ഫലസ്തീനെ ലോകം രാഷ്ട്രമായി അംഗീകരിച്ചു: ഹമദുല്ല സൈദ്
കാപ്പാട്: നിരീക്ഷകരാഷ്ട്ര പദവി നല്‍കുന്ന പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ പാസാക്കിയതോടെ ഫലസ്തീന്‍ രാഷ്ട്രത്തെ ലോകം അംഗീകരിച്ചതായി ഇന്ത്യയിലെ ഫലസ്തീന്‍ നയതന്ത്ര ദൗത്യസംഘം ഉപമേധാവി സുഹൈര്‍ ഹമദുല്ല സൈദ് പറഞ്ഞു.
കാപ്പാട് ഐനുല്‍ഹുദാ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ ഹമദുല്ല സൈദ് മനസ്സ് തുറക്കുകയായിരുന്നു.
ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് നിരീക്ഷക രാഷ്ട്രപദവി ലഭിച്ചതില്‍ ദൈവത്തിന് സ്തുതിയുണ്ട്. വലിയ അംഗീകാരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. പ്രമേയം പാസാക്കുന്നതിന് ഇന്ത്യ ഉറച്ച പിന്തുണയാണ് നല്‍കിയത്.
1988ല്‍ തന്നെ, ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യമാണ് ഇന്ത്യ. മഹമൂദ് അബ്ബാസുമായി നടത്തിയ ഏറ്റവുമൊടുവിലെ കൂടിക്കാഴ്ചയില്‍പോലും സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു.
പ്രതിസന്ധിയുടെ ഓരോ ഘട്ടങ്ങളിലും ഫലസ്തീനെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട്. യാസര്‍ അറഫാത്ത് നേതൃത്വം നല്‍കിയ പി.എല്‍.ഒക്ക് വിശാലമായ പിന്തുണയാണ് ഇന്ത്യ നല്‍കിയിരുന്നത്.
മികച്ച ഭൂരിപക്ഷത്തോടെയാണ് യു.എന്‍ പൊതുസഭ നിരീക്ഷക രാഷ്ട്രപദവി നല്‍കുന്ന പ്രമേയം പാസാക്കിയത്. മിക്ക ലോക രാജ്യങ്ങളും ഫലസ്തീനെ പിന്തുണച്ചു.
ഇതോടെ ഫലസ്തീന്‍ രാഷ്ട്രത്തെ നിഷേധിക്കാന്‍ ഇനി ഇസ്രാഈലിന് കഴിയില്ല. ഫലസ്തീന്റെ മണ്ണില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് അവര്‍ ലോകത്തിന് മുന്നില്‍ മറുപടി പറയേണ്ടിവരും. അന്താരാഷ്ട്ര കോടതിയില്‍ ഇസ്രാഈലിന്നെതിരെ യുദ്ധക്കുറ്റം കൊണ്ടുവരാനും വിചാരണക്ക് വഴിയൊരുക്കാനുമുള്ള അവസരമാണ് പുതിയ സ്ഥാനലബ്ധിയിലൂടെ ഫലസ്തീന് കൈവന്നിരിക്കുന്നത്.





