ലോക മുസ്‌ലിം ഉച്ചകോടിക്ക് കൈറോയില്‍ തുടക്കമായി
കൈറോ: ലോക മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഓ.ഐ.സി) ഉച്ചകോടിക്ക് ഈജിപ്ത് തലസ്ഥാനത്ത് തുടക്കമായി. പ്രദേശത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതിയ അറബു വസന്തത്തിന് ശേഷം ആദ്യമായാണ് കൂട്ടായ്മയുടെ ഉച്ചകോടി നടക്കുന്നത്. പതിനായിരങ്ങള്‍ കൊല്ലപ്പെട്ട സിറിയന്‍ ആഭ്യന്തരയുദ്ധം മുതല്‍ മാലിയിലെ ഏറ്റവും പുതിയ സംഘര്‍ഷം വരെ ഉച്ചകോടിയില്‍ ചര്‍ച്ചക്കെടുക്കുമെന്നാണറിയുന്നത്.
57 അംഗരാഷ്ട്രങ്ങളുള്ള സമിതിയുടെ 12ാമത്ത ഉച്ചകോടിക്ക് ഇതുവരെ 26 രാജ്യത്തലവന്മാര്‍, ഇറാനിലെ അഹ്മദ് നജാദ് അടക്കം, എത്തിച്ചേര്‍ന്നിട്ടുണ്ട്. ഒ.ഐ.സിയിലെ 21 അംഗരാജ്യങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും ദരിദ്രരാണെന്നും ഇവര്‍ക്കുകൂടി ഉപയോഗപ്രദമാക്കാന്‍ അംഗരാഷ്ട്രങ്ങള്‍ തങ്ങളുടെ വിഭവങ്ങളെ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കണമെന്നും ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മൂര്‍സി ആഹ്വാനം ചെയ്തു. ഓ.ഐ.സിയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടാന് സാധ്യതയുള്ള വ്യക്തികളിലൊരാളാണ് മൂര്‍സി
മുസ്‌ലിം ലോകത്തിന്‍റെ ഉന്നമനത്തിനായി കൂടുതല്‍ വിദ്യാഭ്യാസ-ഗവേഷണപ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ഫലസ്തീന്‍ പ്രശ്നം പരിഹരിക്കലാണ് മേഖലയുടെയും ലോകത്തിന്‍റെ തന്നെയും സുസ്ഥിരതക്ക് അടിയന്തിരമായി ചെയ്യേണ്ടത് – മൂര്‍സി വ്യക്തമാക്കി.
2011ല്‍ നടക്കേണ്ടിയിരുന്ന ഓ.ഐ.സി ഉച്ചകോടി അറബ് മേഖലയിലെ വിപ്ലവങ്ങളെ തുടര്‍ന്ന് നീട്ടിവെച്ചിരിക്കുകയായിരുന്നു. 1969 ലെ രൂപീകരണ ശേഷം കോപറേഷന്‍റെ ഉച്ചകോടി കൈറോയില്‍ നടക്കുന്നത് ഇതാദ്യമായാണ്. വ്യാഴാഴ്ചയോടെ ഉച്ചകോടിക്ക് പരിസമാപ്തിയാവും.





