യാഥാര്‍ത്ഥ്യമാകുന്നത് മലപ്പുറത്തിന്റെ രണ്ട് സ്വപ്‌ന പദ്ധതി: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഇന്‍കെല്‍ കെ.എസ്.ഐ.ഡി.സി.യുടെ പദ്ധതിയായ ഗ്രീന്‍ എജുസിറ്റിയുടെ സമാരംഭ പ്രഖ്യാപനവും ഹൈദരാബാദ് ആസ്ഥാനമായുള്ള ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് സെന്ററിനുള്ള സ്ഥലകൈമാറ്റവും നാളെ ഇന്‍കെല്‍ ഗ്രീന്‍ എജുസിറ്റിയില്‍ നടക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്‍കെല്‍ ഗ്രീന്‍ എജുസിറ്റി കേരള മോഡല്‍ വികസനത്തിന്റെ പുതിയ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കൂറഞ്ഞ സ്ഥലത്ത് കൂടുതല്‍ നിക്ഷേപം ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ നയം. പഠിക്കാനും തൊഴില്‍ നൈപുണ്യം നേടാനുമുള്ള അവസരം എജുസിറ്റി വഴി ലഭിക്കും. സംസ്ഥാനത്തിന്റെ വികസനത്തിന് ഇത് സഹായകമാവും. വിദ്യഭ്യാസം ലഭിക്കാത്തവര്‍ക്കും തൊഴില്‍ നേടാനവശ്യമായ കോഴ്‌സുകള്‍ എജുസിറ്റിയില്‍ ഉണ്ടാവും. കടലുണ്ടിപ്പുഴയില്‍ തടയണകള്‍ നിര്‍മിച്ച് കാംപിസിലേക്കും പരിസര പ്രദേശത്തേക്കും കുടിവെള്ളമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ രണ്ടു സ്വപ്‌ന പദ്ധതികളാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. യുവ നിക്ഷേപകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. ജില്ലയുടെ വിദ്യാഭ്യാസ, വ്യവസായ മുന്നേറ്റത്തിന് ഇത് ആക്കം കൂട്ടം. ഭാവി തലമുറയെ ലക്ഷ്യമിട്ടാണ് ഈ സംരംഭം. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ നിക്ഷേപം എന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ട് വിവിധ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വൈകുന്നേരം നാല് മണിക്ക് കാരാത്തോടുള്ള ഇന്‍കെല്‍ ഗ്രീന്‍ എജുസിറ്റിയിലാണ് ചടങ്ങ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. നഗരിയുടെ ആര്‍ക്കിടെക്റ്റ് മാതൃകയും ലേ ഔട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. വ്യവസായ ഐ.ടി. വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. എജുക്കേഷന്‍ സോണിന്റെ സമാരംഭം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പ്രഖ്യാപിക്കും. ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് സ്ഥാപിക്കുന്നതിനായി കേരള സര്‍ക്കാര്‍ നല്‍കുന്ന 75 ഏക്കര്‍ ഭൂമിയുടെ കൈമാറ്റം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നടത്തും.




