Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആത്മീയ സൗന്ദര്യത്തിന്റെ നോമ്പുകാലം

മുഹമ്മദ്‌ നാഫിഅ്‌ വാഫി

               ഷേക്‌സ്‌പിയറുടെ As you like it എന്ന നാടകത്തില്‍ വിശന്നുവലഞ്ഞുവരുന്ന ഒര്‍ലാന്റോ, കാട്ടില്‍ തന്റെ സതീര്‍ത്ഥരോടൊപ്പം ഭക്ഷണം കഴിക്കാന്‍ തയ്യാറെടുക്കുന്ന ഡ്യൂക്‌സീനിയറിന്‌ മുമ്പിലെത്തി ധാര്‍ഷ്‌ട്യത്തോടെ വാള്‌ ചുഴറ്റി തനിക്ക്‌ ഭക്ഷണം വേണമെന്നാവശ്യപ്പെടുന്നൊരുരംഗമുണ്ട്‌. അപ്പോള്‍ അയാളോട്‌ മാന്യമായി പെരുമാറാന്‍ ഗുണദോഷിക്കുന്ന ഡ്യൂക്കിനോട്‌ വിശന്നുചാവാറായ തനിക്ക്‌ ആഹാരമാണ്‌ ആദ്യം വേണ്ടതെന്നായിരുന്നു ഒര്‍ലാന്റോ ക്രുദ്ധനായി മറുപടി നല്‍കുന്നത്‌. ഇത്‌ കേട്ടമാത്രയില്‍ അക്ഷോഭ്യനായി അദ്ദേഹത്തെ വിരുന്നുമേശയിലേക്കാനയിക്കുന്ന ഡ്യുക്കിനോട്‌ ഒര്‍ലാറ്റോ ക്ഷമാപണ സ്വരത്തില്‍ പറയുന്നുണ്ട്‌: ``വിശപ്പാണ്‌ തന്നില്‍ അമിതമായരോഷാഗ്നിപടര്‍ത്തിയതെന്ന്‌''. വിശപ്പ്‌ അതിന്റെ പ്രാകൃതവും വന്യവുമായ രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഒര്‍ലാറ്റോയില്‍, മെരുക്കിയെടുക്കാത്തവിശപ്പുപോലെതന്നെ. 

അച്ചടക്കം ശീലിച്ചിട്ടില്ലാത്ത ഭക്ഷണരീതിയും മനുഷ്യന്‌ നേടിയെടുത്ത നാഗരികവും ഭൗതികവുമായ എല്ലാ അപ്രകമാദിത്യങ്ങളെയും ഇല്ലായ്‌മ ചെയ്യുന്നതിന്‌ പ്രത്യക്ഷസാക്ഷ്യങ്ങള്‍ മുമ്പിലിന്ന്‌ ധാരാളമുണ്ട്‌. വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വിതരണത്തിലെ ഭയാനകമായ അസന്തുലിതത്വം നാം ജീവിക്കുന്ന കാലഘട്ടത്തിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്‌. നൂറ്‌ കോടി ജനങ്ങള്‍ പട്ടിണിക്കിടക്കുന്ന ലോകത്ത്‌ തന്നെയാണ്‌ ഭക്ഷണ സമൃദ്ധിയുടെ സുഖലോലുപതയില്‍ കഴിയുന്ന വലിയൊരുവിഭാഗം, ആഫ്രിക്കയിലെ പട്ടിണികിടന്നു നരകിക്കുന്ന ബാലന്മാരുടെ ചിത്രങ്ങള്‍ സോഷ്യലെറ്റ്‌ വര്‍ക്ക്‌ സൈറ്റുകളില്‍ കൗതുക പൂര്‍വ്വം ഷെയര്‍ ചെയ്‌തും കളിക്കുന്നത്‌. 

മനുഷ്യന്റെ അടിസ്ഥാനപരമായ ജൈവികചേദനകളാണ്‌ വിശപ്പും കാമവും. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ നിലനില്‍പ്‌ ആധാരമായി ഗണിക്കപ്പെടുന്ന ഈ രണ്ട്‌ ചേദനകള്‍ക്ക്‌ അവന്റെ വ്യക്തിത്വ സ്വഭാവ രൂപികരണത്തില്‍ സുപ്രധാനമായൊരു പങ്കുണ്ട്‌. ഈ ആസക്തികളുടെ അനാരോഗ്യകരമായ വിനിയോഗവും അസുന്തിലതമായ വിതരണവും മനുഷ്യനില്‍ ഏതു തിന്മയുടെ വിത്തുപാകാനും കെല്‍പുള്ളവയാണ്‌. ഇവയുടെ ആരോഗ്യകരവും അച്ചടക്ക പൂര്‍ണ്ണവുമായ വിനിയോഗം മനുഷ്യന്റെ ആത്മീയ വിജയത്തിന്‌ അനിവാര്യമാണ്‌. ഈ ആസക്തികളുടെ അനിയന്ത്രിതമായ അഴിഞ്ഞാട്ടം മനുഷ്യന്റെ ശാരീരികവും ബുദ്ധിപരവുമായ ആരോഗ്യത്തെ ദോഷകരമായി ബിധിക്കാതിരിക്കാന്‍ ഇവയെ മെരുക്കിയെടുക്കാനും നിയന്ത്രിക്കാനുമുള്ള കഴിയുനേടിയെടുക്കേണ്ടതുണ്ട്‌ 

