ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സമസ്ത പ്രസിഡണ്ട്
കോഴിക്കോട്: അന്തരിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ ഒഴിവിലേക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടായി ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 31-10-2012ന് കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന മുശാവറക്ക് ശേഷം ചേര്‍ന്ന ജനറല്‍ബോഡിയില്‍ ആനക്കര കോയക്കുട്ടി മുസ്‌ലിയാരുടെ പേര് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇരുയോഗങ്ങളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
4-3-1937ല്‍ ചോലയാല്‍ ഹസൈനാരുടെയും കുന്നത്തേതില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് റീജ്യണല്‍ മുഫത്തിശും സഹോദരനുമായിരുന്ന ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം തുടങ്ങി പിന്നീട് കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുകയും തുടര്‍ന്ന് പണ്ഡിത കേസരിയായ കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്ന് പഠിക്കുകയും ചെയ്തു. കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ.അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് പ്രധാന ഗുരുനാഥന്‍മാര്‍.
കണ്ണിയത്ത് ഉസ്താദിന് തന്റെ അരുമശിഷ്യനോട് വലിയ സ്‌നേഹമായിരുന്നു. വീട്ടില്‍ കൊണ്ട് പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് കോയക്കുട്ടി ഉസ്താദിനെയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഒരാളില്‍ നിന്നും ഇത്‌വരെ കടം വാങ്ങിയിട്ടില്ല. ശമ്പളം ചോദിക്കുകയോ ശമ്പളത്തിന്നുവേണ്ടി ജോലി ചെയ്യുകയോ ചെയ്തിട്ടില്ല.
പൊന്നാനിയിലെ ദര്‍സ് കണ്ണിയത്ത് ഉസ്താദ് അവസാനിപ്പിച്ചപ്പോള്‍ ശിഷന്യനോട് പറഞ്ഞു: 'നീ എന്റെ വീട്ടില്‍ നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം.' ബാഖിയാത്തില്‍ പോവാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും കുഴിപ്പുറത്ത് ഒ.കെ.ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്ന് പഠിക്കുകയാണ് ചെയ്തത്. അവിടെ വലിയ കിതാബുകള്‍ പഠിക്കുകയും ഒഴിവ് സമയങ്ങളില്‍ വഅള് പറഞ്ഞ് ബാഖിയാത്തില്‍ പോവാനുള്ള പണം സ്വരൂപിക്കുകയും ചെയ്തു.
ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയതിന്ന് ശേഷം 75 വിദേശ വദ്യാര്‍ത്ഥികളുള്ള തിരൂരങ്ങാടി ജുമാ മസ്ജിദില്‍ മുദരിസായി സേവനമേറ്റെടുത്തു. പിന്നീട് നന്നമ്പ്ര, കൊയിലാണ്ടി അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി ദര്‍സുകളില്‍ മുദരിസാവുകയും സേവനരംഗത്ത് 50 വര്‍ഷം തികക്കുകയും ചെയ്തു. പിന്നീട് കാരത്തൂര്‍ ജാമിഅ ബദരിയ്യ പ്രിന്‍സിപ്പാളായും ജോലി ചെയ്തു.
ആനക്കരയടക്കം പത്ത് മഹല്ലിലെ ഖാളി സ്ഥാനം ഇപ്പോള്‍ വഹിക്കുന്നു. പാലക്കാട് ജില്ലാ സമസ്തയുടെ പ്രസിഡണ്ട്, മലപ്പുറം ജീല്ല കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷാ ബോര്‍ഡ്, ജാമിഅ നൂരിയ്യ പരീക്ഷാ ബോര്‍ഡ്, വളാഞ്ചേരി മര്‍ക്കസ്, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, പൊന്നാനി താലൂക്ക് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ പതവികള്‍ വഹിക്കുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ബോഡി അംഗവുമാണ്.
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദര്‍കള്‍ നിരവധി ഇടങ്ങളിലായി ദിക്ര്‍ ഹല്‍ഖകള്‍ നടത്തി കൊണ്ടിരുന്നു. അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഉസ്താദിനുള്ളത്. ആണ്‍മക്കളില്‍ നാല് പേരും ഫൈസിമാരാണ്. പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരും ഫൈസിമാരാണ്. 1988 സമസ്ത മുശാവറ അംഗമായയും 2001-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു.
യോഗത്തില്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കുമ്പള ഖാസിം മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബെ, നിറമരുതൂര്‍ മരക്കാല്‍ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, ഒ.കുട്ടി മുസ്‌ലിയാര്‍, താഖാ അഹ്മദ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, എം.കെ.മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.സി.തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി.മൂസക്കോയ മുസ്‌ലിയാര്‍ പങ്കെടുത്തു. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രസിഡണ്ടായതോടെ ഒഴിവ് വന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാരെ തെരഞ്ഞെടുത്തു.





