Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല: സെബാസ്റ്റ്യന്‍ പോള്‍

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല: സെബാസ്റ്റ്യന്‍ പോള്‍
 മാധ്യമ വിചാരം സെബാസ്റ്റിയന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
പെരിന്തല്‍മണ്ണ : മാധ്യമ സ്വാതന്ത്ര്യം ജനങ്ങളുടെ സ്വാതന്ത്ര്യമാണെന്നും, മാധ്യമ പ്രവര്‍ത്തകര്‍ക്ക് എഴുതി തയ്യാറാക്കിയ പെരുമാറ്റ ചട്ടം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ശരിയല്ലെന്നും ഡോ.സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ വിചാരം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ഭരണ ഘടനാപരമായ ചുമതലയാണ് നിര്‍വ്വഹിക്കുന്നത്. ഗവ. അറിയിക്കുന്നത് മാത്രമല്ല അല്ലാത്തതും ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിലുള്ള മാറ്റം പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സമൂഹത്തിന് മാറ്റം വന്നപ്പോഴാണ് മാധ്യമങ്ങള്‍ക്കും മാറ്റം വന്നത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ ഏറ്റെടുത്തതാണ് മാധ്യമങ്ങള്‍ക്ക് തിരിച്ചടിയായത്. മൂലധന താല്‍പര്യങ്ങള്‍ക്ക് വേണ്ടി വായനക്കാരെ സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ പലപ്പോഴും മര്യാദവിടുന്നു. ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയുള്ള പത്ര പ്രവര്‍ത്തനം ആശാവഹമല്ലെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ നെറ്റു വര്‍ക്കുകള്‍ ആത്മ നിയന്ത്രണം പാലിക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിയായി പങ്കെടുത്ത് സംസാരിച്ച മലയാള മനോരമാ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. സമൂഹത്തിന് പുറത്തറിയാന്‍ താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ പോലും ഇത്തരം മീഡിയകള്‍ വഴി വാര്‍ത്തകളാകുന്നു. എന്തും റിപ്പോര്‍ട്ട് ചെയ്യാമെന്ന കാലം വന്നാല്‍ നാടിനെ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ലെന്നും അദ്ധേഹം പറഞ്ഞു. കേരളത്തിലെ ഭാഷാ ശൈലി ഏകീകരിപ്പിച്ചതിന് പിന്നില്‍ മലയാള പത്രങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. എല്ലാവര്‍ക്കും സംസാരിക്കാവുന്ന ഭാഷ നിര്‍മ്മിച്ചതും അതിന് സ്വതന്ത്ര്യം അനുവദിച്ചതും മലയാള പത്രങ്ങളാണ്. വര്‍ഗ്ഗീയ ലഹളകള്‍ പോലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ സാമുദായിക ഐക്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ധേഹം പറഞ്ഞു.
പഴയകാല പത്രങ്ങള്‍ക്ക് ലക്ഷ്യവും മുദ്രാവാക്യവും ഉണ്ടായിരുന്നു. എന്നാല്‍ പത്രങ്ങള്‍ വില്‍പനച്ചരക്കായതാണ് ദിശ തെറ്റാന്‍ ഇടയാക്കിയത്. ദിശ തെറ്റുന്ന മാധ്യമങ്ങള്‍ വായനക്കാര്‍ ബഹിഷ്‌കരിക്കണമെന്നും ചടങ്ങില്‍ സംസാരിച്ച ചന്ദ്രികാ ചീഫ് എഡിറ്റര്‍ ടി.പി.ചെറൂപ്പ അഭിപ്രായപ്പെട്ടു. ഇന്നത്തെ പത്രങ്ങള്‍ വര്‍ഗ്ഗിയതക്കും തീവ്രവാദത്തിനും അധാര്‍മികതക്കെതിരെയുമുള്ള മുദ്രാവാക്യം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കീ മൗലാനാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ.ബഹാഉദ്ധീന്‍ ആദം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.കേരള പി.ആര്‍.ഡി.മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പി.എ.റഷീദ്, അന്‍വര്‍ സാദിഖ് ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, അസ്ലം ഫൈസി കോണോംപാറ, സയ്യിദ് മുര്‍ശിദ് തങ്ങള്‍ പ്രസംഗിച്ചു. ചടങ്ങില്‍ അന്നൂര്‍ അറബിക് മാഗസിന്റെ ഗോള്‍ഡന്‍ ജൂബിലി പതിപ്പ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉസ്മാന്‍ ഹാജി കല്ലാട്ടായിക്ക് നല്‍കി പ്രകാശനം ചെയ്തു.