എമര്‍ജിങ് കേരള ഇന്നു മുതല്‍
കൊച്ചി: ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കുമിടയിലും വികസന സ്വപ്നങ്ങളുമായി സംസ്ഥാന സര്‍ക്കാറിന്‍െറ എമര്‍ജിങ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ബുധനാഴ്ച കൊച്ചിയില്‍ തുടക്കമാകും. മൂന്നുദിവസത്തെ സംഗമം മരട് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് അധ്യക്ഷത വഹിക്കും.
കേരളത്തെ ദക്ഷിണേന്ത്യയിലെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന എമര്‍ജിങ് കേരളയില്‍ 210 പദ്ധതികളാണ് അവതരിപ്പിക്കുന്നത്. വിവിധ വിഷയങ്ങളില്‍ വികസന സെമിനാറുകള്‍, ബിസിനസ് മീറ്റുകള്‍,ചര്‍ച്ചകള്‍,സാംസ്കാരിക പരിപാടികള്‍ എന്നിവ സംഗമത്തിന്‍െറ ഭാഗമായി നടക്കും.
‘കേരള വികസന മാതൃക’ വിഷയത്തില്‍ പ്ളീനറി സമ്മേളനവും കേരളത്തിന്‍െറ അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു- സ്വകാര്യ പങ്കാളിത്തത്തിന്‍െറ ആവശ്യകതയെക്കുറിച്ച് പ്രത്യേക സെമിനാറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം , ബയോടെക്നോളജി, മാലിന്യ നിര്‍മാര്‍ജനം, തുറമുഖം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ 15 വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളുമുണ്ടാകും. 52 രാജ്യങ്ങളില്‍ നിന്ന് നയതന്ത്ര പ്രതിനിധികളും നിക്ഷേപകരുമടക്കം 2,600 ഓളം പ്രതിനിധികളാണ് പങ്കെടുക്കുക.
കേന്ദ്രമന്ത്രി എ.കെ. ആന്‍റണി,മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.എം. മാണി, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, സി.ഐ.ഐ പ്രസിഡന്‍റ് ആദി ഗോദ്റെജ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. വിട്ടുനില്‍ക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചതിനാല്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കില്ല.
പ്രധാനമന്ത്രിയും വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കുന്നതിനാല്‍ കൊച്ചിയില്‍ വന്‍സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നുദിവസം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്‍െറ നേതൃത്വത്തില്‍ നാല് എ.ഡി.ജി.പിമാര്‍, 15 ഓളം എസ്.പിമാര്‍ എന്നിവരടക്കം നാലായിരത്തോളം പൊലീസുകാര്‍ക്കാണ് സുരക്ഷാ ചുമതല.
യു.എസ് അംബാസഡര്‍ നാന്‍സി പവല്‍, ചെന്നൈയിലെ യു.എസ് കോണ്‍സല്‍ ജനറല്‍ ജെന്നിഫര്‍ മക്ന്‍റയര്‍, യു.കെ ഹൈകമീഷണര്‍ ജയിംസ് ബേവന്‍, ആസ്ട്രേലിയന്‍ ഹൈകമീഷണര്‍ പീറ്റര്‍ വര്‍ഗീസ്, മലേഷ്യന്‍ സര്‍ക്കാറിന്‍െറ പ്രത്യേക പ്രതിനിധി എസ്. സാമിവേലു എന്നിവരാണ് സമ്മേളനത്തിനെത്തുന്ന പ്രമുഖ വിദേശ പ്രതിനിധികള്‍. കാനഡ, യു.കെ എന്നിവിടങ്ങളില്‍നിന്ന് 45 വീതം പ്രതിനിധികള്‍ എത്തി.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ് വ്യവസായ പ്രതിനിധികള്‍ ഏറെയും എത്തുന്നത്. യു.എ.ഇ, പോളണ്ട്, തുര്‍ക്കി അംബാസഡര്‍മാരും ബ്രൂണെ, മൊറീഷ്യസ് ഹൈകമീഷണര്‍മാരും സംഗമത്തില്‍ പങ്കെടുക്കും. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നിന്ന് വൈസ് ഗവര്‍ണറുടെ നേതൃത്വത്തില്‍ വന്‍ സംഘം ചൊവ്വാഴ്ച എത്തി. നഗരത്തിലെ 23 ഹോട്ടലുകളിലാണ് ഇവര്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്.
മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരായ ശരദ് പവാര്‍,ഗുലാം നബി ആസാദ്,കമല്‍ നാഥ്,ആനന്ദ് ശര്‍മ,കുമാരി ഷെല്‍ജ, ജി.കെ. വാസന്‍, സംസ്ഥാന മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരും പങ്കെടുക്കും. നാഷനല്‍ ഇന്നൊവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാം പിത്രോഡ,ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അഹ്ലുവാലിയ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, ഡോ.കെ. കസ്തൂരിരംഗന്‍, ഇന്‍ഫോസിസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍,സി.ഇ.ഒ എസ്.ഡി. ഷിബുലാല്‍ തുടങ്ങിയവരും പങ്കെടുക്കും. പ്രമുഖ പ്രവാസി വ്യവസായികളായ എം.എ. യൂസഫലി, ഗള്‍ഫാര്‍ മുഹമ്മദാലി, സി.ബി. മേനോന്‍, ടീകോം സി.ഇ.ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, ഗോദ്റെജ് ഗ്രൂപ് ചെയര്‍മാന്‍ എ.ഡി. ഗോദ്റെജ്, ടാറ്റാ കോഫി ചെയര്‍മാന്‍ ആര്‍.കെ. കൃഷ്ണകുമാര്‍, കോട്ടക് മഹീന്ദ്ര എം.ഡി ഉദയ് കോട്ടക്, ജി.വി.കെ ഇന്‍ഡസ്ട്രീസ് വൈസ് ചെയര്‍മാന്‍ ജി.വി. സഞ്ജയ് റെഡ്ഢി,അപ്പോളോ ടയേഴ്സ് സി.എം.ഡി ഓങ്കാര്‍ എസ്. കന്‍വാര്‍, സാമി ലാബ്സ് ചെയര്‍മാന്‍ ഡോ. എം. മജീദ്,ഗാമന്‍ ഇന്ത്യ സി.എം.ഡി അബ്ജിത് രാജന്‍ എന്നിവരടക്കം 200 ഓളം പ്രത്യേക പ്രതിനിധികളും പങ്കെടുക്കും.
ഡി.പി വേള്‍ഡ് ഗ്രൂപ് സി.ഇ.ഒ ജമാല്‍ മജീദ് താനിയ, എന്‍.ഐ.സി.ഇ ഇന്‍റര്‍നാഷനല്‍ സീനിയര്‍ അഡൈ്വസര്‍ ഡോ. ഫ്രാന്‍കോസ് ക്ളൂസിയാവോ,സി.ഇ.ഐ ഗ്രൂപ് സി.ഇ.ഒ ഷാ ഹക്കീം സെയ്ന്‍, യു.എന്‍.ഐ.ഡി.ഒ സീനിയര്‍ ഡയറക്ടര്‍ ജനറല്‍ ജെംബാലിയ വിനാചിറാജി എന്നിവരും കൊച്ചിയിലെത്തിയിട്ടുണ്ട്.
കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ബുധനാഴ്ച രാവിലെ 10.45 മുതല്‍ ഉച്ചക്ക് ഒന്നുവരെയും രണ്ടര മുതല്‍ വൈകുന്നേരം ആറുവരെയുമാണ് നിയന്ത്രണം.
തോപ്പുംപടി ബി.ഒ.ടി പാലം മുതല്‍ തേവര വെണ്ടുരുത്തി വിക്രാന്ത് പാലം വരെയും ബി.ഒ.ടി പാലം, അലക്സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍ ജങ്ഷന്‍ വരെയും വാത്തുരുത്തി ബ്രിസ്റ്റോ റോഡിലും വില്ലിങ്ടണ്‍ ദ്വീപ് വടക്കേ അറ്റം വരെയുമാണ് ബുധനാഴ്ച ഗതാഗത നിയന്ത്രണം. വ്യാഴാഴ്ച രാവിലെ 9.15 മുതല്‍ 12.15 വരെയും നിയന്ത്രണമുണ്ട്.
വില്ലിങ്ടണ്‍ ദ്വീപ് വടക്കേയറ്റം മുതല്‍ വാത്തുരുത്തി, വെണ്ടുരുത്തി വിക്രാന്ത് പാലം, എം.ജി റോഡില്‍ കെ.പി.സി.സി ജങ്ഷന്‍ വരെ നിയന്ത്രണമുണ്ടാകും. എം.ജി റോഡിന് പടിഞ്ഞാറു വശത്ത് ഓള്‍ഡ് തേവര റോഡ്, ഫോര്‍ഷോര്‍ റോഡ്, വാരിയം റോഡ്, ദിവാന്‍സ് റോഡ്,ദര്‍ബാര്‍ ഹാള്‍ റോഡ്, പാര്‍ക്ക് അവന്യൂ, ഷണ്‍മുഖം റോഡില്‍ പൊലീസ് ക്ളബ് ജങ്ഷന്‍ വരെ എന്നിവിടങ്ങളിലും വ്യാഴാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് അറിയിച്ചു. ഗതാഗത നിയന്ത്രണമുള്ള റോഡുകളില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമുതല്‍ വ്യാഴാഴ്ച ഉച്ചക്ക് ഒന്നുവരെയും പാര്‍ക്കിങ് പൂര്‍ണമായും നിരോധിച്ചു. വി.വി.ഐ.പി കടന്നുപോകുന്ന റോഡുകള്‍ അരമണിക്കൂറോളം പൂര്‍ണമായി ബ്ളോക് ചെയ്യും.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
പത്തനംതിട്ട: എമര്‍ജിങ് കേരളയില്‍നിന്ന് ആറന്മുള വിമാനത്താവള പദ്ധതി ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി, തിരുവാറന്മുള പൈതൃക ഗ്രാമകര്‍മ സമിതി, പള്ളിയോട പള്ളിവിളക്ക് സംരക്ഷണ സമിതി എന്നിവയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പാല്‍,പത്രം,ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.





