Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഇഫ്‌ളു കാമ്പസിന് സ്ഥലം:നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നു

ഇഫ്‌ളു കാമ്പസിന് സ്ഥലം:നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നു
മലപ്പുറം: പാണക്കാട്ടെ 75 ഏക്കര്‍ സ്ഥലം ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാലയുടെ(ഇഫ്‌ളു) കാമ്പസിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നിയമസഭാ സമ്മേളനം കഴിയുമ്പോഴേക്കും സ്ഥലം കൈമാറ്റം നടക്കും. ഇതിന് മുന്നോടിയായി ഇന്‍കിഡിന്റെ കൈവശമുള്ള സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ച് നല്‍കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതിനായി ഇന്‍കെല്‍
കെ.എസ്.ഐ.ഡി.സി സംയുക്ത സംരംഭമായ ഇന്‍കിഡിന്റെ കൈവശമുള്ള ഭൂമി അളന്നു തിരിച്ചു. പാണക്കാട് വില്ലേജില്‍ 24 സര്‍വേ നമ്പരുകളിലായി കിടക്കുന്ന സ്ഥലമാണ് ഇഫ്‌ളുവിന് നല്‍കുന്നത്. ഈ സ്ഥലം സര്‍വേ പൂര്‍ത്തിയാക്കി അളന്ന് തിട്ടപ്പെടുത്തിയ ശേഷം കെ.എസ്.ഐ.ഡി.സിക്ക് നല്‍കുകയും ഉന്നത വിദ്യാഭ്യാസവകുപ്പ് മുഖാന്തരം ഇഫ്‌ളുവിന് നല്‍കുകയുമാണ് ഇനി ചെയ്യുക. ഇഫ്‌ളുവിന് സ്ഥലം കൈമാറിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതോടെ അതിനുള്ള മറ്റ് നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.
പാണക്കാട് വ്യവസായകേന്ദ്രത്തിലെ ഇന്‍കെലിന്റെ കൈവശമുള്ള നൂറേക്കറില്‍ 75 ഏക്കറാണ് ഇഫ്‌ളുവിന് നല്‍കുന്നത്. കാമ്പസിലേക്കുള്ള റോഡ്, കുടിവെള്ളം, വൈദ്യുതി എന്നീ സംവിധാനങ്ങള്‍ ഇനി ഒരുക്കേണ്ടതുണ്ട്. മലപ്പുറം നഗരത്തില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ ഇന്‍കെല്‍ എജ്യൂസിറ്റിയോട് ചേര്‍ന്നാണ് കാമ്പസ് വരിക. ഇവിടെ 243 ഏക്കര്‍ സ്ഥലമാണ് വ്യവസായ വകുപ്പിനുണ്ടായിരുന്നത്. അതില്‍ നിന്നാണ് 75 ഏക്കര്‍ കാമ്പസിന് വിട്ടുനല്‍കുന്നത്. 
സ്ഥലം ഇഫ്‌ളുവിന് വിട്ടുനല്‍കാന്‍ കഴിഞ്ഞ ആഗസ്ത് എട്ടിന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിരുന്നു. തുടര്‍ന്ന് വ്യവസായവകുപ്പ് ഇന്‍കെലില്‍ നിന്ന് ഭൂമി തിരികെ ഏറ്റെടുത്ത് ചീഫ് സെക്രട്ടറിക്ക് കത്തും നല്‍കി. ഫയല്‍ റവന്യുവകുപ്പില്‍ നിന്ന് രണ്ടു മാസം കഴിഞ്ഞ് ധനകാര്യ വകുപ്പിലേക്കും അവിടെ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനും കൈമാറുകയായിരുന്നു. ഒടുവില്‍ ഇഫ്‌ളുവിന് സ്ഥലം അനുവദിച്ചുകൊണ്ട് കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതോടെയാണ് നടപടികള്‍ വേഗത്തിലായത്. അടുത്ത അധ്യയനവര്‍ഷം ചില കോഴ്‌സുകളോടെ താത്കാലിക കെട്ടിടത്തില്‍ തുടങ്ങി അഞ്ചുവര്‍ഷത്തിനകം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. അറബി, പേര്‍ഷ്യന്‍ ഭാഷകളിലുള്ള പഠന സൗകര്യമായിരിക്കും ആദ്യം തുടങ്ങുക.