ജാമിഅ നൂരിയ്യ അറബിയ്യ സുവര്‍ണ ജൂബിലി സമ്മേളനം സമാപിച്ചു
കുറ്റകൃത്യങ്ങള്‍ തടയാന്‍ വിശ്വാസത്തിന്റെ പിന്‍ബലം വേണം -ഹൈദരലി തങ്ങള്‍
പെരിന്തല്‍മണ്ണ: കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം മാത്രം പോരെന്നും വിശ്വാസത്തിന്റെ പിന്‍ബലംകൂടി വേണമെന്നും ജാമിഅ നൂരിയ്യ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ സുവര്‍ണജൂബിലി സമ്മേളന സമാപനവും സനദ്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല വിശ്വാസത്തിലൂടെ നല്ല സമൂഹത്തെ വാര്‍ത്തെടുക്കുമ്പോള്‍ കുറ്റകൃത്യങ്ങളും ഇല്ലാതാകും. നല്ല സംസ്‌കാരമുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സമാധാനത്തിന്റെയും മതമൈത്രിയുടെയും വെളിച്ചം വീശി സമൂഹത്തെ നന്‍മയിലേക്ക് നയിക്കാനാണ് ബിരുദധാരികള്‍ ശ്രമിക്കേണ്ടത്. ഇസ്‌ലാം ഒന്നിനെയും അടിച്ചേല്‍പ്പിക്കുന്നില്ല. ഖുര്‍ആനിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത് -ഹൈദരലി തങ്ങള്‍ പറഞ്ഞു.
സാമുദായിക സൗഹാര്‍ദത്തിന്റെ വിത്തുകളാണ് ഫൈസിമാര്‍ സമൂഹത്തിന് നല്‍കേണ്ടതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. സമസ്തയെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാനത്തിന്റെ പര്യായമായി ജാമിഅയെ വളര്‍ത്തിയത് ദീനി സ്‌നേഹിതരാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച ജാമിഅ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു. ഇവിടെ നിന്ന് പുറത്തിറങ്ങുന്ന ഫൈസിമാര്‍ ക്രിയാത്മകതയുടെ വക്താക്കളായാണ് ലോകമെങ്ങും പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിം സമൂഹം മുന്നേറുമ്പോള്‍ ഇതര മതങ്ങളിലേക്കും ആ നന്മ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പ്രാര്‍ഥനയ്ക്ക് സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. ഈജിപ്ത് അംബാസഡര്‍ ഖാലിദ് അല്‍ ബഖ്‌ലി, ഹൈദരാബാദ് നിസാമിയ്യയിലെ ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ്, ദാത്തോ അബ്ദുള്‍കരീം(മലേഷ്യ), ഡോ. ശഅബാന്‍ കുക്ക്(തുര്‍ക്കി) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, പി. അബ്ദുല്‍ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