മനുഷ്യന്റെ ചിന്തയേയും പ്രവര്‍ത്തനങ്ങളെയും....
നിയന്ത്രിക്കുന്ന രണ്ട്‌ വിധ്വംസക ശക്തികളായി വര്‍ത്തിക്കാനിവയെ അനുവദിക്കുന്നതിനുപകരം മനുഷ്യന്റെ ഭൗതികവും ആത്മീകവുമായ ഉയര്‍ച്ചകള്‍ക്കും വളര്‍ച്ചകള്‍ക്കും ചാലക ശക്തിയായി വര്‍ത്തിക്കുന്ന ഊര്‍ജ്ജപ്രവാഹമായി ഇവയം പരിരക്ഷിക്കുകയെന്നത്‌ ഇസ്‌ലാം ആവശ്യപ്പെടുന്ന ഒരുശിക്ഷണ രീതിയാണ്‌. ഈ അച്ചടക്കത്തെ വ്യക്തിയുടെയും സമൂഹത്തിന്റെയും സര്‍വ്വോന്മുഖമായ വളര്‍ച്ചയുടെ അനിവാര്യ ഘടകമായി അത്‌ കണക്കാക്കുന്നു. നിര്‍ബന്ധമായും വിശ്വാസി കടന്നുപോകേണ്ട ഈ ശിക്ഷണം സ്വയം നവീകരണപ്രക്രിയയുടെ വര്‍ക്ക്‌ഷോപ്പാണ്‌ റമദാന്‍. വിപണി അനിയന്ത്രിതമായ രീതിയില്‍ ഭക്ഷണത്തെയും സെക്‌സിനെയും നമ്മുടെ ജീവിത്തിന്‌ മുന്‍ഗണനയാക്കി മാറ്റി കൊണ്ടിരിക്കുന്ന അവയുടെ പെര്‍വേട്ടഡ്‌ ആയിട്ടുള്ള എല്ലാ ആവിഷ്‌ക്കാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു കാലത്ത്‌ ഓരോ റമദാനും നമുക്ക്‌ മുന്‍ഗണനകളെ മാറ്റി നിശ്ചയിക്കാനുള്ള ആത്മീക പ്രതിരോധത്തിന്‌ ഒരു മാര്‍ഗ്ഗം കൂടിയാണ്‌. 

നോമ്പിന്റെ സൗന്ദര്യം 

മനുഷ്യന്റെ ഏറ്റവും ശുദ്ധമായ ആവിഷ്‌ക്കാരമാണ്‌ പ്രാര്‍ത്ഥന അഥവാ ആരാധന. പ്രാര്‍ത്ഥനയാണ്‌ എല്ലാ ആരാധനയുടെയും അന്തസത്തയെന്ന്‌ തിരുദൂതര്‍ പറയുന്നുണ്ടല്ലോ. നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായ സമര്‍പ്പണമാണ്‌ ഒരു പ്രവൃത്തിയെയോ, വാക്കിനെയോ, മൗനത്തിനെയോ, ചലനത്തെയോ, നിശ്ചലതയെ പോലുമോ പ്രാര്‍ത്ഥനയാക്കി മാറ്റുന്നത്‌. ദൈവത്തെ നീ കാണുന്നില്ലെങ്കിലും അവന്‍ സദാ നിന്നെ കാണുന്നുവെന്ന ബോധത്തോടെ പ്രാര്‍ത്ഥിക്കുക എന്ന്‌ ഈ സമര്‍പ്പണത്തിന്റെ സൗന്ദര്യത്തെ മനോഹരമായി വിവക്ഷിക്കുന്നുണ്ട്‌ തിരുദൂതര്‍. അഥവാ ഒരു പ്രവൃത്തി പ്രാര്‍ത്ഥനയായി തീരുന്നത്‌ അതിന്റെ താല്‍ക്കാലികമായ ഗുണഭോക്താവ്‌ ആരായിരുന്നാലും അന്തിമ വിശകലനത്തില്‍ അത്‌ സൃഷ്‌ടാവിനുള്ള സമര്‍പ്പണമവുമ്പോഴാണ്‌. 

