ഹജ്ജ് അപേക്ഷ സ്വീകരിക്കല്‍ ശനിയാഴ്ച വരെ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി ശനിയാഴ്ച അവസാനിക്കും.
ഇതിനകം 41,000 അപേക്ഷകള്‍ സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗമായ റിസര്‍വ് കാറ്റഗറി എ. യില്‍ 1914 പേര്‍ അപേക്ഷ നല്‍കി. തുടര്‍ച്ചയായി നാലുവര്‍ഷം അപേക്ഷിച്ചവരുടെ റിസര്‍വ് കാറ്റഗറി ബി. വിഭാഗത്തില്‍ 4779 പേരുണ്ട്.
ശനിയാഴ്ച എല്ലാതരം അപേക്ഷകളും ഹജ്ജ് ഹൗസില്‍ നേരിട്ട് സ്വീകരിക്കും. തിരുത്താന്‍ സമയമില്ലാത്തതിനാല്‍ തെറ്റുകുറ്റങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിവേണം അപേക്ഷനല്‍കാന്‍.
കേരളത്തില്‍ നിന്ന് ഇത്തവണ 45,000-ത്തോളം അപേക്ഷകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 49000-ത്തിലേറെ അപേക്ഷകളുണ്ടായിരുന്നു. ഗുജറാത്തിലൊഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം അപേക്ഷകരുടെ എണ്ണം കുറവാണ്. ബംഗാളില്‍ 7000-ത്തോളം അപേക്ഷകളാണ് എത്തിയത്. ഇവിടെ 18000-മാണ് ഹജ്ജ് ക്വാട്ട. ക്വാട്ടയുടെ എണ്ണം അനുസരിച്ച് അപേക്ഷകളില്ലാത്തത് കേരളത്തിന് നേട്ടമാകും. സംസ്ഥാനത്തിന് ഇത്തവണ 9000 സീറ്റുകള്‍ ആദ്യഘട്ടത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷ.
ഏപ്രില്‍ അവസാനവാരം ഹജ്ജ് നറുക്കെടുപ്പ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചത്. അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി ഒരു തവണ ദീര്‍ഘിപ്പിച്ചതിനാല്‍ നറുക്കെടുപ്പ് നീളാന്‍ സാധ്യതയുണ്ട്.




