ഹാജിമാര്‍ക്ക് മടങ്ങാന്‍ 432 വിമാനസര്‍വീസുകള്‍
ജിദ്ദ: വ്യാഴാഴ്ചമുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ കേന്ദ്രകമ്മിറ്റി ഹാജിമാരുടെ മടക്കം ഡിസംബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമദ് അറിയിച്ചു. ജിദ്ദയില്‍നിന്നും മദീനയില്‍നിന്നുമായി പുറപ്പെടുന്ന 432 വിമാന സര്‍വീസുകളിലായിരിക്കും ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകര്‍ സ്വദേശത്തേക്ക് മടങ്ങുക. ഈ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഹജ്ജ് സൗഹൃദസംഘത്തെ നയിച്ച് എത്തിയ ഇ. അഹമദ് ജിദ്ദ കോണ്‍സുലേറ്റില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കയായിരുന്നു
മടക്കവേളയില്‍ ജിദ്ദയില്‍നിന്ന് സൗദിഅറേബ്യന്‍ എയര്‍ലൈന്‍സ് 125-ഉം എയര്‍ ഇന്ത്യ 132-ഉം സര്‍വീസുകള്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കായി നടത്തും. വ്യാഴാഴ്ച തുടങ്ങി നവംബര്‍ 29-വരെ ഇത് തുടരും. അതേസമയം, മദീനയില്‍നിന്ന് മടക്കം നവംബര്‍ 11-നാണ് തുടങ്ങുക. ഇത് ഡിസംബര്‍ ഒന്നിനാണ് തീരുക. മദീനയില്‍നിന്ന് സൗദിഅറേബ്യന്‍ വിമാനങ്ങള്‍ 106-ഉം എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ 69-ഉം സര്‍വീസുകളാണ് നടത്തുക.
കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇത്തവണയും മക്കയിലെയും മദീനയിലെയും ഹാജിമാരുടെ താമസസ്ഥലത്തുവെച്ച് ബാഗേജുകള്‍ ചെക്ക്ഇന്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ഇ. അഹമദ് അറിയിച്ചു. ഇതിനായി മലയാളികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദയിലെ പ്രമുഖ കാര്‍ഗോ സ്ഥാപങ്ങളായ ആല്‍ഫ കാര്‍ഗോ, മുഹ്‌സിന്‍ കാര്‍ഗോ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. ആല്‍ഫാ കാര്‍ഗോ എയര്‍ഇന്ത്യ സര്‍വീസുകള്‍ക്കും മുഹ്‌സിന്‍ കാര്‍ഗോ സൗദിസര്‍വീസുകള്‍ക്കുമുള്ള ചെക്ക് ഇന്‍ ഏര്‍പ്പാടുകളാണ് ചെയ്യുക.
ഹാജിമാര്‍ക്കുവേണ്ടി ആതിഥേയ രാജ്യമായ സൗദിഅറേബ്യ ചെയ്തുവരുന്ന സേവനങ്ങളെ വിലമതിച്ച മന്ത്രി ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിനുള്ള നന്ദി രേഖപ്പെടുത്തി. പ്രവാസികളായ ഇന്ത്യന്‍ ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനത്തെയും ഇ. അഹമ്മദ് പ്രശംസിച്ചു. വരുംവര്‍ഷങ്ങളില്‍ ഇനിയും വിപുലപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപെട്ടു
ഇത്തവണ അഞ്ചുലക്ഷം പേര്‍ക്ക് ഹജ്ജ് മോണോ റെയില്‍വേ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്രകമ്മിറ്റി മുഖേന എത്തിയ ഇന്ത്യന്‍ ഹാജിമാര്‍ക്കും പ്രസ്തുത സൗകര്യം ലഭിച്ചതില്‍ ഇ. അഹമദ് സൗദി സര്‍ക്കാറിന് പ്രത്യേക നന്ദി പ്രകാശിപ്പിച്ചു. സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍, സൗദി ഉള്‍പ്പെടെയുള ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നുള്ള ഹാജിമാര്‍ക്കായിരുന്നു ഇത്തവണ ഹജ്ജ് മോണോറെയില്‍ സൗകര്യം.




