Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

‘ഫിത്ന’യില്‍ പശ്ചാത്തപിച്ച് ആര്‍നോഡ് വാന്‍ഡൂണ്‍ ഇസ്‌ലാമിലേക്ക്

‘ഫിത്ന’യില്‍ പശ്ചാത്തപിച്ച് ആര്‍നോഡ് വാന്‍ഡൂണ്‍ ഇസ്‌ലാമിലേക്ക് 
പ്രവാചകരെയും ഇസ്‌ലാമിനെയും അപകീര്‍ത്തിപ്പെടുത്താനായി ഇറക്കിയ ഫിത്ന എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഹോളണ്ടിലെ പ്രമുഖ വലതുപക്ഷ വിഭാഗമായ ഫ്രീഡം പാര്‍ട്ടിയുടെ മുന്‍നേതാവ് ആര്‍നോഡ് വാന്‍ഡൂണ്‍ ഇസ്‌ലാം സ്വീകരിച്ചു.
വിമര്‍ശിക്കാനായി ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുവാനാരംഭിച്ച ആര്‍നോഡ്, ഫിത്നക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ അല്‍ഭുതപ്പെടുകയും തുടര്‍ന്ന് പ്രവാചക ചരിത്രം സത്യസന്ധമായി പഠിച്ചതിലൂടെ സത്യം മനസിലാക്കുകയുമായിരുന്നു. തുടര്‍ന്ന് ഇസ്‌ലാം സ്വീകരിച്ച അദ്ദേഹം ശനിയാഴ്ച മദീനയിലെത്തി റൌദാ ശരീഫ് സന്ദര്‍ശിച്ചു. ഞായറാഴ്ച മക്കയിലെത്തിയ ആര്‍നോഡ് തന്‍റെ ആദ്യ ഉംറ കര്‍മവും നിര്‍വഹിച്ചു.
കഴിഞ്ഞ മാസാദ്യം തന്നെ ആര്‍നോഡ് ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടത്രെ. ഖുര്‍ആന്‍ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തില്‍ വിശദീകരിക്കുന്ന ഫിത്ന എന്ന സിനിമ, 2008 ല്‍ റിലീസ് ചെയ്തതോടെ വിവാദമായതിനെ തുടര്‍ന്നാണ് ഇസ്‌ലാമിക ചരിത്രം കൂടുതല്‍ ശ്രദ്ധയോടെ പഠിക്കാന്‍ തുടങ്ങിയതെന്നും ആര്‍നോഡ് പറയുന്നു
പലര്‍ക്കും ഇത് വിശ്വസിക്കാനാവില്ലെന്ന് എനിക്കറിയാം, ഇത് ഞാന്‍ എടുത്ത വലിയൊരു തീരുമാനമാണ്, ഏറെ പഠനങ്ങള്‍ക്കും മനനങ്ങള്‍ക്കും ശേഷമാണ് ഞാന്‍ ഈ തീരുമാനത്തിലെത്തിയത്, അദ്ദേഹം അല്‍ജസീറ ചാനലിനോട് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഡൂണ്‍ ഈ വിവരം ആദ്യമായി പുറത്തുവിട്ടത്. പലരും ഇതിനോട് പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറയുന്നു.
മക്കയിലെത്തിയ ആര്‍നോഡിന് ഹറം കാര്യദര്‍ശി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് വിശുദ്ധ ഖുര്‍ആന്‍റെ ഒരു കോപ്പി സമ്മാനിച്ചു. ഇപ്പോള്‍ ഒരു സ്വപ്നം സാക്ഷാത്കരിച്ച പോലെ തോന്നുന്നു, പ്രവാചകരുടെ സമീപം വന്ന് മാപ്പ് പറയാന്‍ കഴിഞ്ഞതോടെ വലിയൊരു തെറ്റില്‍നിന്ന് മുക്തമായ പോലെ തോന്നുന്നു, കണ്ണീരോടെ ആര്‍നോഡ് പറഞ്ഞു.
ഇനിയുള്ള തന്‍റെ ജീവിതം ഇസ്‌ലാമിന്‍റെയും പ്രവാചകന്‍റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നീക്കിവെക്കുമെന്നും അതിനായി പുതിയ ഫിലിം നിര്‍മ്മിക്കാന്‍ ആലോചിച്ചുവരികയാണെന്നും ആര്‍നോഡ് വ്യക്തമാക്കി.