിന്റെ ദൈര്‍ഘ്യത്തെ നാഥന്‍ അളന്നുമുറിച്ചിരിക്കുന്നു. ഈ ത്രിദശകള്‍ വിജയകരമായി കടന്നുവേണം ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യന് പെരുന്നാളിന്റെ ആഘോഷത്തിലെത്താന്‍. അതിനുമുമ്പ് അന്യന്റെ ഇല്ലായ്മകളില്‍ അകംനിറഞ്ഞ് സഹായമെത്തിക്കാന്‍ നോമ്പുകാലം നമ്മെ സജ്ജമാക്കേണ്ടതുണ്ട്.
മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങളും സി.എച്ച് സെന്ററിന് ജാതി-മത വ്യത്യാസമില്ലാതെ അശരണരായ രോഗികള്‍ക്ക് നല്‍കുന്ന സേവനവും ഇവിടെ എടുത്തുപറയേണ്ടതാണ്. ഈ സംരംഭങ്ങളെ സഹായിക്കാനും പ്രകടനപരത കാണിക്കാതെ, അന്യന്റെ വേദനകളില്‍ പങ്കുപറ്റാനും നമ്മള്‍ ഈ നോമ്പുകാലത്ത് തയ്യാറാവണം. തിരുനബിയുടെ ദാനധര്‍മങ്ങള്‍ക്ക് കൈയും കണക്കുമില്ലായിരുന്നുവെന്നതായിരിക്കണം ഇക്കാര്യത്തില്‍ വിശ്വാസിയുടെ ഉത്തേജനം. വേദനയുടെ നീര്‍ച്ചുഴിയില്‍ പിടയുന്ന കുടുംബങ്ങള്‍ക്ക് ഒരു താങ്ങെങ്കിലുമാകട്ടെ നമ്മുടെ ജീവിതങ്ങള്‍.
ശബ്ദങ്ങള്‍ മലിനമാക്കിയ പരിസരങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട നമുക്ക് നോമ്പ് നിശ്ശബ്ദത അന്വേഷിച്ചുള്ള യാത്ര കൂടിയായിരിക്കണം. നിഷ്‌ക്രിയമായിരിക്കുന്ന നിശ്ശബ്ദതയല്ല, പ്രാര്‍ഥനകള്‍ നിറഞ്ഞുതുളുമ്പുന്ന നിശ്ശബ്ദതയായിരിക്കണം വിശ്വാസിയുടെ കൈമുതല്‍. സ്വീകാര്യതയാണ് നോമ്പിന്റെ കാതല്‍ എന്നതുകൊണ്ട് അതിന് നിശ്ശബ്ദത ആവശ്യമായി വരുന്നു. പറയാതിരിക്കാനുള്ള അവയവം കൂടിയാണ് നാവ്. നല്ലതുപറയുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക എന്ന പ്രവാചകവചനം നമ്മെ മൗനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.
നമുക്കുള്ളില്‍ നാം വളച്ചുകെട്ടിയ സ്വാര്‍ഥതയുടെ മതില്‍ക്കെട്ടുകള്‍ പൊളിക്കുന്നതാകട്ടെ നോമ്പിലെ നമ്മുടെ ഇഫ്താര്‍ സംഗമങ്ങള്‍. ഇഫ്താറുകളിലെ ധാരാളിത്തങ്ങള്‍ ഒഴിവാക്കി നോമ്പിന്റെ ആത്മവിശുദ്ധി കാക്കേണ്ടതുണ്ട്. പരിധിവിട്ടുള്ള അന്നപാനം വികാരങ്ങള്‍ ഉത്തേജിപ്പിക്കുകയും മനുഷ്യനെ നിഷ്‌ക്രിയമാക്കുകയും ചെയ്യും. ഉപഭോഗ സംസ്‌കാരത്തിന്റെ ഭക്ഷണ ശീലവും സംസ്‌കാരവും മാറ്റിയെടുക്കേണ്ടതിന്റെ ആദ്യപടി കൂടിയാകട്ടെ ഇത്തവണത്തെ നോമ്പ്.
കരുണയുറയുന്ന കരുതലുണ്ടാകട്ടെ, നന്മ നിലാവ് നിറയട്ടെ എന്നു പ്രാര്‍ഥിക്കുന്നു.




