മ്യാന്മര്‍: നടപടി ആവശ്യപ്പെട്ട് അസ്ഹര്‍ സര്‍വകലാശാല രംഗത്ത്
മ്യാന്മറില്‍ ബുദ്ധമതക്കാരുടെ വംശീയ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്ന മുസ്‌ലിംകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി) അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ അടിയന്തര ഉച്ചകോടി വിളിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ ആരായാനുമാണ് അല്‍അസ്ഹര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തദ്വിഷയകമായി അല്‍അസ്ഹര്‍ ആഗോള മുസ്‌ലിംകള്‍ക്ക് കത്തും അയച്ചിട്ടുണ്ട്. മ്യാന്മറില്‍ കഷ്ടപ്പെടുന്ന മുസ്‌ലിം വിശ്വാസികള്‍ക്ക് മരുന്ന്, ഭക്ഷണം തുടങ്ങിയവ എത്തിക്കാനും അടിയന്തര ജീവിതാവശ്യങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കത്ത് ആവശ്യപ്പെടുന്നു. ഇസ്‌ലാമിക സഹകരണസംഘങ്ങളും സംഘടനകളുമെല്ലാം കക്ഷിഭേദങ്ങളില്ലാതെ ഇക്കാര്യത്തില്‍ ഒന്നിക്കണമെന്നും കത്ത് ആഹ്വാനം ചെയ്യുന്നു.
കാലങ്ങളായി അക്രമിക്കപ്പട്ടു കൊണ്ടിരിക്കുന്ന പ്രദേശത്തെ മുസ്‌ലിംകളുടെ ഭാവിയെ കുറിച്ചും മുസ്‌ലിം ലോകം ഇപ്പോള്‍ തന്നെ ആലോചിക്കണമെന്നും സാമ്പത്തികമായി അവരെ പര്യപ്തരാക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും യൂനിവേഴ്സിറ്റി ആവശ്യപ്പെടുന്നു.
രാജ്യത്തെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് മ്യാന്‍മര്‍ പ്രസിഡണ്ടിനും പ്രത്യേക കത്ത് അയച്ചിട്ടുണ്ട്. പീഡനത്തിനിരയായവരെ പുനരധിവസിക്കുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് രാജ്യത്ത് സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മ്യാന്‍മര്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കുന്ന കത്ത്, മുസ്‌ലിം തെരഞ്ഞു പിടിച്ചുള്ള ആക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ ലോകത്ത് ഒരു മതവും സംസ്‌കാരവും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും കത്ത് ഓര്‍മിപ്പിക്കുന്നു.





