Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഇന്‍കെല്‍ ഗ്രീന്‍ എജ്യൂസിറ്റി പ്രഖ്യാപനവും ഇഫ്‌ളുവിന് സ്ഥലം കൈമാറ്റവും 10 ന്

ഇന്‍കെല്‍ ഗ്രീന്‍ എജ്യൂസിറ്റി പ്രഖ്യാപനവും ഇഫ്‌ളുവിന് സ്ഥലം കൈമാറ്റവും 10 ന്
മലപ്പുറം: പാണക്കാട് ഇന്‍കെലിന്റെ കൈവശമുളള ഭൂമിയില്‍ രണ്ട് പദ്ധതികള്‍ക്ക് 10 ന് തുടക്കം കുറിക്കും. ഇന്‍കെല്‍ കെ.എസ്.ഐ.ഡി.സി പദ്ധതിയായ ഇന്‍കെല്‍ ഗ്രീന്‍ എജ്യൂസിറ്റിയുടെ സമാരംഭ പ്രഖ്യാപനവും ഹൈദരാബാദ് ആസ്ഥാനമായ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാഗ്വേജ് യൂണിവേഴ്‌സിറ്റി(ഇഫ്‌ളു) ഓഫ് കാമ്പസ് സെന്ററിനുളള സ്ഥലം കൈമാറ്റവുമാണ് ഞായറാഴ്ച നടക്കുക.
വൈകീട്ട് നാലിന് കാരാത്തോടുളള ഇന്‍കെല്‍ ഗ്രീന്‍ എജ്യൂസിറ്റി അങ്കണത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. നഗരിയുടെ ആര്‍ക്കിടെക്റ്റ് മാതൃകയും ലേ ഔട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. എജ്യൂക്കേഷന്‍ സോണിന്റെ പ്രഖ്യാപനം കേന്ദ്രമന്ത്രി ഇ.അഹമ്മദ് നിര്‍വഹിക്കും. ഇഫ്‌ളുവിന് കാമ്പസിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 75 ഏക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ മന്ത്രി പി.കെ അബ്ദുറബ്ബ് ഇഫ്‌ളു വൈസ് ചാന്‍സിലര്‍ പ്രൊഫ.സുനൈനാ സിങിന് കൈമാറും. 
എജ്യൂസിറ്റിയുടെ ഭാഗമായുള്ള വ്യവസായ മേഖലയുടെ പ്രഖ്യാപനം മന്ത്രി ആര്യാടന്‍ മുഹമ്മദും വാണിജ്യമേഖലയുടെ പ്രഖ്യാപനം മന്ത്രി എ.പി അനില്‍ കുമാറും റസിഡന്‍ഷ്യല്‍ സോണിന്റെ പ്രഖ്യാപനം മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞും ആരോഗ്യ സോണിന്റെ പ്രഖ്യാപനം മന്ത്രി മഞ്ഞളാംകുഴി അലിയും നിര്‍വഹിക്കും. മറ്റ് ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,വ്യവസായ-ഇന്‍കെല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഇന്‍കെല്‍-കെ.എസ്.ഐ.ഡി.സി പ്രോജക്ട് ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി കാരാത്തോടില്‍ നിന്നും കോണോംപാറയില്‍ നിന്നും വാഹന സൗകര്യവുമേര്‍പ്പെടുത്തും.
ഇന്‍കെല്‍ ഗ്രീന്‍ എജുസിറ്റി കേരള മോഡല്‍ വികസനത്തിന്റെ പുതിയ മാതൃകയാണെന്ന് ഇന്‍കെല്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ നിക്ഷേപം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍നയം. പഠിക്കാനും തൊഴില്‍ നൈപുണ്യം നേടാനുമുള്ള അവസരം എജ്യുസിറ്റി വഴി ലഭിക്കും. വിദ്യഭ്യാസം ലഭിക്കാത്തവര്‍ക്കും തൊഴില്‍ നേടാനാവശ്യമായ കോഴ്‌സുകള്‍ എജ്യുസിറ്റിയില്‍ ഉണ്ടാവും. കടലുണ്ടിപ്പുഴയില്‍ തടയണകള്‍ നിര്‍മിച്ച് കാമ്പസിലേക്കും പരിസര പ്രദേശത്തേക്കും കുടിവെള്ളമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇഫ്‌ളു കാമ്പസിനു പുറമേ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഫിനിഷിങ് സ്‌കൂള്‍, എന്‍ജിനീയറിങ് ഉള്‍പ്പെടെ 11 പ്രധാന പ്രൊജക്ടുകള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി താല്‍പ്പര്യ പത്രിക ക്ഷണിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പത്രികകളുടെ പരിശോധന പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കും. പുറമേ കാന്‍സര്‍ ചികിത്സക്കുളള കേന്ദ്രം കൂടി തുടങ്ങാന്‍ തീരുമാനിക്കുന്നതായും അതിനായി ചാരിറ്റബിള്‍ സൊസൈറ്റി രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ, ഊരകം പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു, ഇന്‍കെല്‍ എക്‌സികൂട്ടീവ് ഡയറക്റ്റര്‍ എന്‍. ശശിധരന്‍, എജ്യുസിറ്റി സ്‌പെഷല്‍ ഓഫീസര്‍ എം.അബ്ദുല്‍ മജീദ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.