മതസൗഹാര്‍ദത്തിന്റെ പാരമ്പര്യം മുറുകെ പിടിക്കണം -അബ്ബാസലി ശിഹാബ് തങ്ങള്‍
പയ്യന്നൂര്‍: മത സൗഹാര്‍ദത്തിനും മാനവ സൗഹാര്‍ദ്ദത്തിനുംവേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്. എന്നും പുതിയ സാഹചര്യങ്ങളിലും ഈ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 'വിശുദ്ധിയിലൂടെ സംഘബോധത്തിലേക്ക്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച ജാഗരണ സമ്മേളനം പയ്യന്നൂര്‍ കാവേരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലും സമുദായത്തിലും ഉണ്ടാകുന്ന അരാജക പ്രവണതകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് ധാര്‍മികാന്തരീക്ഷം ഉണ്ടാക്കാനായിരിക്കണം നമ്മുടെ പ്രവര്‍ത്തനം-അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ കണ്ണൂര്‍,കാസര്‍കോട് ചിക്മംഗ്ലൂര്‍, കുടക്, ദക്ഷിണ കന്നട എന്നീ പ്രദേശങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സിദ്ദിഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷനായി. സിറാജുദ്ദീന്‍ ദാരിമി കക്കാട് പ്രഭാഷണം നടത്തി. അബ്ദുലത്തീഫ് പന്നിയൂര്‍ സ്വാഗതം പറഞ്ഞു. നേരത്തെ സയ്യിദ് കെ.പി.പി.തങ്ങള്‍ പതാകയുയര്‍ത്തി. എം.എ.ഖാസിം മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. അബ്ദുറഹ്മാന്‍ കല്ലായി കാളമ്പാടി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. ബഷീര്‍ അസ്ഹരി, എസ്.കെ.ഹംസഹാജി, സയ്യിദ് സഫ്‌വാന്‍ കോയ തങ്ങള്‍, എസ്.കെ.പി. അബ്ദുള്‍ ഖാദര്‍ ഹാജി, അബ്ബാസ് ദാരിമി, അശ്രഫ് ഫൈസി, കെ.വി.അബ്ദുള്ള ഹാജി, ടി.വി.അഹമ്മദ് ദാരിമി, സഹ്ദുള്ള ഫൈസി എന്നിവര്‍ സംസാരിച്ചു.




