ഹജ്ജ് വിമാനം നേരത്തെ പുറപ്പെടുമെന്ന് സൂചന
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകരുടെ യാത്ര പ്രതീക്ഷിച്ചതിലും നേരത്തെയാകുമെന്ന് സൂചന. കേരളത്തില്‍നിന്നുള്ള ആദ്യവിമാനം ഒക്ടോബര്‍ ഒന്നിന് പുറപ്പെടുമെന്നാണ് കരുതുന്നത്.
ഒക്ടോബര്‍ ആറിനായിരുന്നു ആദ്യവിമാനം നിശ്ചയിച്ചിരുന്നത്. കേരളത്തില്‍ എയര്‍ ഇന്ത്യയാണ് ഇത്തവണ ഹജ്ജ് സര്‍വീസ് നടത്തുന്നത്. നേരത്തെ നിശ്ചയിച്ച ദിവസങ്ങളില്‍ സൗദിയില്‍ വിമാനമിറക്കുന്നതിന് സൗദി വിമാനത്താവള അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. വിമാനങ്ങള്‍ക്കുള്ള സമയവും വിമാനത്താവളത്തില്‍ ലഭിക്കേണ്ട സൗകര്യങ്ങളും സംബന്ധിച്ച് ഉറപ്പ് ലഭിക്കാത്തതിനാല്‍ യാത്രാ ഷെഡ്യൂള്‍ മാറ്റാനുള്ള തയ്യാറെടുപ്പ് നടക്കുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ പ്രവാഹം പാരമ്യത്തിലെത്തുന്ന സമയത്താണ് കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരുടെ യാത്രയും നിശ്ചയിച്ചത്.
കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് വിമാനമാര്‍ഗം തീര്‍ഥാടകരെ എത്തിക്കാനായിരുന്നു തീരുമാനം.
ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 17ന് പുറപ്പെടും. രണ്ടാംഘട്ടത്തിലാണ് കേരളത്തിലെ തീര്‍ഥാടകരുടെ യാത്ര നിശ്ചയിച്ചിരുന്നത്. വിമാനസമയം വ്യക്തമാകാത്തതിനാല്‍ മാനിഫെസ്റ്റോ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.