ത്യാഗവും സഹനവും ക്ഷമയും വേണ്ടപ്പെട്ടതിനെയൊക്കെ പരിത്യജിക്കാനുള്ള സന്നദ്ധതയും സൃഷ്‌ടാവിന്റെ കല്‍പനകള്‍ പാലിക്കാനായി ഇച്ഛകളെ നിയന്ത്രിച്ച്‌ സ്വയം പാകപ്പെടാനുള്ള പ്രതിജ്ഞാബന്ധതയുമൊക്കെ ഉള്‍ച്ചേര്‍ന്നതാണ്‌ ഈ സമര്‍പ്പണം. പക്ഷെ തീക്ഷ്‌ണമായ അനുത്യാനത്തിലൂടെയും നിരന്തരമായ ശിക്ഷണത്തിലൂടെയും ഇബാദത്ത്‌ ആവശ്യപ്പെടുന്ന നിഷ്‌കപടമായ ഈ സമര്‍പ്പണം അനുശീലിച്ചെടുക്കാനാവൂ. ഇബാദത്ത്‌ സൃഷ്‌ടാവിനുള്ള പൂര്‍ണ്ണമായ സമര്‍പ്പണമാണെങ്കില്‍ ആ വിധേയത്വം പൂര്‍ണ്ണമായി സാക്ഷാത്‌കരിക്കപ്പെടുന്നത്‌ അതിനുവേണ്ടി വേണ്ടപ്പെട്ടവരൊക്കെ ത്യജിക്കാന്‍ നാം പരിശീലിക്കുമ്പോഴാണ്‌. 

ഇസ്‌ലാമിലെ എല്ലാ ആരാധനകളും മനുഷ്യന്റെ സംസ്‌കരണ പ്രക്രിയകളെ ലക്ഷ്യം വെക്കുന്ന ശിക്ഷണ രീതികളാണ്‌. വ്യക്തിപരമായ പരിമിതികളെയും ശാരീരികമായ ഇച്ഛകളുടെ പ്രേരണകളെയും അതിജീവിക്കാനുള്ള കഴിവ്‌ നേടിയെടുക്കാന്‍ മനുഷ്യനെ പ്രാപ്‌തമാക്കുന്നതാണീ ആരാധനകളെല്ലാം. എല്ലാ ആരാധനകളിലും ഇങ്ങനെ സ്രഷ്‌ടാവിന്‌ വേണ്ടി ജീവിക്കാന്‍ മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഒരു ശിക്ഷണ രീതി അന്തര്‍ലീനമായിട്ടുണ്ട്‌. നല്ല തണുപ്പുള്ള രാത്രിയില്‍ സുഖനിദ്രക്ക്‌ ഭംഗം വരുത്തി പ്രഭാത നമസ്‌കാരം നിര്‍വ്വഹിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴും 50 ഡിഗ്രിക്ക്‌ മീതെ സൂര്യന്‍ കത്തിജ്വലിക്കുന്ന കൊടും വേനല്‍ക്കാലത്തും പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുമ്പോഴും എല്ലാ പ്രത്യാഘാതങ്ങളെയും ത്യണവല്‍ക്കരിച്ച്‌ സത്യം മാത്രം പറയാന്‍ ആര്‍ജ്ജവം കാണിക്കുമ്പോഴും ഇഷ്‌ടപ്പെട്ട വസ്‌തുക്കള്‍ ധാനം ചെയ്യുമ്പോഴും ഈ ശിക്ഷണത്തിന്റെ വിവിധ തലങ്ങളാണ്‌ നാം അഭ്യസിച്ച്‌ കൊണ്ടിരിക്കുന്നത്‌. 

``നിങ്ങള്‌ തഖ്‌വയുള്ളവരാവാന്‍വേണ്ടി'' എന്ന്‌ നോമ്പിന്റെ ലക്ഷ്യത്തെ നിര്‍വചിക്കുക വഴി ഖുര്‍ആന്‍ ആത്മീകമായ ഇത്തരമൊരു ശിക്ഷണത്തിന്റെ കളരിയായി നോമ്പിനെ റമദാനിനെ മാറ്റിയെടുക്കാനാണ്‌ നമ്മോട്‌ ആഹ്വാനം ചെയ്യുന്നത്‌. 

