Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വിശുദ്ധിയുടെ നിറവില്‍ അറഫാസംഗമത്തിന് സമാപ്തി 
മക്ക: ദേശ,വംശാതിര്‍ത്തികള്‍ മറന്ന് വിശ്വാസത്തിന്‍െറ ചരടില്‍ കോര്‍ത്ത് ലോകത്തിന്‍െറ 183 രാഷ്ട്രങ്ങളില്‍ നിന്നുള്ള തീര്‍ഥാടകലക്ഷങ്ങള്‍ അറഫയില്‍ വിശുദ്ധിയുടെ ശുഭ്രസാഗരം തീര്‍ത്തു. ദൈവവിളിക്ക് ഉത്തരമായി ലബ്ബൈക്ക വിളികളും പാപമോചനപ്രാര്‍ഥനകളുമായി മിനായില്‍ നിന്ന് ബുധനാഴ്ച രാത്രി വൈകി ആരംഭിച്ച തീര്‍ഥാടകപ്രവാഹം വ്യാഴാഴ്ച രാവിലെ പത്തുമണിയോളം തുടര്‍ന്നു. ഹജ്ജിന്‍െറ സുപ്രധാനചടങ്ങായ അറഫയിലെ നിറുത്തത്തിനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനായി തലേന്നാള്‍ തന്നെ തീര്‍ഥാടകപ്രവാഹം തുടങ്ങിയിരുന്നു. രാത്രി വൈകി മശാഇര്‍ ട്രെയിന്‍ വഴിയും ബസുകളിലുമായി തീര്‍ഥാടകരുടെ പ്രവാഹമായി. അറഫയിലെ നമിറ പള്ളിപരിസരത്തും ജബലുറഹ്മയിലുമൊക്കെ തീര്‍ഥാടകരുടെ വമ്പിച്ച തിരക്ക് അനുഭവപ്പെട്ടു. പുതിയ ഗതാഗതസജ്ജീകരണങ്ങള്‍ തിരക്കൊഴിവാക്കുന്നതിന് ഏറെ സഹായകമായി.

ളുഹ്ര്‍ നമസ്കാരസമയത്ത് നമിറ പള്ളിയില്‍ സൗദി ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആല്‍ ശൈഖ് അറഫാപ്രഭാഷണം നിര്‍വഹിച്ചു. ലോകത്തെങ്ങുമുള്ള ആധുനിക മനുഷ്യസമൂഹം ഇസ്ലാമിന്‍െറ കാരുണ്യവും നീതിയും തേടുന്നുണ്ടെന്നും ആത്മീയവും ധാര്‍മികവുമായ തലത്തിലുള്ള ശൂന്യത നികത്താന്‍ ഇസ്ലാമികാദര്‍ശത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യവും നീതിയും ഗുണകാംക്ഷയും ഉദ്ഘോഷിക്കുന്ന ഇസ്ലാമികവിശ്വാസത്തിന്‍െറ തെളിച്ചം വ്യക്തിതലത്തിലും കൂട്ടുജീവിതത്തിലും പകരാനും സമൂഹത്തിന് ഉപകാരിയായ ഉത്തമസമൂഹമായി മാറാനും വിശ്വാസികള്‍ ശ്രമിക്കണമെന്ന് ഗ്രാന്‍റ് മുഫ്തി ഉദ്ബോധിപ്പിച്ചു.
ളുഹ്ര്‍, അസ്ര്‍ നമസ്കാരങ്ങള്‍ ഒന്നിച്ചു നമസ്കരിച്ചശേഷം തീര്‍ഥാടകര്‍ അറഫയുടെ വിവിധഭാഗങ്ങളിലായി പ്രാര്‍ഥനയിലും അനുഷ്ഠാനങ്ങളിലും മുഴുകി. ജന്മവിശുദ്ധി നേടിയ ശുഭാപ്തിയോടെ സന്ധ്യക്കു ശേഷം അവര്‍ മുസ്ദലിഫയിലേക്കു നീങ്ങി. വ്യാഴാഴ്ച രാത്രി മുഴൂവന്‍ അവിടെ കഴിച്ചുകൂട്ടിയ ശേഷം ബലിപെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച ഹാജിമാര്‍ ബലികര്‍മത്തിനും ജംറയിലെ ആദ്യകല്ലേറിനുമായി മിനായിലേക്കു നീങ്ങും.