ഈജിപ്തിന് പുതിയ ഗ്രാന്‍റ് മുഫ്തി
വിപ്ലവാനന്തര ഈജിപ്തിന് പുതിയ ഗ്രാന്‍റ് മുഫ്തി. പ്രമുഖ പണ്ഡിതനായ ശൗഖി ഇബ്റാഹീം അബ്ദുല്‍ കരീമാണ് തിങ്കളാഴ്ച പുതുതായി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ വരുന്ന മാര്‍ച്ച് മാസം സ്ഥാനമൊഴിയുന്ന അലി ജുമുഅക്ക് പകരമാണ് പുതിയ മുഫ്തിയെ തെരഞ്ഞെടുത്തിരിക്കുന്നത്. 2003 മുതല്‍ അലി ജുമുഅയാണ് സ്ഥാനമലങ്കരിച്ചു വന്നിരുന്നത്.
കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിച്ചാണ് പുതിയ മുഫ്തിയെ തെരഞ്ഞെടുത്തത് എന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ് ആറ് പതിറ്റാണ്ടുകള്‍ക്കിടെ പ്രസ്തുത പോസ്റ്റിലേക്ക് ജനാധിപത്യപരമായി ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത് ഇതാദ്യമായാണെന്ന് അഹ്റാം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ ഗതിയില്‍, ഭരണത്തിലുള്ളവരുടെ അനുഭാവികളെ സ്ഥാനത്ത് അവരോധിക്കാറായിരുന്നു പതിവെന്നും പത്രം തുടരുന്നു.
ശൈഖുല്‍അസ്ഹര്‍ ഡോ അഹ്മദ് ത്വയ്യിബിന്റെ അധ്യക്ഷതയിലുള്ള 24 അംഗ ഉന്നത പണ്ഡിതസഭയാണ് വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ വോട്ട് ചെയ്ത് ഗ്രാന്റ് മുഫ്തിയെ തെരഞ്ഞെടുത്തത്. അല്‍അസ്ഹറിന്റെ ശരീഅ വിഭാഗത്തില്‍ താരതമ്യ വൈദ്യശാസ്ത്ര വിഭാഗം മേധാവിയാണ് നിലവില്‍ ശൗഖി.
മുസ്ലിം ബ്രദര്‍ഹുഡ് പക്ഷത്തുള്ള ഏതെങ്കിലും പണ്ഡിതന്‍ പ്രസ്തുത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് പൊതുവെ വിശ്വസിച്ചിരുന്ന ഈജിപ്തിലെ ജനങ്ങളെ ശൌഖിയുടെ നോമിനേഷന്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രസിഡണ്ട് മുഹമ്മദ് മൂര്‍സി നിയമനപത്രത്തില്‍ ഉടനെ ഒപ്പുവെക്കുമെന്നാണറിയുന്നത്.