നമ്മുടെ താല്‍പര്യങ്ങളെയും ഇച്ഛകളെയും അല്ലാഹുവിന്റെ താല്‍പര്യത്തിനുവേണ്ടി ജീവിക്കാനുള്ള ശിക്ഷണ രീതികളിലും അന്തര്‍ലീനമായിട്ടുണ്ടെങ്കിലും മനുഷ്യന്‌ ഏറ്റവും അടിസ്ഥാനപരമായ ആഹാരത്തെ പരിത്യജിക്കുകയെന്ന ശ്രമകരമായ ത്യാഗത്തിനു സന്നദ്ധമാവാന്‍ ആവ ശ്യപ്പെടുന്നത്‌ നോമ്പ്‌ മാത്രമാണ്‌. വിശപ്പിനെ കീഴടക്കി അഭ്യസിക്കുന്ന ആത്മീക ശിക്ഷണമാണ്‌ അടിസ്ഥാനപരമായി നോമ്പ്‌. ശരീരത്തെയും അതിന്‌ മുഖമായ ഇച്ഛകളെയും നിയന്ത്രിക്കാനുള്ള വിശ്വാസിയുടെ ബാധ്യതയാണ്‌ ഒരര്‍ത്ഥത്തില്‍ നോമ്പ്‌ പ്രതീകവല്‍ക്കരിക്കുന്നത്‌. 

ഈ ശിക്ഷണം അതിന്റെ ശരിയായ രൂപത്തില്‍ അഭ്യസിക്കുമ്പോള്‍ മനുഷ്യന്റെ ചേതനയിലുണ്ടാക്കുന്നത്‌ അത്ഭുതകരമായ മാറ്റങ്ങളാണ്‌. ആസക്തികളെ കടിഞ്ഞാണിടുക എന്ന കേവലമായ ശാരീരികമായ ശിക്ഷണത്തെ സ്വഭാവ സംസ്‌കരണവുമായും വ്യക്തിത്വ ശുദ്ധീകരണവുമായും കൂടി ബന്ധിപ്പിക്കുന്നുണ്ട്‌. നോമ്പ്‌ നോമ്പുകാരനെ തെറ്റായ വാക്കുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടത്‌ നോമ്പിന്റെ പൂര്‍ണ്ണതയുടെ അവിഭാജ്യഘടകമാണ്‌. ഇതുവഴി നോമ്പ്‌ പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ഒരു ശുദ്ധീകരണ പ്രക്രിയയായി മാറുന്നു. ക്ഷമ, സഹനം, ത്യാഗം സഹാനുഭൂതി തുടങ്ങിയ സ്വഭാവ ഗുണങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ലക്ഷണമൊത്തൊരു പരിശീലന കളരികൂടിയാണ്‌ വിശ്വാസിക്ക്‌ റമദാന്‍. ക്ഷണസമൃദ്ധിയുടെ മധ്യത്തിലും നന്നായി വിശന്നിട്ടും ഭക്ഷണം വര്‍ജ്ജിക്കാനുള്ള ശിക്ഷണം ഏതു പ്രതികൂല കാലാവസ്ഥയിലും ക്ഷമ കൈവരിക്കാനുള്ള പരിശീലനം കൂടിയാണ്‌. മനുഷ്യനെ അവന്റെ ആത്മാവിന്‌ സമ്പൂര്‍ണ്ണ സൗന്ദര്യം വീണ്ടെടുക്കാന്‍ നോമ്പിനോളം സഹായിക്കുന്ന മറ്റൊരു സമഗ്ര ആരാധനാ രീതിയുണ്ടാവാറില്ല. 

വ്രതം വൈരൂപ്യത്തിന്റെ എല്ലാകളങ്കങ്ങളെയും നശിപ്പിച്ചുകൊണ്ട്‌ വിശ്വാസിയെ അവന്റെ അകക്കണ്ണാടിയുടെ സൗന്ദര്യം വീണ്ടെടുക്കാന്‍ പ്രാപ്‌തനാക്കുന്നു. കോപം, പക, അസൂയ, അഹങ്കാരം തുടങ്ങിയ എല്ലാ രോഗങ്ങളെയും ചികിത്സിച്ചുഭേദമാക്കാനുള്ള ഔഷധവീര്യവും പ്രതിരോധശേഷിയും വിശ്വാസിയില്‍ നിക്ഷേപിക്കുകയാണ്‌ നോമ്പ്‌ ചെയ്യുന്ത്‌. വ്രതശുദ്ധിയില്‍ അവനവനെ ഉരുക്കിയെടുക്കുന്ന ഓരോ വിശ്വാസിയും സ്വയം ഒരു നവീകരണത്തിനു വിധേയമാവുന്നുണ്ട്‌. ശ്രമകരമായ പ്യൂപിക്‌ കാലഘട്ടത്തിനുശേഷം വര്‍ണ്ണച്ചിറകുകളുമായി പുറത്തുവരുന്ന ചിത്രശലഭം പോലെ റമദാനിന്റെ വ്രതശുദ്ധിയില്‍ നിന്ന്‌ പുതിയ ഊര്‍ജ്ജവും പുതിയ ജീവിത ബോധവുമായി പുറത്തുവരുന്നു ഓരോ വിശ്വാസിയും.