ജാമിഅ: നൂരിയ്യ: ഗോള്‍ഡന്‍ ജൂബിലി മഹാസമ്മേളനം ഇന്ന് സമാപിക്കും
ഫൈസാബാദ്: ഏഷ്യയിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തെന്നിന്ത്യയിലെ അത്യുന്നത മതകലാലയം പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യ:യുടെ ഒരു വര്‍ഷം നീണ്ടുനിന്ന ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന് ഇന്ന് സമാപനം. വൈദേശിക വിരുദ്ധ പോരാട്ടത്തിന്റെ തീരാദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടും അറിവിന്റെ പ്രമാണങ്ങളെയും വിശ്വാസാചാരങ്ങളെയും ജീവനുതുല്ല്യം സ്‌നേഹിച്ച മലയാളക്കരയിലെ മുസ്‌ലിം സമൂഹത്തിന്റെ അഭിമാന സ്തംഭമാണ് പട്ടിക്കാട് ജാമിഅ: നൂരിയ്യ: പാരമ്പര്യത്തിന്റെ പൈതൃകം കാക്കാനും സംസ്‌കൃതരായ ഒരു സമുദായത്തെ സജ്ജമാക്കാനും കണ്ണിമവെട്ടാതെ ജാഗരൂകരായ പണ്ഡിത പ്രമുഖരുടെയും സാദാത്തീങ്ങളുടെയും ദീര്‍ഘവീക്ഷണമാണ് ജാമിഅ:യുടെ പിറവിക്കുപിന്നില്‍. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ജീവിത വീഥിയില്‍ വഴിവിളക്ക് തെളിയിക്കുകയും ഊര്‍ജ്ജം പകര്‍ന്ന് നല്‍കുകയും ചെയ്ത സയ്യിദ് കുടുംബങ്ങളുടെയും പണ്ഝിത മഹത്തുക്കളുടെയും സാന്നിധ്യംവും നേതൃത്വവും പിന്നീട് ജാമിഅ:യെ തെന്നിന്ത്യയിലെ അത്യുന്നത മതകലാലയമാക്കിമാറ്റുകയായിരുന്നു.
കേരള മുസ്‌ലമാന്റെ മത,രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ നേതൃത്വം നല്‍കിയ ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, മര്‍ഹൂം ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍, മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുനാ കെ.കെ ഹസ്രത്ത്, കെ.ടി മാനുമുസ്‌ലിയാര്‍, കെ.കെ അബ്ദുള്ള മുസ്‌ലിയാര്‍, കിടങ്ങഴി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.വി.എസ്. മുസ്തഫാ പൂക്കോയ തങ്ങള്‍, റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ നിരവധി പണ്ഡിതന്മാരും സയ്യിദന്മാരും ഹൃദയത്തോട് ചേര്‍ത്ത്പിടിച്ച സ്ഥാപനമാണിത്.
ജാമിഅ: എക്കാലത്തും വിസ്മരിക്കാന്‍ പറ്റാത്ത നാമമാണ് കെ.വി ബാപ്പുഹാജിയുടേത്. തന്റെ സ്വത്ത്മുഴുവന്‍ ജാമിഅ:ക്ക് സംഭാവന ചെയ്താണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം നേടിയ ജാമിഅ: നൂരിയ്യ:യുടെ കീഴില്‍ ഇന്ന് ഒരു എഞ്ചിനീയറിംഗ് കോളേജും അമ്പതിലധികം ജൂനിയര്‍ കോളേജുകളും പ്രവര്‍ത്തിക്കുന്നു. പതിനേഴ് സെഷനുകളിലായി പ്രശസ്ത മത പണ്ഡിതരും അക്കാഡമിക് വിദഗ്ധരും നയിച്ച ക്ലാസുകള്‍ കേരളത്തിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും മുതല്‍ക്കൂട്ടാവും.
ഇന്ന് അണമുറിയാതെ ഒഴുകിയെത്തുന്ന ജനസാഗരത്തെ സാക്ഷിയാക്കി 212 ഫൈസിമാര്‍ പ്രബോധന ഗോദയിലേക്കിറങ്ങും. അത്യുത്തമമായ അറിവിന്റെ വെളിച്ചംകൊളുത്താന്‍ വിജ്ഞാന ഭണ്ഡാരങ്ങളായ ഉസ്താദുമാരില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഏഴാരിത്തോളം മതപ്രബോധന രംഗത്ത് നിറഞ്ഞുനില്‍ക്കുന്നു.
കേരള രാഷ്ട്രീയത്തില്‍ ഏവരും ഉറ്റുനോക്കുന്ന ശബ്ദവും കേരള മുസ്‌ലന്മാന്റെ ആത്മീയാചാര്യനും ജാമിഅ:യുടെ സന്തതിയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സെക്രട്ടറിയും ലോകോത്തര പണ്ഡിത നിരയിലെ കേരള ശബ്ദമായി മാറിയ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രിന്‍സിപ്പളുമായ നേതൃനിരയാണ് ജാമിഅ:യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.




