Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഇസ്രായേലിനെ നിലക്കുനിര്‍ത്താന്‍ പോംവഴി പോരാട്ടം -ഖത്തര്‍ അമീര്‍

ഇസ്രായേലിനെ നിലക്കുനിര്‍ത്താന്‍ പോംവഴി പോരാട്ടം -ഖത്തര്‍ അമീര്‍ 
ദോഹ: മൃഗീയ ആക്രമണമഴിച്ചുവിടുന്ന ഇസ്രായേലിനെ നിലക്കുനിര്‍ത്താന്‍ കരുത്തുറ്റ ചെറുത്തുനില്‍പ്പിന്‍െറ പോരാട്ടം മാത്രമാണ് പോംവഴിയെന്ന് ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. എപ്പോഴും സമാധാനാന്തരീക്ഷം തകിടംമറിക്കുന്നത് ഇസ്രായേലാണ്. ശക്തമായ ചെറുത്തുനില്‍പ്പ്കൊണ്ട് മാത്രമേ അവരുടെ ആക്രമണം അവസാനിപ്പിക്കാനാവൂ. 2008ല്‍ ഗസ്സയിലും 2006ല്‍ ലബനാനിലും ഉണ്ടായ അനുഭവം അതായിരുന്നുവെന്ന് അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമീര്‍ അനുസ്മരിച്ചു.
ആക്രമണവും രക്തച്ചൊരിച്ചിലും തടയാന്‍ ഏകോപിച്ച അറബ് നിലപാട് അതിപ്രധാനമാണ്. അറബ് വസന്താനന്തരം അറബ് ലോകത്തിന്റെസ്ഥിതി പൂര്‍ണമായും വ്യത്യാസപ്പെട്ടതായി അമീര്‍ നിരീക്ഷിച്ചു. ഇസ്രായേലിന്‍െറ കടന്നാക്രമണത്തിനിരയാകുന്ന ഗസ്സയോടുള്ള അറബ് ലോകത്തിന്‍െറ ഐക്യദാര്‍ഢ്യം ശ്രദ്ധേയമാണ്. 2008ല്‍ ഗസ്സ ആക്രമണത്തിനിരയായപ്പോള്‍ ഈജിപ്ത് ഒന്നും ചെയ്തിരുന്നില്ല. ഇപ്പോള്‍ ഗസ്സക്ക് പിന്തുണയേകി ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഹിശാം ഖിന്‍ദീലും തുനീഷ്യന്‍ വിദേശകാര്യമന്ത്രി റഫീഖ് അബ്ദുസലാമും ഗസ്സയിലെത്തിയത് ശുഭോദര്‍ക്കമാണ്. ഈജിപ്തിലെ സ്ഥിതിഗതികള്‍ മാറിയിരുന്നില്ലെങ്കില്‍ തനിക്കും ഗസ്സ സന്ദര്‍ശിക്കാനാവുമായിരുന്നില്ല. ഗസ്സയുടെ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ ഗുണപരമായ ഈ മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അമീര്‍ അഭിപ്രായപ്പെട്ടു.
ഗസ്സക്കെതിരായ ഇസ്രായേലിന്‍െറ ഉപരോധം അവസാനിപ്പിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. വിമോചിത ഭൂമിയായ ഗസ്സക്കെതിരെ ഇസ്രായേല്‍ ഉപരോധം തുടരുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഗസ്സക്കാര്‍ക്ക് ആശ്വാസമേകാനുള്ള ജീവകാരുണ്യ സഹായങ്ങള്‍ കൊണ്ടുപോകാന്‍ റഫാ അതിര്‍ത്തി തുറന്നിട്ട ഈജിപ്തിന്റെനടപടിയെ അമീര്‍ ശ്ളാഘിച്ചു.
തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അമീര്‍ ഇന്നലെ കെയ്റോയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇസ്രായേല്‍ ആക്രമണവും സിറിയന്‍ വിഷയവും ചര്‍ച്ച ചെയ്തു. ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സിയുമായും ഹമാസ് രാഷ്ട്രീയകാര്യ വക്താവ് ഖാലിദ് മിശ്അല്‍ എന്നിവരുമായി അമീര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഈജിപ്തില്‍ ചികിത്സയിലുള്ള ഫലസ്തീനികള്‍ക്ക് ഒരു കോടി ഡോളറിന്‍െറ സഹായം അമീര്‍ പ്രഖ്യാപിച്ചിരുന്നു. ദ്വിദിന ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം അമീര്‍ ഇന്നലെ ദോഹയില്‍ തിരിച്ചെത്തി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി അമീറിനെ അനുഗമിച്ചു.