Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ്: ഇന്ത്യന്‍ഹാജിമാരുടെ എണ്ണം 32,000 കവിഞ്ഞു 
ജിദ്ദ: വിശുദ്ധ ഹജ്ജില്‍ പങ്കെടുക്കാന്‍ വിദേശങ്ങളില്‍നിന്നുള്ള തീര്‍ഥാടകരുടെ വരവ് ശക്തി പ്രാപിക്കുന്നു. ഇന്ത്യയില്‍നിന്ന് കേന്ദ്ര ഹജ്ജ്കമ്മിറ്റി മുഖേന എത്തിയവരുടെ എണ്ണം 32,000 കവിഞ്ഞു -32299പേര്‍. ജിദ്ദ വഴി മക്കയില്‍ 4548 പേരും മദീനയില്‍ 27751 പേരുമാണ് എത്തിയത്. ഇതിനുപുറമേ സ്വകാര്യ ഗ്രൂപ്പുകളില്‍നിന്നായി ആയിരങ്ങളാണ് ഇന്ത്യയില്‍നിന്ന് എത്തിക്കൊണ്ടിരിക്കുന്നത്. 
തീര്‍ഥാടകപ്രവാഹത്തിനിടെ നാലുപേര്‍ വ്യത്യസ്ത സംഭവങ്ങളില്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ സ്വകാര്യ ഗ്രൂപ്പുകളിലായി എത്തിയ മലയാളികളാണ്. ഇന്ത്യക്കാരില്‍ രണ്ടുപേര്‍ മദീനയില്‍വെച്ചും ഓരോ ഹാജിവീതം ജിദ്ദയിലും മക്കയിലുമാണ് മരിച്ചത്. ഈ മാസം പതിനേഴിന് ഹാജിമാര്‍ വന്നുതുടങ്ങിയതു മുതല്‍ ബുധനാഴ്ചവരെയുള്ള കണക്കാണിത്.
 പശ്ചിമബംഗാള്‍, ഉത്തരപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മദീനയില്‍ മരിച്ച ഹാജിമാര്‍. മലയാളികളായ അലി മാട്ടുംമാലിന്റെ മകന്‍ അബ്ദുറഹ്മാന്‍ (69) ജിദ്ദയില്‍വെച്ചും മീരാന്‍പിള്ളയുടെ മകന്‍ സൈദ് മുഹമ്മദ്പഴംപിള്ളില്‍ (63) മക്കയില്‍വെച്ചുമാണ് മരിച്ചത്.
 ഇന്ത്യയില്‍നിന്നും മൊത്തം 119 ഹജ്ജ് വിമാനങ്ങളാണ് ബുധനാഴ്ചവരെ എത്തിയത്. 80 വിമാനങ്ങള്‍ മദീനയിലും 33 വിമാനങ്ങള്‍ ജിദ്ദയിലുമെത്തി. കൊല്‍ക്കത്ത (20), ലഖ്‌നൗ (18), ഡല്‍ഹി (18), ശ്രീനഗര്‍ (12), വാരാണസി (7), ഗുവാഹാട്ടി (5) എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മദീനയില്‍ ഇതിനകം എത്തിയത്. റാഞ്ചി (13), ഗയ (20) എന്നിവിടങ്ങളില്‍നിന്നുള്ള ഹജ്ജ്‌വിമാനങ്ങള്‍ ജിദ്ദയിലുമെത്തി.
 ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഡെപ്യുട്ടേഷനില്‍ 516 ഉദ്യോഗസ്ഥര്‍ ഹജ്ജ് സേവനത്തിനായി എത്തിയതായി ഇന്ത്യന്‍ ഹജ്ജ്അധികൃതര്‍ അറിയിച്ചു. ഇവരില്‍ ആറ് ഹജ്ജ് കോ-ഓര്‍ഡിനേറ്റര്‍മാരും 123 ഡോക്ടര്‍മാരും 147 പാരാമെഡിക്കല്‍ജീവനക്കാരും ഉള്‍പ്പെടുന്നു. ഇനിയും മുപ്പതുപേര്‍കൂടി എത്താനുണ്ട്.
 അതേസമയം, വിദേശങ്ങളില്‍നിന്ന് മദീനയില്‍മാത്രം മൊത്തം 1,75,650 ഹാജിമാര്‍ എത്തിയതായി മദീനയിലെ സൗദി ഹജ്ജ്‌വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ചമാത്രം എത്തിയത് 30169 ഹാജിമാരാണ്. ഇന്‍ഡൊനീഷ്യ, ഇന്ത്യ, നൈജീരിയ എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് മദീനയില്‍ നിലവില്‍ കൂടുതലുള്ളതെന്നും അധികൃതര്‍ അറിയിച്ചു.