മുന്‍ സുഊദി മന്ത്രി ഇയാദ് മദനി ഓ.ഐ.സിയുടെ പുതിയ സെക്രട്ടറി
കൈറോ : മുന്‍ സുഊദി മന്ത്രി ഇയാദ് മദനി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍റെ പുതിയ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസങ്ങളിലായി ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ അരങ്ങേറിയ ഉച്ചകോടിയാണ് മദനിയെ പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറി ഇക്മാലുദ്ദീന്‍ ഇഹ്സാന്‍ പദവിയൊഴിയുന്ന മുറക്ക് ഇയാദ് മദനി സ്ഥാനം ഏറ്റെടുക്കും.
സിറിയയിലെ അഭ്യന്തരയുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും സിറിയയിലെ ഭരണകൂടം അതിന് മുന്‍കൈ എടുക്കണമെന്നും ഉച്ചകോടിയുടെ രണ്ടാം ദിനം ആവശ്യപ്പെട്ടു. ഉച്ചകോടിക്കിടെ ഇറാന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ പ്രത്യേകമായി യോഗം ചേര്‍ന്ന് സിറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്തു. ഇതു സംബന്ധിച്ച് ഒരു യോജിച്ച പ്രമേയം ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നതായി, ചര്‍ച്ചക്കുശേഷം ഇറാന്‍ വിദേശകാര്യമന്ത്രി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാന്‍ സിറിയന്‍ ഭരണൂടം തയാറാകണമെന്നും സ്വന്തം താല്‍പര്യം രാജ്യതാല്‍പര്യത്തിനു മുകളില്‍ വരാതെ നോക്കണമെന്നും ഉച്ചകോടിയില്‍ ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മൂര്‍സി ആവശ്യപ്പെട്ടു. അതിനിടെ, തുനീഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് ബെലയ്ദിന്‍റെ കൊലപാതകം ഉച്ചകോടിയില്‍ മ്ലാനത പരത്തി. രാജ്യത്തെ അടിയന്തിരസാഹചര്യം പരിഗണിച്ച് തുനീഷ്യന്‍ പ്രസിഡന്‍റ് കൈറോയിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു.
സിറിയയില്‍ സൈനികപരിഹാരം സാധ്യമല്ലെന്നും ചര്‍ച്ചകളിലൂടെ ഇരുപക്ഷവും രമ്യതയിലെത്തണമെന്നും, അസദ് സര്‍ക്കാറിനെ പിന്തുണക്കുന്ന ഇറാന്‍ പ്രസതാവിച്ചു. ബശ്ശാര്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച സൗദി അറേബ്യ, സിറിയന്‍ ഭരണകൂടം ജനതയോട് കൊടുംക്രൂരതയാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഓ.ഐ.സിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനാല്‍ സിറിയ ഇത്തവണ ഉച്ചകോടയില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം, അംഗരാഷ്ട്രങ്ങളുടെ പിന്തുണതേടി സിറിയയിലെപ്രതിപക്ഷ പാര്‍ട്ടികള്‍ കൈറോയിലെത്തിയിരുന്നു.





