Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സക്കരിയ സ്വലാഹിയെ കേരളാ നദ്വത്തുല്‍ മുജാഹിദീന്‍ പുറത്താക്കി
മലപ്പുറം: ദൈവത്തിന്റെ അദൃശ്യ സൃഷ്ടികളായ ജിന്നുകളെ സംബന്ധിച്ച് മുജാഹിദ് വിഭാഗത്തി നിടയില്‍ നിലനില്‍ക്കുന്ന വിവാദത്തിന്റെ തുടര്‍ ച്ചയായി സംഘടനയുടെ പ്രമുഖ പ്രഭാഷകനായ കെ.കെ സക്കരിയ സ്വലാഹിയെ കേരളാ നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) പുറത്താക്കി. കഴിഞ്ഞ 22ന് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന ഭരണസമിതി യോഗമാണ് നടപടിയെടുത്തത്. ആദര്‍ശ രംഗത്തും സംഘടനാ രംഗത്തും ദീര്‍ഘകാലമായി അച്ചടക്ക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നടപടിയെന്ന് പ്രസ്ഥാന പ്രസിദ്ധീകരണമായ 'വിചിന്തന'ത്തില്‍ പറയുന്നു. ആദര്‍ശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അബ്ദുറഹിമാന്‍ ഇരിവേറ്റിയെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ മറ്റൊരു പ്രഭാഷകനായ മുജാഹിദ് ബാലുശേരിക്കെതിരെ നേരത്തെ സ്വീകരിച്ച നടപടികള്‍ ഉപാധികളോടെ പിന്‍വലിക്കാനും കെ.എന്‍.എം തീരുമാനിച്ചു. 
ജിന്നുകളെ വിളിച്ചു പ്രാര്‍ഥിക്കുന്നത് ബഹുദൈവാരാധന (ശിര്‍ക്ക്) അല്ലെന്ന വാദമാണ് സക്കരിയ സ്വലാഹിക്കെതിരെ നടപടിക്ക് വഴിവെച്ചത്. നേരത്തേ ഇദ്ദേഹത്തിന് സംഘടനാ വേദികളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രശ്നത്തില്‍ മുജാഹിദ് പണ്ഡിതസഭയായ കേരളാ ജംഇയത്തുല്‍ ഉലമ (കെ.ജെ.യു) വിശദീകരണവും തേടിയിരുന്നു. 
എന്നാല്‍ വിശദീകരണം നല്‍കാതെ നിലപാട് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് നടപടിയെടുക്കാന്‍ കെ.ജെ.യു, കെ.എന്‍.എമ്മിന് നിര്‍ദേശം നല്‍കുകകയായിരുന്നു. സക്കരിയ സ്വലാഹിയുടെ സമാന നിലപാട് പിന്‍തുടര്‍ന്നിരുന്ന മുജാഹിദ് ബാലുശേരിയെയും നേരത്തേ പ്രസ്ഥാന വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. നിലപാട് മാറ്റാന്‍ തയാറായതിനെ തുടര്‍ന്നാണ് ഉപാധികളോടെ നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തെറ്റ് സംഭവിച്ചതായി മുജാഹിദ് ബാലുശേരി വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ഇനി മുതല്‍ ഇദ്ദേഹത്തിന്റെ പ്രഭാഷണ വേദികളില്‍ കെ.എന്‍.എമ്മിന്റെ നിരീക്ഷകനുണ്ടായിരിക്കും.
ഹദീസ് നിഷേധ നിലപാടിനെ തുടര്‍ന്നാണ് അബ്ദുറഹിമാന്‍ ഇരിവേറ്റിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ജിന്ന് വിവാദത്തില്‍ ഗള്‍ഫില്‍ ഇസ്ലാഹി സെന്ററുകളുടെ തലപ്പത്തും കെ.എന്‍.എം നിര്‍ദേശ പ്രകാരം നടപടി തുടങ്ങിയിട്ടുണ്ട്. ദുബൈ ദേര ഇസ്ലാഹി സെന്ററിന്റെ ഭാരവാഹി വിവാദത്തില്‍ നടപടിക്ക് വിധേയനായിട്ടുണ്ട്. വിവാദത്തില്‍ സംഘടനാ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന യുവജന, വിദ്യാര്‍ഥി സംഘടനാ തലപ്പത്തുള്ള ഏതാനും ചിലര്‍ കെ.എന്‍.എം നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്.