റഈസുല്‍ ഉലമക്ക് സുന്നി കേരളം കണ്ണീരോടെ വിട നല്‍കി
മലപ്പുറം: റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്ല്യാര്‍ക്ക് കണ്ണീരോടെ വിട. കാളമ്പാടി ജുമാ മസ്‌ജിദ് ബര്‍സ്ഥാനില്‍ രാവിലെ 9 മണിക്ക് ലക്ഷക്കണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ ജനാസ കാളമ്പാടി ജുമാ മസ്‌ജിദിലേക്ക് കൊണ്ടുപോയി. 41 തവണയാണ് മയ്യിത്ത് നമസ്‌കാരം നടന്നത്. ആദ്യ നമസ്‌കാരത്തിന് കോട്ടുമല കോംപ്ലക്‌സില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കിയത്. പിന്നീട് കോംപ്ലക്‌സിലും പള്ളിയിലുമായി നടന്ന നമസ്‌കാരത്തിന് പ്രമുഖ സയ്യീദുമാരും പണ്ഡിതന്മാരും നേതൃത്വം നല്‍കി 9.20 ന് ഖബറടക്കം നടന്നു.
പൂര്‍വികരുടെ ധര്‍മപാത പിന്തുടര്ന്ന പണ്ഡിതശ്രേഷ്ഠന്‍ : ഹൈദരലി തങ്ങള്‍
മലപ്പുറം: മഹാന്‍മാരായ പൂര്‍വികരുടെ ധര്‍മപാത പിന്തുടര്‍ന്ന പണ്ഡിതശ്രേഷ്ഠനായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ലാളിത്യവും വിനയവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പാണക്കാട് കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന കാളമ്പാടി മുസ്‌ലിയാരുടെ നിര്യാണം സമുദായത്തിന് വലിയ നഷ്ടമാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍ പണ്ഡിതശ്രേഷ്ഠന്‍ : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍
ചരിത്രപാരമ്പര്യം ഉറങ്ങുന്ന മലപ്പുറം നഗരത്തോടു ചേര്‍ന്നുനില്‍ക്കുന്ന നാട്ടിന്‍പ്രദേശമാണു കാളമ്പാടി. ശംസുല്‍ ഉലമയും കൂറ്റനാടും അടക്കമുള്ള പണ്ഡിതപ്രതിഭകളുടെ ഗുരുനാഥനായിരുന്ന കോമുമുസ്‌ല്യാരും നൂറുകണക്കിനു മഹിതപണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്നുനല്‍കിയ കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാരും വളര്‍ന്നതും ജീവിച്ചതും ഈ അനുഗൃഹീതനാട്ടിലാണ്. എന്നാല്‍ നാടിന്റെ പേരില്‍ ഇവരാരും അറിയപ്പെട്ടിരുന്നില്ല. കാളമ്പാടിയുടെ പേരില്‍ അറിയപ്പെട്ടത് മുഹമ്മദ് മുസ്‌ല്യാരാണ്. കേരള മുസ്‌ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ സിരാകേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദവിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ മഹാനു ണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലം സമസ്തയുടെ സുവര്‍ണകാലഘട്ടമാണ്.
ഇസ്‌ലാമിക കര്മലശാസ്ത്ര രംഗത്തെ സൗമ്യസാന്നിധ്യം : കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍
ആദര്‍ശവിഷയങ്ങളിലെ കാര്‍ക്കശ്യവും വ്യക്തിജീവിതത്തിലെ ലാളിത്യവുമായിരുന്നു കാളമ്പാടി മുഹമ്മദ് മുസല്യാരുടെ മുഖമുദ്ര. ഏറെ സൗമ്യനും ക്ഷമാശീലനുമായിരുന്ന അദ്ദേഹം ഇസ്‌ലാമിക കര്‍മശാസ്ത്രരംഗത്ത് ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠരിലെ ഒന്നാമന്‍തന്നെയായിരുന്നു. സമസ്തയ്ക്കു മാത്രമല്ല സമുദായത്തിനൊന്നാകെ നികത്താനാകാത്ത നഷ്ടമാവുകയാണ് അദ്ദേഹത്തിന്റെ വിയോഗം. സംഘടനാപ്രവര്‍ത്തനരംഗത്ത് ഞങ്ങള്‍ക്കെല്ലാം അദ്ദേഹമായിരുന്നു മാര്‍ഗദര്‍ശി. ഇസ്‌ലാമിക കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട സങ്കീര്‍ണപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഖുര്‍ആനും ഹദീസുകളും അടിസ്ഥാനമാക്കിയ കൃത്യമായ മറുപടികള്‍ അദ്ദേഹത്തിന്റെ കയ്യില്‍ എപ്പോഴുമുണ്ടായിരുന്നു. സമസ്തയുടെ ഫത്‌വാ കമ്മിറ്റിയില്‍ സങ്കീര്‍ണമായ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ അവസാന ഉത്തരം, കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണികളുടെ അകമ്പടിയോടെ ഒരോര്‍മത്തെറ്റുമില്ലാതെ അദ്ദേഹം നല്‍കിയിരുന്നു.





