Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

‘പ്രവാചക കേശം’ കേസില്‍ സമസ്ത കക്ഷിചേരും

‘പ്രവാചക കേശം’ കേസില്‍ സമസ്ത കക്ഷിചേരും
കോഴിക്കോട്: ‘തിരുകേശം’ സംബന്ധിച്ച യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ അന്വേഷണമാവശ്യപ്പെട്ടുള്ള കേസില്‍ സമസ്തയും പോഷക സംഘടനകളും കക്ഷി ചേരും. പ്രവാചക കേശമെന്ന് അവകാശപ്പെട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രചാരണം നടത്തുന്ന മുടിയുടെ സത്യാവസ്ഥ അന്വേഷിക്കുന്നത് ക്രമസമാധാനവും മതസൗഹാര്‍ദവും തകര്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ്, കേസില്‍ കക്ഷിചേരാന്‍ കേരളത്തിലെ സുന്നികളുടെ ആധികാരിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തീരുമാനിച്ചത്.
സമസ്ത അധ്യാപക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനും വിദ്യാര്‍ഥി സംഘടനയായ സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷനു(എസ്.കെ.എസ്.എസ്.എഫ്)മാണ് തുടക്കത്തില്‍ കക്ഷി ചേരുക. ജംഇയ്യത്തുല്‍ മുഅല്ലിമീനുവേണ്ടി ജനറല്‍ സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിയും എസ്.കെ.എസ്.എസ്.എഫിനുവേണ്ടി ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയും കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി ഇന്ന് ഹരജി ഫയല്‍ ചെയ്യും. പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മുടിയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വടകര കസ്റ്റംസ് റോഡിലെ യു.സി. അബൂബക്കറാണ് ഹൈകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചത്.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എതിര്‍ കക്ഷികളായ കേരള സര്‍ക്കാറിനോടും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരോടും ആവശ്യപ്പെട്ടിരുന്നു. കാന്തപുരം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, തിരുകേശ പള്ളിനിര്‍മാണത്തിന് പൊതുജനങ്ങളില്‍നിന്ന് പണം പിരിക്കുന്നില്ലെന്നും ആത്മീയ ചൂഷണം നടത്തുന്നില്ലെന്നും ബോധിപ്പിച്ചിരുന്നു. സര്‍ക്കാറും കാന്തപുരവും കോടതിയില്‍ ബോധിപ്പിച്ചത് സത്യമല്ലെന്നും യാഥാര്‍ഥ്യം ബോധിപ്പിക്കാന്‍ അവസരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് സമസ്ത രംഗത്തുവരുന്നത്. പള്ളിക്കുവേണ്ടി പരസ്യമായി പണം പിരിച്ചതിന്‍െറ രേഖകളും കോടതി അനുവദിച്ചാല്‍ ഹാജരാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. തിരുകേശം സംബന്ധിച്ച് സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച തെറ്റായ സത്യവാങ്മൂലം പിന്‍വലിച്ച് സത്യസന്ധമായത് സമര്‍പ്പിക്കണമെന്നും ആത്മീയ ചൂഷണത്തിന് വളംവെക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടിരുന്നു.