എസ്.വൈ.എസ് പ്രഖ്യാപന സമ്മേളനം ചരിത്രമായി
''പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക്''
SYS 60 ാം വാര്‍ഷികം
2014 ഏപ്രില്‍ 4,5,6, തിയ്യതികളില്‍ കാസര്‍ഗോഡ് വാദിത്വയ്‌ബയില്‍
കാളമ്പാടി ഉസ്താദ് നഗര്‍ (തിരുവനന്തപുരം): ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും പുറത്തും തിങ്ങിനിറഞ്ഞ പതിനായിരക ണക്കിന് വിശ്വാസികളെ സാക്ഷിയാക്കി സുന്നി യുവജനസംഘം അറുപതാം വാര്‍ഷികം പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നിര്‍വഹിച്ചത്.
2014 ഏപ്രില്‍ 4,5,6 തീയതികളില്‍ കാസര്‍കോട്ട് വെച്ച് വാര്‍ഷികം നടത്തുമെന്ന് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ജന സാഗരത്തെ സാക്ഷിയാക്കി പ്രഖ്യാപിക്കുകയായിരുന്നു..
വേദിക്ക് വാദിത്വയ്‌ബ എന്ന നാമകരണവും അ ദ്ദേഹംനല്‍കി.. പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക്' എന്നതായിരിക്കും സമ്മേളനത്തിന്റെ പ്രമേയം.
പ്രശ്‌നപരിഹാരത്തിന് സായുധ മാര്‍ഗമാണ് ശരിയെന്ന് വാദിക്കുന്നത് വിഡ്ഡിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരക്കാര്‍ ആത്മപരിശോധന നടത്തി തിരുത്തണം. നന്മയും സത്യവും നീതിയുമാണ് ഇസ്‌ലാം ഉപദേശിക്കുന്നത്. ഇസ്‌ലാമില്‍ നിന്ന് കടമെടുത്തതല്ലാതെ ഒരു നന്മയും ആരും കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏത് സമുദായത്തിനും ശാശ്വതമായ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു. 25 വര്‍ഷം കൊണ്ട് മുസ്‌ലിം സമുദായം നേടിയ വിദ്യാഭ്യാസ പുരോഗതിക്ക് സമസ്ത എന്ന സംഘടന നല്‍കിയ സംഭാവന വലുതാണ്. അത് സമൂഹത്തിന്റ നേട്ടമായി മാറുകയും ചെയ്തിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
മന്ത്രി മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്, വി.കെ.ഇബ്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസലിയാര്‍, കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ഷിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ആലുവ മുഹിയുദീന്‍ കുട്ടി മുസലിയാര്‍, എം.ടി. അബ്ദുള്ള മുസലിയാര്‍, ചെര്‍ക്കളം അബ്ദുള്ള,അബ്ദുസമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, എ.പി. മുഹമ്മദ് മുസലിയാര്‍ കുമരംപുത്തൂര്‍, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, കെ. ആലിക്കുട്ടി മുസലിയാര്‍, തോന്നയ്ക്കല്‍ ജമാല്‍, സി. കോയക്കുട്ടി മുസലിയാര്‍, ഹസന്‍ ആലങ്കോട്, എ അബ്ബാസ് സേട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
മഅദനിക്ക് നീതി ലഭ്യമാക്കുക, എ.പി. അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ സമസ്തയുടെ പൊതുഅംഗീകാരം തകര്‍ക്കുന്നതിന് നടത്തുന്ന നീക്കങ്ങള്‍ക്ക് ചിലര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക, വഹാബിസം തെറ്റ് തിരുത്തി തിരിച്ചു വരിക, സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.





